20 വര്‍ഷത്തിനിടെ കുട്ടികളെയും മുതിര്‍ന്നവരെയും  പീഡിപ്പിച്ച പാസ്റ്റര്‍ കുറ്റക്കാരന്‍

ലണ്ടന്‍- കുട്ടികളെയും, മുതിര്‍ന്നവരെയും 20 വര്‍ഷക്കാലം പീഡിപ്പിച്ച ബര്‍മിംഗ്ഹാമിലെ പാസ്റ്റര്‍ കുറ്റക്കാരന്‍. നൈജീരിയയില്‍ നിന്നുള്ള സ്വയം പ്രഖ്യാപിത പ്രവചനക്കാരനായ 60 വയസുള്ള മൈക്കിള്‍ ഒലുറോന്‍ബിയാണ് ആറ് സ്ത്രീകള്‍ക്കും, പുരുഷനും എതിരായ ലൈംഗിക പീഡനങ്ങളില്‍ കുറ്റവാളിയായി കണ്ടെത്തിയത്. ഇരകളില്‍ അഞ്ച് പേരും ഇയാളുടെ പള്ളിയില്‍ എത്തിയവരായിരുന്നു. ബര്‍മിംഗ്ഹാം ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയിലാണ് ഇയാളെ കുറ്റക്കാരനായി വിധിച്ചത്. കഴിഞ്ഞ വര്‍ഷം ഇരകളില്‍ ഒരാളുടെ കുടുംബം ഒലുറോന്‍ബിയുടെ കുറ്റസമ്മതം രഹസ്യമായി ചിത്രീകരിച്ചതോടെയാണ് സംഭവങ്ങള്‍ പുറത്തുവന്നത്. പിശാചാണ് തന്നെക്കൊണ്ട് ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യിക്കുന്നതെന്നും, സ്വയം മൃഗമെന്നുമാണ് ഇയാള്‍ വിശേഷിപ്പിച്ചത്. 'സ്പിരിച്വല്‍ ബാത്തിംഗില്‍' പങ്കെടുക്കണമെന്ന് പറഞ്ഞാണ് ഇയാള്‍ ഇരകള്‍ക്ക് നേരെ അതിക്രമം നടത്തിയത്. ഇയാള്‍ പീഡിപ്പിച്ച ഏഴ് പേരില്‍ ആറു പേരും അതിക്രമസമയത്ത് ചെറിയ പ്രായമുള്ള പെണ്‍കുട്ടികളായിരുന്നു.  പാസ്റ്ററുടെ പീഡനത്തിന് ഇരയായ ചെറുപ്പക്കാരികളില്‍ പലവട്ടം ഗര്‍ഭം ധരിച്ചു. ഇവരെ യോഗ്യതയുള്ള ഫാര്‍മസിസ്റ്റായ ഒലുറോന്‍ബി ക്ലിനിക്കുകളില്‍ എത്തിച്ച് അബോര്‍ഷന്‍ നടത്തിക്കുകയായിരുന്നു. ഭാര്യ ജൂലിയാനയാണ് ഇതിന് ആവശ്യമായ സഹായങ്ങള്‍ ചെയ്തുനല്‍കിയത്. ഇവരെയും കുറ്റക്കാരിയായി വിധിച്ചിട്ടുണ്ട്. ബര്‍മിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണ്‍ ക്രിസ്ത്യന്‍ ചര്‍ച്ചുമായി ബന്ധപ്പെട്ടിരുന്ന പാസ്റ്റര്‍ സ്വന്തമായി ഒരു സ്പ്ലിന്റര്‍ ഗ്രൂപ്പ് ആരംഭിക്കുകയായിരുന്നു. ഇവിടെയാണ് സ്പിരിച്വല്‍ ബാത്തിംഗ് പരിപാടി അരങ്ങേറിയത്. തന്റെ പദവി ദുരുപയോഗം ചെയ്ത് ആണ് കോണ്‍ഗ്രഗേഷനിലെ കുട്ടികളെയും, മുതിര്‍ന്നവരെയും ഇയാള്‍ വരുതിയിലാക്കി നിര്‍ത്തിയത്.

Latest News