Sorry, you need to enable JavaScript to visit this website.

കേരളത്തിൽ ഡിജിറ്റൽ സർവകലാശാല സ്ഥാപിക്കും, ഓർഡനൻസ് ഇറക്കും

തിരുവനന്തപുരം- കേരളത്തിൽ ദി കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നവേഷൻ ആന്റ് ടെക്‌നോളജി എന്ന പേരിൽ സംസ്ഥാനത്ത് പുതിയ ഡിജിറ്റൽ സർവകലാശാല സ്ഥാപിക്കും. തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻറ് മാനേജ്‌മെൻറ്  കേരളയെ (ഐ.ഐ.ഐ.ടി.എം.കെ) ഡിജിറ്റൽ സർവ്വകലാശാലയായി ഉയർത്താൻ മന്ത്രിസഭ തീരുമാനിച്ചു. ഇതിനുവേണ്ടി ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യും. 
ഡിജിറ്റൽ രംഗത്തെ പുതിയ സാങ്കേതിക വിദ്യകളായ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഡാറ്റാ അനലിറ്റിക്‌സ്, ബ്ലോക്ക് ചെയിൻ, കോഗ് നിറ്റീവ് സയൻസ്, ഇൻറർനെറ്റ് ഓഫ് തിംഗ്‌സ്, ഓഗ് മെൻഡഡ് റിയാലിറ്റി തുടങ്ങിയ മേഖലകൾക്ക് ഡിജിറ്റൽ സർവ്വകലാശാല ഊന്നൽ നൽകും. സ്‌കൂൾ ഓഫ് കമ്പ്യൂട്ടിംഗ്, സ്‌കൂൾ ഓഫ് ഇലക്ട്രോണിക്‌സ് ഡിസൈൻ ആൻറ് ഓട്ടോമേഷൻ, സ്‌കൂൾ ഓഫ് ഇൻഫർമാറ്റിക്‌സ്, സ്‌കൂൾ ഓഫ് ഡിജിറ്റൽ ബയോ സയൻസ്, സ്‌കൂൾ ഓഫ് ഡിജിറ്റൽ ഹ്യൂമാനിറ്റീസ് എന്നിങ്ങനെ സർവ്വകലാശാലയ്ക്കു കീഴിൽ അഞ്ച് സ്‌കൂളുകൾ സ്ഥാപിക്കും. 
ഡിജിറ്റൽ സാങ്കേതികവിദ്യാ മേഖലകളുടെ ഗവേഷണത്തിലും ബിരുദാന്തര ബിരുദ വിദ്യാഭ്യാസത്തിലുമായിരിക്കും നിർദിഷ്ട സർവ്വകലാശാല ശ്രദ്ധ കേന്ദ്രീകരിക്കുക. നിലവിൽ ഗവേഷണ കേന്ദ്രങ്ങളില്ലാത്ത കേരള സാങ്കേതിക സർവ്വകലാശാലയുടെ പ്രവർത്തനങ്ങൾക്ക് പുതിയ സർവ്വകലാശാല മുതൽക്കൂട്ടായിരിക്കും.
കൊച്ചി-ബാംഗ്ലൂർ വ്യവസായ ഇടനാഴി കോയമ്പത്തൂർ വഴി കൊച്ചിയിലേക്ക് നീട്ടുന്നതിൻറെ ഭാഗമായി പാലക്കാട് സ്ഥാപിക്കുന്ന ഏകീകൃത ഉൽപാദന ക്ലസ്റ്ററിൻറെ വികസനത്തിന് 1351 ഏക്കർ ഭൂമി ഏറ്റെടുക്കാനും തീരുമാനിച്ചു. കിഫ്ബി സഹായത്തോടെയാണ് ഭൂമി ഏറ്റെടുക്കുക. 1038 കോടി രൂപയാണ് ചെലവ്.വ്യവസായ ഇടനാഴി കൊച്ചിയിലേക്ക് നീട്ടുന്നതിനുള്ള കേരളത്തിന്റെ അപേക്ഷ നാഷണൽ ഇൻറസ്ട്രീയൽ കോറിഡോർ ഡവലപ്പ്‌മെൻറ് ഇംപ്ലിമെൻറേഷൻ ട്രസ്റ്റ് അംഗീകരിച്ചിട്ടുണ്ട്. 160 കിലോമീറ്ററാണ് ഇടനാഴിയുടെ നീളം. പരിസ്ഥിതിക്ക് അനുയോജ്യമായ വ്യവസായങ്ങൾ സ്ഥാപിച്ച് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പുതുശ്ശേരി, ഒഴലപ്പതി ഭാഗങ്ങളിലാണ് ഭൂമി ഏറ്റെടുക്കുന്നത്.
 

Latest News