കൂടത്തായ് കേസില്‍ പോലീസ് വന്‍ സുരക്ഷാ വീഴ്ച; രഹസ്യമൊഴി നല്‍കിയ സാക്ഷിയോട് സംസാരിച്ച് ജോളി

കോഴിക്കോട്- താമരശേരി കൂടത്തായ് സയനൈഡ് കൊലപാതക പരമ്പര കേസില്‍ പോലീസിന് വന്‍സുരക്ഷാ വീഴ്ച. പ്രതി ക്ക് എതിരെ രഹസ്യമൊഴി നല്‍കിയ സാക്ഷിയോട് കോടതിയ്ക്ക് അകത്ത് നിന്ന് ജോളി സംസാരിച്ചു. ചിത്രസഹിതമാണ് ഇക്കാര്യം പുറത്തുവന്നിരിക്കുന്നത്. കൊലപാതകകേസിലെ പ്രധാനപ്രതി ജോളി കൊല്ലപ്പെട്ട ടോംതോമസിന്റെ ബന്ധുവും പ്രമുഖ സാക്ഷികളില്‍ ഒരാളുമായ പിഎച്ച് ജോസഫ് ഹില്ലാരിയോസിനോടാണ് സംസാരിച്ചത്. പോലീസിന്റെ സാന്നിധ്യത്തില്‍ ഈ റിമാന്റ് പ്രതി സംസാരിക്കുന്നതാണ് പുറത്തുവന്നിരിക്കുന്നത്.

ജില്ലാ ജയിലില്‍ നിന്ന് താമരശേരി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിച്ചപ്പോഴാണ് സംഭവം. സിറ്റി പോലീസ് സ്‌റ്റേഷനിലെ പോലീസുകാരാണ് പ്രതിക്ക് അകമ്പടി പോയത്. ഇവരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്നാണ് നിരീക്ഷണം. സിലി വധക്കേസില്‍ റിമാന്റ് കാലാവധി ദീര്‍ഘിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജോളിയെ കോടതിയിലെത്തിച്ചത്. ഇതിനിടെ ഇവരുടെ കേസ് ആളൂര്‍ ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങളുമുണ്ട്. മുന്‍ഭര്‍ത്താവിനെയും അമ്മായിയമ്മയെയും ഭര്‍തൃപിതാവിനെയും രണ്ട് ബന്ധുക്കളെയും സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്നാണ് ജോളിയ്ക്ക് എതിരെയുള്ള ആരോപണം.
 

Latest News