ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; സീറ്റ് ചര്‍ച്ചകള്‍ തുടങ്ങി കോണ്‍ഗ്രസും ആര്‍ജെഡിയും 

ന്യൂദല്‍ഹി- ദല്‍ഹി അസ്ലംബി തെരഞ്ഞെടുപ്പില്‍ ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍ കോണ്‍ഗ്രസ് സഖ്യത്തിന് ശ്രമം തുടങ്ങി. നിയമസഭാ മണ്ഡലങ്ങളില്‍ സഖ്യം ചേര്‍ന്ന് മത്സരിക്കാനാണ് നീക്കം. ഇതിനായി ദല്‍ഹിയിലെ പാര്‍ട്ടിയുടെ ചുമതലക്കാരന്‍  മനോജ് ത്സാ ,ജനറല്‍ സെക്രട്ടറി ഖമര്‍ ആലം എന്നിവര്‍ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് അറിയിച്ചു. സീറ്റ് വീതം വെപ്പില്‍ ധാരണയുണ്ടാക്കാനാണ് ചര്‍ച്ചകളെന്നും അദേഹം വ്യക്തമാക്കി.

രണ്ട് പാര്‍ട്ടികളും തമ്മില്‍ കേന്ദ്രതലത്തിലും സഖ്യമുണ്ട്. ബിഹാറില്‍ നിന്നുള്ളവര്‍ക്ക് ഭൂരിപക്ഷമുള്ള പൂര്‍വാഞ്ചല്‍ മേഖലയില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥിയെ ഇറക്കാനാണ് നേതാക്കളുടെ ശ്രമം.അഞ്ച് സീറ്റുകള്‍ക്കായാണ് ആര്‍ജെഡി ആവശ്യമുന്നയിച്ചിരിക്കുന്നത്. എന്നാല്‍ മൂന്ന് സീറ്റെന്ന ധാരണയാണ് കോണ്‍ഗ്രസ് മുമ്പോട്ട് വെച്ചിരിക്കുന്നത്. 2009ല്‍ ആര്‍ജെഡി നേതാവ് ആസിഫ് മുഹമ്മദ്ഖാന്‍ ഓഖ്‌ലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അദേഹം പിന്നീട് കോണ്‍ഗ്രസിലേക്ക് കൂടുമാറിയിരുന്നു.
 

Latest News