ദുബായ് മഴക്കെടുതിയില്‍ മൂന്ന് മരണം, ഒരാളെ കാണാതായി

ദുബായ്- ദുബായില്‍ മഴക്കെടുതികളില്‍ മൂന്ന് മരണം. ഒരു ഒരു ഏഷ്യക്കാരനെ ഒഴുക്കില്‍പ്പെട്ട് കാണാതാകുകയും ചെയ്തു. വ്യത്യസ്ത വാഹനാപകടങ്ങളില്‍ 2 സ്വദേശി യുവാക്കളും റാസല്‍ഖൈമയില്‍ മതിലിടിഞ്ഞു വീണ് ആഫ്രിക്കന്‍ വനിതയുമാണ് മരിച്ചത്. റോഡിലെ വെള്ളക്കെട്ടില്‍ തെന്നി നിയന്ത്രണം വിട്ടായിരുന്നു വാഹനാപകടങ്ങള്‍. റാസല്‍ഖൈമ ഷാം വാദിയിലാണ് ഏഷ്യന്‍ തൊഴിലാളിയെ കാണാതായത്. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
പെരുമഴക്കു ശേഷം അന്തരീക്ഷം തെളിഞ്ഞെങ്കിലും പലയിടങ്ങളിലും വെള്ളക്കെട്ട് മാറിയില്ല. റോഡുകളിലെ വെള്ളക്കെട്ട് പൂര്‍ണമായി നീക്കിയെങ്കിലും താഴ്ന്നമേഖലകളില്‍ വെള്ളവും ചെളിയും കെട്ടിക്കിടക്കുകയാണ്. മുനിസിപ്പാലിറ്റി ജീവനക്കാര്‍ ശുചീകരണ ജോലികള്‍ തുടരുന്നു.
ബുധന്‍ രാവിലെ വരെ സാമാന്യം ശക്തമായ മഴക്കു സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. കാറ്റ് ശക്തമാകും.
വെള്ളത്തില്‍ മുങ്ങിയ വാഹനങ്ങളില്‍നിന്നു ദുബായ് പോലീസ് ഒരു ഏഷ്യക്കാരനെയും സ്വദേശി വനിതയെയും രക്ഷപ്പെടുത്തി. ദുബായ് ഇന്റര്‍നാഷനല്‍ സിറ്റിയില്‍ ചൈന, ഇംഗ്ലണ്ട് ക്ലസ്റ്ററുകളിലെ താമസക്കാര്‍ക്ക് മഴയെതുടര്‍ന്ന് രണ്ട് ദിവസത്തിലേറെയായി പുറത്തിറങ്ങാനായില്ല.
റാസല്‍ഖൈമ അല്‍ സുഹാദ, ജബല്‍ ജൈസ്, അല്‍ ഖരന്‍ പാലം എന്നിവിടങ്ങളില്‍ ഗതാഗതം പുനരാരംഭിച്ചിട്ടില്ല.

 

Latest News