Sorry, you need to enable JavaScript to visit this website.

സഞ്ചാരികളുടെ പറുദീസ

ലോകത്തിലങ്ങോളമിങ്ങോളമുള്ള സഞ്ചാരികൾ അരക്കിട്ടുറപ്പിച്ചതാണ് വിനോദ സഞ്ചാര ഭൂപടത്തിലെ കേരളത്തിന്റെ പ്രമുഖ സ്ഥാനം... അതിൽ കെ.എസ്.ആർ.ടി.സിക്ക് എന്താണ് പങ്ക് എന്നല്ലേ സംശയം... കേരളത്തിലെ ഏകദേശമുള്ള എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തുന്നുണ്ട്. ചുരുങ്ങിയ ചെലവിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കെത്തുവാൻ സഹായിക്കുന്ന കെ.എസ്.ആർ.ടി.സി ബസ് സർവീസുകളുടെ വിവരങ്ങൾ നിങ്ങൾക്ക് നൽകാം. 
വരുന്ന ദിവസങ്ങളിൽ കേരളത്തിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രത്യേകതകളും അവിടേക്ക് ലഭ്യമായ കെ.എസ്.ആർ.ടി.സി ബസുകളുടെ വിവരങ്ങളും ഞങ്ങൾ 'ദി ഗ്രേറ്റ് ആനവണ്ടി എക്‌സ്‌പെഡീഷൻ' പരമ്പരകളിലുടെ നിങ്ങൾക്ക് കൈമാറാം.
ആദ്യമായി ഞങ്ങൾ നിങ്ങളിലേക്കെത്തിക്കുന്നത് കേരളത്തിൽ ഏറ്റവും അധികം വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന കടൽതീരമായ തിരുവനന്തപുരം ജില്ലയിലെ കോവളം ബീച്ചിനെ പറ്റിയാണ്. തിരുവനന്തപുരം നഗരത്തിൽ നിന്നും ഏകദേശം 15 കിലോമീറ്റർ ദൂരെയാണ് കോവളം ബീച്ച് സ്ഥിതി ചെയ്യുന്നത്.. ലൈറ്റ് ഹൗസ് ബീച്ച്, ഹവ്വ ബീച്ച്, സമുദ്ര ബീച്ച് എന്നിങ്ങനെ മൂന്ന് പ്രധാന ബീച്ചുകളാണ് കോവളത്തുള്ളത്...എല്ലാ ബീച്ചുകളും കടലിൽ അപകട രഹിതമായും ആപൽരഹിതമായും നീന്തിത്തുടിക്കാൻ കഴിയുന്ന ബീച്ചുകളാണ്. നവംബർ മുതൽ ഫെബ്രുവരി വരെയാണ് ബീച്ചുകൾ സന്ദർശിക്കാൻ പറ്റിയ സമയം. 
തിരുവനന്തപുരം ബസ് സ്‌റ്റേഷനിൽ നിന്നും റെയിൽവേ സ്‌റ്റേഷനിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെയാണ് കിഴക്കേ കോട്ട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്. ലോകത്തിലെ ഏറ്റവും സമ്പത്തുള്ള ക്ഷേത്രമായ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മുൻഭാഗത്തായാണ് കിഴക്കേകോട്ട കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നത്. നഗരത്തിലെ വിവിധ പ്രദേശങ്ങളിലേക്കുള്ള ബസുകൾ പുറപ്പെടുന്നത് ഈ സ്റ്റാൻഡിൽ നിന്നാണ്. 
കിഴക്കേകോട്ട ബസ് സ്റ്റാൻഡിലേക്കെത്താൻ തിരുവനന്തപുരം ബസ് സ്‌റ്റേഷന്റെയും റെയിൽവേ സ്‌റ്റേഷന്റെയും മുൻഭാഗത്ത് നിന്നു തന്നെ ബസ് ലഭിക്കും. കിഴക്കേകോട്ടയിലെത്തിയാൽ രാവിലെ 05.45 മുതൽ കോവളത്തേക്കുള്ള ബസുകൾ ലഭ്യമാകും. തിരികെ കടൽതീരത്തിന്റെ ഭംഗി ആവോളം നുകർന്ന് അസ്തമയം കണ്ടുവന്നാലും തിരികെ കിഴക്കേകോട്ടയിലേക്ക് ബസ് സർവീസ് ലഭ്യമാകും. രാത്രി 09.30 വരെ എല്ലാ 15 മിനിട്ടിലും കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ ലഭ്യമാണ്. കോവളത്തേക്ക് ലോ ഫ്‌ളോർ എ.സി ബസുകളും ലഭ്യമാണ്. കെ.എസ്.ആർ.ടി.സി ബസുകൾ മാത്രമാണ് കോവളത്തേക്ക് സർവീസ് നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്കായി കെ.എസ്.ആർ.ടി.സി കൺട്രോൾ റൂമിലോ (0471  2463799) സിറ്റി യൂനിറ്റുമായോ (0471  2461013) ബന്ധപ്പെടാവുന്നതാണ്.


 

Latest News