Sorry, you need to enable JavaScript to visit this website.

ഉന്നാവ് പെൺകുട്ടിയുടെ പിതാവിനെ ചികിത്സിച്ച  ഡോക്ടർ ദുരൂഹസഹചര്യത്തിൽ മരിച്ചു

ലഖ്‌നൗ- ഉന്നാവ് ബലാത്സംഗ കേസിലെ പരാതിക്കാരിയായ പെൺകുട്ടിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടർ പ്രശാന്ത് ഉപാധ്യായ ദുരൂഹസഹചര്യത്തിൽ മരിച്ചു. ക്രൂരമർദനമേറ്റുള്ള പിതാവിന്റെ മരണം സംബന്ധിച്ച കേസിന്റെ വിചാരണ ഇന്ന് തുടങ്ങാനിരിക്കെയാണ് ഡോക്ടറുടെ ദുരൂഹ മരണം. ഡോക്ടർക്ക് ഇന്നലെ രാവിലെ ശ്വാസതടസ്സം അനുഭവപ്പെട്ടുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ആശുപത്രിയിൽ പോകാൻ അദ്ദേഹം ആദ്യം വിസമ്മതിച്ചു. പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചെന്ന് ബന്ധുക്കൾ പറയുന്നു.
2018 ഏപ്രിലിൽ ആണ് ഡോക്ടർ പ്രശാന്ത് ഉപാധ്യായ പെൺകുട്ടിയുടെ പിതാവിനെ ചികിത്സിച്ചത്. ജില്ലാ ആശുപത്രിയിലെ എമർജൻസി വാർഡിന്റെ ചുമതലയായിരുന്നു ഡോക്ടർക്ക്. പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ച ശേഷമാണ് പിതാവ് പോലീസ് കസ്റ്റഡിയിൽ മരിച്ചത്. കസ്റ്റഡി മരണം സംബന്ധിച്ച സി.ബി.ഐ അന്വേഷണത്തിനിടെ ഡോക്ടറെ സസ്‌പെന്റ് ചെയ്തിരുന്നു. സസ്‌പെൻഷൻ പിൻവലിച്ചതോടെ അദ്ദേഹം ഫത്തേപൂരിലെ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു.
നേരത്തെ ബലാത്സംഗ കേസിൽ മുൻ ബി.ജെ.പി നേതാവും എം.എൽ.എയുമായിരുന്ന കുൽദീപ് സിംഗ് സെൻഗാറിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. സെൻഗാറിന്റെ സഹോദരൻ അതുൽ സെൻഗാർ പെൺകുട്ടിയുടെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ജയിലിലാണ്.
എം.എൽ.എയുടെ സഹോദരനും ഗുണ്ടകളും ചേർന്ന് പെൺകുട്ടിയുടെ പിതാവിനെ അതിക്രൂരമായി മർദിക്കുന്നത് കണ്ടെന്ന് മൊഴി നൽകിയ യൂനസ് എന്നയാൾ 2019 ഓഗസ്റ്റിൽ മരിച്ചിരുന്നു. 
റായ്ബറേലിയിൽ പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച കാറിൽ ട്രക്ക് ഇടിച്ച് പെൺകുട്ടിയുടെ രണ്ട് ബന്ധുക്കൾ മരിച്ചു. പെൺകുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. പിന്നീട് സുപ്രീം കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് കേസും വിചാരണയും നടന്നത്.
 

Latest News