Sorry, you need to enable JavaScript to visit this website.

കശ്മീരിൽ പിടിയിലായ പോലീസ് മേധാവി ഭീകരരെ സംരക്ഷിച്ചത് സ്വന്തം വീട്ടിൽ

ന്യൂദൽഹി- ഹിസ്ബുൾ മുജാഹിദീൻ ഭീകരർക്കൊപ്പം പിടിയിലായ കശ്മീരിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ഭീകരർക്ക് ആവശ്യമായ മുഴുവൻ സഹായങ്ങളും നൽകിയിരുന്നതായി കണ്ടെത്തൽ. കനത്ത സുരക്ഷയുള്ള തന്റെ വീട്ടിലാണ് ഇയാൾ കുൽഗാം ജില്ലയിലെ വാൻപോയിൽ സ്വദേശിയും ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദിയുമായ നവീദ് ബാബു, മുൻ സ്‌പെഷ്യൽ പോലീസ് ഓഫീസറും തീവ്രവാദിയുമായ അൽത്താഫ് എന്നിവർക്ക് അഭയം നൽകിയത്. വെള്ളിയാഴ്ച വൈകിട്ട് വീട്ടിലെത്തിയ ഇവർ ശനിയാഴ്ച രാവിലെയാണ് ദൽഹിയിലേക്കുള്ള യാത്രയ്ക്കിടെ പിടിയിലായത്. ദാവീന്ദർ സിംഗിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽനിന്നാണ് ഇക്കാര്യം വ്യക്തമായതെന്നും അന്വേഷണോദ്യോഗസ്ഥർ പറയുന്നു. ഇവിടെനിന്ന് എ.കെ 47 തോക്കും രണ്ടു പിസ്റ്റളും കണ്ടെടുക്കുകയും ചെയ്തു. ശ്രീനഗറിൽ കനത്ത സുരക്ഷയുള്ള വീടാണ് ദാവീന്ദറിന്റെത്. ഇതിന് സമീപത്താണ് സൈനിക ആസ്ഥാനവും സ്ഥിതി ചെയ്യുന്നത്. 
ദക്ഷിണ കശ്മീരിലെ സോഫിയാനിൽനിന്നാണ് രണ്ടു ഭീകരരെയുമായി ദാവീന്ദർ സിംഗ് തന്റെ വീട്ടിലെത്തിയത്. തീവ്രവാദ വിരുദ്ധ നടപടികൾക്ക് രാഷ്ട്രപതിയുടെ അവാർഡ് നേടിയ പോലീസുകാരനാണ് ദാവീന്ദർ സിംഗ്. ശ്രീനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡിവൈ.എസ്.പി ആണിയാൾ. സിംഗിനെ ഭീകരവാദിയായി കണക്കാക്കുമെന്നും എല്ലാ സുരക്ഷാ ഏജൻസികളും ഇയാളെ ചോദ്യം ചെയ്യുമെന്നും ജമ്മു കശ്മീർ പോലീസ് ഐ.ജി വിജയകുമാർ അറിയിച്ചു.  
ഭീകരർക്കൊപ്പം ദൽഹിയിലേക്ക് യാത്ര ചെയ്യവേ ജമ്മു കശ്മീർ ഹൈവേയിലാണ് ഇവർ പിടിയിലായത്. നവീദ് ബാബുവിന്റെ സഹോദരന്റെ ഫോണിലേക്ക് വന്ന കോൾ നിരീക്ഷിച്ചാണ് പോലീസ് ഇവരെ കണ്ടെത്തിയത്.
ദാവീന്ദർ സിംഗിന്റെ വസതിയിൽ നടന്ന തിരച്ചിലിൽ അഞ്ച് ഗ്രനേഡുകളും മൂന്ന് എ.കെ 47 തോക്കുകളും പിടിച്ചെടുത്തത് ഇയാളുടെ ഭീകര ബന്ധത്തിന് തെളിവായി. കഴിഞ്ഞ ഒക്‌ടോബർ, നവംബർ മാസങ്ങളിൽ തെക്കൻ കശ്മീരിൽ ട്രക്ക് ഡ്രൈവർമാരും തൊഴിലാളികളും ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് നവീദ് ബാബു. ഓഗസ്റ്റിൽ കേന്ദ്ര സർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷം ആപ്പിൾ വ്യവസായ മേഖലയിൽ ജോലിക്കെത്തുന്ന പ്രദേശവാസികളല്ലാത്ത തൊഴിലാളികളെ പുറത്താക്കാനായി നടന്നുവരുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം കൊലപാതക പരമ്പരകളെന്നു പോലീസ് സംശയിക്കുന്നു. നവീദ് ബാബുവിന്റെ നീക്കങ്ങൾ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നുവെന്നും നവീദിന്റെ സഹോദരൻ ഫോൺ വിളിച്ചതിനെ തുടർന്നാണ് ഇയാൾ എവിടെയാണെന്നത്  കണ്ടെത്താൻ പോലീസിന് സാധിച്ചതെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മുൻ സ്‌പെഷ്യൽ പോലീസ് ഓഫീസറും ഹിസ്ബുൽ തീവ്രവാദിയുടെ സുഹൃത്തുമായ അൽത്താഫും യാത്രയിൽ ഒപ്പമുണ്ടായിരുന്നു. 
പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും ഇവർ ശ്രീനഗറിലും ദക്ഷിണ കശ്മീരിലും ഒളിച്ചുവെച്ചിരുന്ന ആയുധങ്ങൾ കണ്ടെടുത്തുവെന്നും പോലീസ് അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ ഏതെങ്കിലും തീവ്രവാദികൾ ദൽഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചുവരികയാണെന്നു പോലീസ് വ്യക്തമാക്കി. പാർലമെന്റ് ആക്രമണക്കേസിലെ പ്രതിക്ക് അഫ്‌സൽ ഗുരു 2013 ൽ എഴുതിയ കത്തിൽ ദാവീന്ദർ സിംഗിനെക്കുറിച്ചു പരാമർശമുണ്ടായിരുന്നു. പാർലമെന്റ് ആക്രമണ കേസിലെ പ്രതിക്കൊപ്പം ദൽഹിയിലേക്ക് പോകാനും അവിടെ താമസ സൗകര്യം ഒരുക്കി നൽകാനും തന്നോട് നിർദേശിച്ചത് ദാവീന്ദർ സിംഗാണ് എന്നായിരുന്നു അഫ്‌സൽ ഗുരു കത്തിൽ പരാമർശിച്ചിരുന്നത്. പാർലമെന്റ് ആക്രമണ കേസിലെ പ്രതിയെ സഹായിച്ച കുറ്റത്തിനാണ് അഫ്സൽ ഗുരുവിനെ കോടതി വധശിക്ഷക്ക് വിധിച്ചത്.
 

Latest News