Sorry, you need to enable JavaScript to visit this website.

വാഹന വിപണിക്ക് ഇന്ത്യയിൽ കഷ്ടകാലം

കഷ്ടകാലം വിട്ടൊഴിയാതെ വാഹന വിപണിക്ക് ഇന്ത്യയിൽ കിതപ്പിന്റെ വർഷമാണ് കഴിഞ്ഞു പോയത്. 2018 നെ അപേക്ഷിച്ച് വാഹനങ്ങളുടെ വിൽപനയിൽ 14 ശതമാനം ഇടിവാണ് കഴിഞ്ഞ വർഷം സംഭവിച്ചത്. വിപണിയിൽആകെ മാന്ദ്യം വരുത്തിയ ലിക്വിഡിറ്റി പ്രതിസന്ധിയും പുതിയ എമിഷൻ മാനദണ്ഡങ്ങളിലെ ആശയക്കുഴപ്പവും വിപണിക്ക് തിരിച്ചടിയായി. 
ഇന്ത്യയിലെ മികച്ച ഏഴ് വാഹന നിർമാതാക്കൾ 2.67 മില്യൺ വാഹനങ്ങളാണ് കഴിഞ്ഞ വർഷം വിൽപനക്കെത്തിച്ചത്. 2018 ൽ ഇത് 3.12 മില്യൺ വാഹനങ്ങളായിരുന്നു. വിപണി നഷ്ടത്തിലായതിനെ തുടർന്ന് വാഹനങ്ങളുടെ നിർമാതാക്കൾ നിർമാണം കുത്തനെ കുറക്കുകയും ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി നിരവധി ഓഫറുകൾ നൽകുകയും ചെയ്തു. മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഡിസംബറിൽ മാത്രം വിൽപനയിൽ ആറ് ശതമാനം ഇടിവാണ് സംഭവിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം ആകർഷക ഓഫറുകളുമായി രംഗത്തെത്തിയ, രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് ആഭ്യന്തര വാഹന മൊത്തക്കച്ചവടത്തിൽ ഡിസംബർ മാസത്തിൽ മാത്രം 2.5 ശതമാനം വളർച്ച കൈവരിച്ചതായി റിപ്പോർട്ട് ചെയ്യുന്നു. 2018 ഡിസംബറിൽ 1,21,479 യൂനിറ്റുകൾ വിറ്റഴിച്ചപ്പോൾ 2019 ൽ 1,24,375 യൂനിറ്റായി വർധിച്ചു. യാത്രാ വാഹനങ്ങളെ കൂടാതെ, ലൈറ്റ് കൊമേഴ്‌സ്യൽ വാഹനങ്ങളുടെ വിൽപനയിൽ അഞ്ച് ശതമാനം ഇടിവ് രേഖപ്പെടുത്തി. 
ഡിസംബറിൽ കമ്പനി അവതരിപ്പിച്ച ആകർഷകമായ ഓഫറുകളാണ് മാരുതി സുസുകിയെ മുന്നോട്ട് നയിച്ചത്. മാരുതി ഏറ്റവും ഒടുവിൽ അവതരിപ്പിച്ച എസ്-പ്രെസോ വിൽപനയിൽ 13.6 ശതമാനം ഇടിവോടെ 23,883 യൂനിറ്റുകൾ മാത്രമാണ് വിറ്റഴിക്കപ്പെട്ടത്. രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോവഴ്‌സ് ഇന്ത്യ ലിമിറ്റഡിന്റെ വിൽപനയിൽ കഴിഞ്ഞ വർഷം 10 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 2018 ഡിസംബർ മാസത്തിൽ 42,093 യൂനിറ്റുകൾ മാത്രം വിറ്റഴിച്ചപ്പോൾ 2019 ഡിസംബറിൽ 37,953 യൂനിറ്റായി കുറഞ്ഞു. 
വിപണിയിൽ ഈ മാസം അവതരിപ്പിക്കാനിരിക്കുന്ന കോംപാക്ട് സെഡാൻ ഔറ  എത്തുന്നതോടെ കാര്യങ്ങളിൽ മാറ്റമുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് ഹ്യുണ്ടായ് ഇന്ത്യ. രാജ്യത്തെ ഓട്ടോമൊൈബൽ മേഖലക്ക് കടുത്ത വെല്ലുവിളി ഉയർത്തിയ കാലമായിരുന്നുവെന്ന് ഹ്യുണ്ടായ് സെയിൽസ് ഡയറക്ടർ തരുൺ ഗാർഗ് പറയുന്നു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് 2018 ഡിസംബറിൽ 15,091 യൂനിറ്റുകൾ വിറ്റഴിച്ചപ്പോൾ 2019 ഡിസംബറിൽ നാല് ശതമാനം വളർച്ചയോടെ 15,691 യൂനിറ്റുകൾ വിറ്റഴിക്കപ്പെട്ടു. ടാറ്റാ മോട്ടോഴ്‌സിന് ഡിസംബറിൽ മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് വിൽപനയിൽ 10 ശതമാനം ഇടിവാണ് സംഭവിച്ചത്. ജനുവരിയോടെ തന്നെ വിപണിയിൽ മുന്നേറാനുളള തയാറെടുപ്പിലാണ് കമ്പനി. ഹോണ്ടാ കാർസ് ഇന്ത്യക്കാകട്ടെ, 36 ശതമാനം ഇടിവാണ് വിൽപനയിൽ നേരിട്ടത്.
 

Latest News