Sorry, you need to enable JavaScript to visit this website.

പൗരത്വഭേദഗതി നിയമം സംബന്ധിച്ച് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കാം; ബി.ജെ.പിക്ക് അടിയായി നിതീഷ് കുമാറിന്റെ പ്രസ്താവന

പാറ്റ്‌ന- പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നിയമസഭയിൽ ചർച്ച നടത്താമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ബി.ജെ.പിയുടെ സഖ്യകക്ഷിയും ജനതാദൾ യുനൈറ്റഡ് നേതാവുമായ നിതീഷ് കുമാറിന്റെ പ്രസ്താവന ബി.ജെ.പിക്കേറ്റ തിരിച്ചടിയായി. പൗരത്വനിയമത്തെ പാർലമെന്റിൽ അനുകൂലിച്ച നിതീഷ് കുമാർ സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീഷം തനിക്ക് എതിരാകുന്നത് തിരിച്ചറിഞ്ഞാണ് പുതിയ നീക്കം നടത്തുന്നത്. അതേസമയം, ദേശീയ പൗരത്വ രജിസ്റ്റർ ബിഹാറിൽ നടപ്പാക്കുമോ എന്ന ചോദ്യത്തിന് തന്നെ പ്രസക്തിയില്ലെന്നും നിതീഷ് കുമാർ വ്യക്തമാക്കി. എൻ.ആർ.സി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് നേരത്തെ തന്നെ നിതീഷ് കുമാർ വ്യക്തമാക്കിയിരുന്നു. എന്നാൽ ദേശീയ പൗരത്വഭേദഗതി നിയമം സംബന്ധിച്ച് സംസ്ഥാന അസംബ്ലിയിൽ് ചർച്ച നടത്തുമെന്ന് നിതീഷ് കുമാർ പറയുന്നത് ഇതാദ്യമാണ്. 
പൗരത്വനിയമഭേദഗതി സംബന്ധിച്ച് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കണമെന്ന് ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാതളും ഇടതുപാർട്ടികളും കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. പൗരത്വഭേദഗതി സംബന്ധിച്ച് ചർച്ച വേണമെന്നാണ് ആവശ്യമെങ്കിൽ ഇക്കാര്യം ചെയ്യാമെന്ന് നിതീഷ് കുമാർ പറഞ്ഞു. അതേസമയം എൻ.ആർ.സി നടപ്പാക്കണമെന്ന ആവശ്യം പോലും ന്യായീകരിക്കാനാകില്ലെന്നും നിതീഷ് കുമാർ വ്യക്തമാക്കി. 
നിതീഷ് കുമാറിന്റെ പ്രസ്താവന ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായാണ് കണക്കാക്കുന്നത്. പൗരത്വഭേദഗതി നിയമത്തിനും എൻ.ആർ.സിക്കുമെതിരെ ജെ.ഡി.യു വൈസ് പ്രസിഡന്റ് കൂടിയായ പ്രശാന്ത് കിഷോറിന്റെ കടുത്ത വിമർശനമാണ് നിതീഷ് കുമാറിന്റെ മനംമാറ്റത്തിന് പിന്നിലെന്നാണ് സൂചന. 
 

Latest News