ഇടുക്കി- തൂക്കുപാലത്ത് ബി. ജെ. പി -എസ്.ഡി.പി.ഐ സംഘർഷം. ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. കെ നസീറിനും ഹോംഗാർഡിനും പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് 6.50 ഓടെയാണ് സംഭവം. ബി.ജെ.പി ഉടുമ്പൻചോല നിയോജകമണ്ഡലം കമ്മിറ്റി ഘടിപ്പിച്ച പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ജനജാഗ്രതാ സദസിനിടെയാണ് സംഘർഷം അരങ്ങേറിയത്.
ജനജാഗ്രതാ സദസ് ആരംഭിക്കുന്നതിന് മുന്നോടിയായി ബി.ജെ.പി തൂക്കുപാലത്ത് പ്രകടനം നടത്തിയിരുന്നു. ഇതിനിടെ മൂന്നംഗ സംഘം ബി.ജെ.പി പ്രവർത്തകരുമായി ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ തൂക്കുപാലം സ്വദേശി ജോബി (33) ക്ക് തലക്ക് പരിക്കേറ്റു. മറ്റ് രണ്ടു പേർ ഓടി രക്ഷപെട്ടു. പരിക്കേറ്റ ജോബി തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അക്രമികൾ ഡി. വൈ. എഫ് .ഐ പ്രവർത്തകർ ആണെന്ന് ആരോപണവുമായി ബി.ജെ.പി രംഗത്തെത്തി. എന്നാൽ അക്രമികളുമായി ഡി. വൈ. എഫ് .ഐക്ക് ബന്ധമില്ലെന്ന് ബ്ലോക്ക് സെക്രട്ടറി സി.വി ആനന്ദ് അറിയിച്ചു. തുടർന്ന് നടന്ന പരിപാടി ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.കെ. നസീർ ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനത്തിന് ശേഷം ഇദ്ദേഹം തൂക്കുപാലത്തെ മസ്ജിദിൽ മഗ്‌രിബ് നമസ്‌ക്കാരത്തിന് കയറി. നമസ്‌കാരത്തിന് ശേഷം പുറത്തിറങ്ങിയ നസീറിനെ എസ്.ഡി.പി.ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നെന്ന് പോലിസ് പറഞ്ഞു. പിന്നിൽനിന്ന് ചവിട്ടി വീഴ്ത്തിയ ശേഷം കസേര ഉപയോഗിച്ച് അടിച്ച് പരിക്കേൽപിക്കുകയായിരുന്നെന്നാണ് നസീർ പോലിസിന് നൽകിയ മൊഴി. പള്ളിയിൽനിന്ന് നസീർ ഇറങ്ങി ഓടി. ഈ സമയം റോഡിലുണ്ടായിരുന്ന ബി.ജെ.പി പ്രവർത്തകർ ഓടിയെത്തി. തുടർന്നാണ് സ്ഥലത്ത് വൻ സംഘർഷാവസ്ഥ രൂപപ്പെട്ടത്. നസീറിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനെത്തുടർന്ന് അദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇതിനിടെ ബി.ജെ.പി പ്രവർത്തകർ പള്ളിക്ക് മുന്നിലുള്ള കാണിക്കവഞ്ചിയിലേക്ക് കല്ലുകൾ വലിച്ചെറിഞ്ഞു. കല്ലേറിൽ പള്ളിയുടെ ഗോപുരത്തിന് കേടുപാടുകൾ സംഭവിക്കുകയും കെട്ടിടത്തിന്റെ ചില്ലുകളും വാട്ടർ ടാങ്കും പൊട്ടുകയും ചെയ്തു. ഇരു വിഭാഗങ്ങളും തമ്മിൽ കല്ലേറ് രൂക്ഷമായതോടെ പോലീസ് എത്തി പിടിച്ചുമാറ്റി. കല്ലേറ് വ്യാപാര സ്ഥാപനങ്ങൾക്ക് നേരെ വ്യാപിക്കുകയും കടകൾ ബലമായി അടപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് ഹോംഗാർഡ് ടി. സി മോഹനൻ പിള്ളക്ക് പരിക്കേറ്റത്.
പിന്നീട് ഇവർ തൂക്കുപാലം- രാമക്കൽമെട്ട് റോഡിൽ രണ്ട് വശങ്ങളിലായി തമ്പടിച്ചു. പോലിസ് ഇരുകൂട്ടരെയും പിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും മുദ്രാവാക്യം വിളികളോടെ റോഡിൽ തുടർന്നതോടെ ഗതാഗതവും തടസപ്പെട്ടു. തുടർന്ന് പോലീസ് ടൗണിലെ മുഴുവൻ കടകളും അടപ്പിക്കുകയും ഓട്ടോ, ടാക്സി തുടങ്ങിയവ നീക്കം ചെയ്യുകയും ചെയ്തു. പള്ളിയുടെ മുമ്പിൽ നിന്നും വിശ്വാസികൾ പിരിഞ്ഞു പോകണമെന്ന് ജമാഅത്ത് പ്രസിഡന്റ് മൈക്കിൽ കൂടി അഭ്യർഥിച്ചു. ഇരുവിഭാഗങ്ങളുടെയും കൂടുതൽ ആളുകൾ എത്തിയതോടെ രാത്രി വൈകിയും സംഘർഷം തുടരുകയാണ്. കട്ടപ്പന ഡിവൈ.എസ്.പി എൻ. സി രാജ്മോഹന്റെ നേതൃത്വത്തിൽ വൻ പോലിസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.






