യു.എ.ഇയിലേത് ചരിത്ര മഴ; ഇതുപോലെയൊന്ന് കാല്‍നൂറ്റാണ്ട് മുമ്പ് മാത്രം

ദുബായ്- 1996 ന് ശേഷം രാജ്യത്ത് ഏറ്റവുമധികം മഴ പെയ്തത് കഴിഞ്ഞ ദിവസം. ഏതാണ്ട് കാല്‍നൂറ്റാണ്ടിനിടയിലെ റെക്കോര്‍ഡ് മഴക്കാണ് യു.എ.ഇ സാക്ഷ്യം വഹിച്ചത്.
നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍.സി.എം) ഞായറാഴ്ച രാവിലെ പുറത്തുവിട്ട കണക്കനുസരിച്ച് ജനുവരി 9-12 തീയതികളില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് അല്‍ ഐനിലെ അല്‍ ശക്‌ലയില്‍ ആണ്. 190.4 മില്ലിമീറ്റര്‍.
യു.എ.ഇയുടെ കിഴക്കന്‍ മേഖലയില്‍ വ്യാഴാഴ്ചയും ഞായറാഴ്ച രാവിലെയുമാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തതെന്ന് എന്‍സിഎം റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രത്യേകിച്ചും 172.4 മില്ലിമീറ്റര്‍ പെയ്ത മസെയ്ദ്, 172.2 മില്ലിമീറ്റര്‍ പെയ്ത ദാംത, 156.8 മില്ലിമീറ്ററുള്ള അല്‍ ഫോവ, ഫലാജ് അല്‍ മുല്ല 152 മി.മീ എന്നിവിടങ്ങള്‍.
യു.എ.ഇ ഒടുവില്‍ ഇത്രയും വലിയ മഴക്ക് സാക്ഷ്യം വഹിച്ചത് 24 വര്‍ഷം മുമ്പ് ഖോര്‍ഫക്കാനിലാണ്- 144 മില്ലിമീറ്റര്‍ മഴയാണ് അന്ന് പെയ്തത്.
126 മില്ലീമീറ്റര്‍ മഴ പെയ്ത സ്വീഹാന്‍, അല്‍ ഷ്വൈബ്, 123.6 മില്ലിമീറ്ററുള്ള അല്‍ ആറാഡ്, 114.6 മില്ലിമീറ്ററുള്ള അല്‍ രക്‌ന എന്നിവയാണ് ശക്തമായ മഴ ലഭിച്ച മറ്റ് പ്രദേശങ്ങള്‍.

രാജ്യത്തൊട്ടാകെയുള്ള റോഡുകളുടെ സ്ഥിതി നിരീക്ഷിക്കാന്‍ 20 ടാസ്‌ക് ഫോഴ്‌സുകളെ നിയോഗിച്ചിട്ടുണ്ടെന്നും മഴ മൂലമുണ്ടായ നാശനഷ്ടങ്ങളുടെ ഫലമായി ഉണ്ടാകാനിടയുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുമെന്നും അടിസ്ഥാനസൗകര്യ വികസന മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

 

Latest News