ദുബായ്- കനത്ത മഴയില്‍ നിശ്ചലമായി ദുബായ്. പെരുമഴയില്‍ യു.എ.ഇയുടെ പല മേഖലകളും മുങ്ങി. വെള്ളിയാഴ്ച രാത്രി തുടങ്ങിയ മഴ പുലരുംവരെ നീണ്ടതോടെ ദുബായിയും ഷാര്‍ജയും ഏറെക്കുറെ നിശ്ചലമായി. വിമാനങ്ങള്‍ വൈകി. ദുബായ് വിമാനത്താവളം വെള്ളത്തിലായി.
അബുദാബിയുടെ കിഴക്കന്‍ മേഖല, ദുബായ്, ഷാര്‍ജ, അജ്മാന്, ഫുജൈറെ, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ജബല്‍ ജൈസ് മലനിരകള്‍ എന്നിവിടങ്ങളില്‍ ഇടിമിന്നലോടെ ശക്തമായ കാറ്റും മഴയുമുണ്ടായി. കടല്‍ പ്രക്ഷുബ്ധമാണ്.
കേരളത്തില്‍നിന്നടക്കമുള്ള വിമാനങ്ങള്‍ വൈകി. റണ്‍വേയില്‍ വെള്ളം കയറിയത് ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചു. ഷാര്‍ജയിലും വിമാനങ്ങള്‍ വൈകി. വിമാനങ്ങള്‍ ജബല്‍അലി അല്‍ മക്തൂം വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടു. കോഴിക്കോട്ടുനിന്നു പുലര്‍ച്ചെയുള്ള എയര്‍ഇന്ത്യ വിമാനം സമയത്ത് എത്തിയെങ്കിലും അല്‍ മക്തൂം വിമാനത്താവളത്തിലാണ് ഇറങ്ങിയത്. രാവിലെ 6.45നുള്ള കൊച്ചി-ഷാര്‍ജ എയര്‍ അറേബ്യ വിമാനം വിമാനവും ഇവിടെയാണിറക്കിയത്. ഉച്ചയായിട്ടും ഷാര്‍ജയിലെത്താന്‍ കഴിയാതെ യാത്രക്കാര്‍ വലഞ്ഞു. ദുബായില്‍ നിന്നുള്ള മുംബൈ, ഹൈദരാബാദ് എയര്‍ ഇന്ത്യ വിമാനങ്ങള്‍ വൈകി. രാജ്യത്തെ ഒട്ടേറെ പ്രധാന റോഡുകളില്‍ കനത്ത ഗതാഗതക്കുരുക്കുണ്ടായി. ബസ്, ടാക്സി സര്‍വീസുകളെ ബാധിച്ചത് പൊതുജനങ്ങളെ വലച്ചു.
ഗതാഗതക്കുരുക്കില്‍ നഗരം വീര്‍പ്പുമുട്ടി. ദുബായ് മെട്രോ തിങ്ങിനിറഞ്ഞു. ശൈഖ് സായിദ് റോഡില്‍ ദുബായ് മാള്‍ എക്സിറ്റിലെ അണ്ടര്‍പാസില്‍ വെള്ളം കയറിയതിനെ തുടര്‍ന്നു ഗതാഗതം തിരിച്ചുവിട്ടു. അല്‍ഖൈല്‍ റോഡിലെ 2 ലെയ്നുകള്‍ അടച്ചു. ദുബായ് പാര്‍ക്സ് ബ്രിഡ്ജ് അടച്ചിട്ടു. അബുദാബിയില്‍ റോഡിലെ വെള്ളക്കെട്ടില്‍ പല വാഹനങ്ങളും കുടുങ്ങി. ദുബായ്-അബുദാബി റോഡില്‍ നൂറുകണക്കിനു വാഹനങ്ങളെ സര്‍വീസ് റോഡുകളിലേക്കു പൊലീസ് തിരിച്ചുവിട്ടു. ഷാര്‍ജ അല്‍വാദ മേഖല, സിറ്റി സെന്റര്‍, വ്യവസായ മേഖല, ലിബര്‍ട്ടി സിഗ്നല്‍ എന്നിവിടങ്ങളിലും ബുഹൈറ കോര്‍ണിഷിലെ ചില ഭാഗങ്ങളിലും വെള്ളം കയറി.
വടക്കന്‍ എമിറേറ്റുകളിലെ മലയോര മേഖലകളില്‍ ഇടിമിന്നലോടെ മഴ തകര്‍ത്തു പെയ്തു. ശക്തമായ കാറ്റുമുണ്ട്. റാസല്‍ഖൈമ-ജബല്‍ ജൈസ് റോഡില്‍ ഗതാഗതം പുനരാരംഭിച്ചിട്ടില്ല. ഫുജൈറ ഫര്‍ഫര്‍ താഴ്വാരത്തില്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയ ബസ് സിവില്‍ ഡിഫന്‍സ് കരയ്ക്കു കയറ്റി.
അബുദാബി അല്‍ ഖുബൈറാത്തിലെ ബ്രിട്ടിഷ് സ്കൂള്‍, ദുബായ് ശൈഖ് സായിദ് റോഡിലെ ജെംസ് വെല്ലിങ്ടണ്‍ സ്കൂള്‍, ദുബായ് മിലേനിയം സ്കൂള്‍, ഷാര്‍ജ എമിറേറ്റ്സ് നാഷനല്‍ സ്കൂള്‍, ഡിപിഎസ് ഷാര്‍ജ, അല്‍ വര്‍ഖ അവര്‍ ഓണ്‍ ഇംഗ്ലിഷ് ഹൈസ്കൂള്‍ എന്നിവയടക്കം ചില വിദ്യാലയങ്ങള്‍ക്ക് അവധി നല്കി.