പൗരത്വഭേദഗതിയിലെ പ്രതിഷേധങ്ങള്‍; പ്രിയങ്കയ്ക്കും രാഹുലിനും നന്ദി അറിയിച്ച് പ്രശാന്ത് കിഷോര്‍

പാട്‌ന- പൗരത്വഭേദഗതിക്ക് എതിരായ പോരാട്ടങ്ങളില്‍ കോണ്‍ഗ്രസിന്റെ രാഹുല്‍ഗാന്ധിയ്ക്കും സഹോദരി പ്രിയങ്കാഗാന്ധി വദേരയ്ക്കും നന്ദി പറഞ്ഞ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ രാഷ്ട്രീയ തന്ത്രജ്ഞനും ജനതാദള്‍ യുനൈറ്റഡിന്റെ വൈസ് പ്രസിഡന്റുമായ പ്രശാന്ത് കിഷോര്‍. ബിജെപിക്ക് എതിരെ പുതിയ പോരാട്ടത്തിനാണ് പ്രശാന്ത് കിഷോര്‍ തുടക്കമിട്ടിരിക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രധാനപ്പെട്ട രണ്ട് അജണ്ടകളാണ് ദേശീയ പൗരത്വരജിസ്ട്രറും പൗരത്വ ഭേദഗതി നിയമവും. സിഎഎയും എന്‍ആര്‍സിയും ബിഹാറില്‍ നടപ്പിലാക്കില്ലെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നതായും പ്രശാന്ത് കിഷോര്‍ തന്റെ ട്വീറ്റിലൂടെ വ്യക്തമാക്കി. പൗരത്വഭേദഗതിക്കും എന്‍ആര്‍സിക്കും എതിരെ വര്‍ക്കിങ് കമ്മറ്റിയില്‍ കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതി പ്രമേയം പാസാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് പ്രശാന്ത് കിഷോര്‍ സോണിയാ കുടുംബത്തിന് നന്ദി അറിയിച്ചത്.

പൗരത്വഭേദഗതിയും എന്‍ആര്‍സിയും ഔദ്യോഗികമായി തന്നെ നിരസിച്ചതിന് കോണ്‍ഗ്രസ് നേതൃത്വത്തിന് നന്ദി അറിയിക്കുന്ന എല്ലാവര്‍ക്കൊപ്പം താനും ചേരുന്നു. പ്രതിഷേധങ്ങള്‍ക്കായി അവര്‍ നടത്തിയ ശ്രമങ്ങള്‍ക്ക് പ്രത്യേക നന്ദി രേഖപ്പെടുത്തുന്നുവെന്നും പ്രശാന്ത് പറഞ്ഞു. ഒരു കാരണവശാലും സിഎഎയും എന്‍ആര്‍സിയും ബിഹാറില്‍ നടപ്പാക്കില്ലെന്ന് ഉറപ്പുനല്‍കുന്നുവെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. നിതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ യുനൈറ്റഡ് പൗരത്വഭേദഗതിക്ക് അനുകൂലമായി പാര്‍ലമെന്റില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു.

എന്നാല്‍ പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ശക്തമായി രംഗത്തെത്തിയതിനെ തുടര്‍ന്ന് എന്‍ആര്‍സി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.യുപി അടക്കമുള്ള സംസ്ഥാനങ്ങളില്‍ നടന്നുവരുന്ന പൗരത്വഭേദഗതി പ്രക്ഷോഭങ്ങളില്‍ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വം ശ്രദ്ധേയമാണ്. യുപിയില്‍ പോലീസ് അതിക്രമത്തില്‍ പരുക്കേറ്റ പ്രവര്‍ത്തകരുടെ വീടുകളില്‍ നേരിട്ട് സന്ദര്‍ശിക്കുകയും പ്രതിഷേധങ്ങള്‍ക്ക് പ്രചോദനം നല്‍കിയതും പ്രിയങ്കാ ഗാന്ധിയായിരുന്നു.കോണ്‍ഗ്രസിലെ മൃദുഹിന്ദുത്വ നിലപാടുള്ളവര്‍ക്കുള്ള കനത്ത തിരിച്ചടികളാണ് പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നല്‍കിയത്.


 

Latest News