മോദിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ പൗരത്വനിയമം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതായി മമത

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ പൗരത്വഭേദഗതി, എന്‍.ആര്‍.സി, എന്‍.പി.ആര്‍ തുടങ്ങിയവയിലുള്ള വിയോജിപ്പ് അറിയിച്ചതായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

കൊല്‍ക്കത്തയില്‍ ദ്വിദിന സന്ദര്‍ശനത്തിന് എത്തിയ നരേന്ദ്രമോദിയുമായി രാജ്ഭവല്‍ നടത്തിയ കൂടിക്കാഴയ്ക്ക് ശേഷം മാധ്യമങ്ങളോടാണ് മമത ഇക്കാര്യം അറിയിച്ചത്.

"ഇക്കാര്യം പറയാൻ ഇത് ഉചിതമായ സമയമായിരിക്കില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഞാന്‍ തുടങ്ങിയത്. പക്ഷേ ഞങ്ങൾ സി.‌എ‌.എയ്ക്കും എൻ‌.പി‌.ആറിനുമെതിരെ പ്രക്ഷോഭം നടത്തുകയാണ്. ജനങ്ങളെ ഭിന്നിപ്പിക്കുന്നതിന് ഞങ്ങള്‍ എതിരാണ്. ആരും അതിക്രമങ്ങൾ നേരിടേണ്ടവരല്ല. ദയവായി എന്‍.ആര്‍.സിയും സി.എ.എയും സര്‍ക്കാര്‍ പുനപരിശോധിക്കണം." കൂടിക്കാഴ്ചയില്‍ മോദിയോട് പറഞ്ഞത് മമത വിശദികരിച്ചു. 

എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച ചില പരിപാടികളിൽ പങ്കെടുക്കാനാണ് താൻ ഇവിടെ എത്തിയതെന്നും ഇത്തരം കാര്യങ്ങൾ പിന്നീട് ഡല്‍ഹിയിൽ ചർച്ചചെയ്യാമെന്നും മോദി പ്രതികരിച്ചതായി മമത പറഞ്ഞു.


സി.എ.എയ്‌ക്കൊപ്പം ബംഗാളിനു കിട്ടാനുള്ള കേന്ദ്ര ധന സഹായങ്ങളും മമത മോദിയുടെ ശ്രദ്ധയില്‍ പെടുത്തി. ബുള്‍ബുള്‍ ചുഴലിക്കാറ്റില്‍ പ്രഖ്യാപിച്ച സഹായധനത്തില്‍ ലഭിക്കാന്‍ ബാക്കിയുള്ള തുകയെപറ്റിയാണ് മമത മോദിയോട് സൂചിപ്പിച്ചത്.

കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്റെ 150ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനാണ് മോദി പശ്ചിമ ബംഗാളിലെത്തിയത്. രണ്ട് ദിവസം നീളുന്ന സന്ദര്‍ശനത്തില്‍ മോദി പോര്‍ട്ട് ട്രസ്റ്റിന്റെ ആഘോഷങ്ങളില്‍ പങ്കെടുക്കും. പൗരത്വ നിയമത്തിനെതിരെ പശ്ചിമ ബംഗാളില്‍ കനത്ത പ്രക്ഷോഭം നടക്കുന്ന വേളയിലാണ് മോദിയുടെ സന്ദര്‍ശനം.

Latest News