സൈലന്റ്‌വാലി എന്നും അത്ഭുതമാണ്. അത് സംരക്ഷിക്കപ്പെട്ടതും അതിന്റെ മനസ്സിൽ തൊടുന്ന പ്രത്യേകതകളും മാത്രമല്ല ശോകപൂർണമായി ഒഴുകുന്ന കുന്തിയെന്ന നീരൊഴുക്കും ലോകത്തിന്റെ മുമ്പിൽ അത്ഭുതം തന്നെയാണ്. സൈലന്റ്‌വാലി ഉൾപ്പെടുന്ന വന പ്രദേശം നീലഗിരി ജൈവ മേഖലയിലാണ്. നീലഗിരി ജൈവ മേഖല യുനെസ്‌കോ പൈതൃകമായി പ്ര ഖ്യാപിച്ചിട്ടുണ്ട്. 5000 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് യുനെസ്‌കോവിന്റെ പൈതൃക പട്ടികാ പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇരുപത്തഞ്ചോളം ആദിവാസി വിഭാഗങ്ങൾ ഇവിടെയുണ്ട്. അവരുടെ ജീവനോപാധിക്കു നിദാനമാകുന്നത് ഈ വനവും നീരൊഴുക്കുകളുമാണ്. ഈ പ്രദേശം അദൃശ്യമായി സംരക്ഷിക്കപ്പെടുന്ന പ്രത്യേക വാനപ്രദേശങ്ങളുണ്ട്. സൈലന്റ്‌വാലി അതിൽ പ്രധാനപ്പെട്ടതാണ്. കൂടാതെ ബന്ദിപ്പൂർ മുതുമല വയനാട് നാഗർഹൊളെ എന്നിങ്ങനെ വേറെയും ഉണ്ട്. സൈലന്റ് വാലിയുടെ സംരക്ഷണം ലോകത്തിലെ തന്നെ സംരക്ഷണ ത്തിനു വേണ്ടിയുള്ള സമരങ്ങളിൽ ഇടം പിടിച്ചിട്ടുള്ളതാണ്. കവികളും പരിസ്ഥിതി പ്രവർത്തകരും രാഷ്ട്രീയ പ്രവർത്തകരും ശാസ്ത്രജ്ഞന്മാരും എല്ലാമൊന്നിച്ച് അണിനിരന്ന സമരത്തിനൊടുവിൽ ലോകത്തിനു വേണ്ടി അത് നിലനിർത്തുകയാണ് വേണ്ടതെന്ന് തീരുമാനിക്കപ്പെടുകയായിരുന്നു. നീലഗിരി പ്രദേശം നിരവധി നീരൊഴുക്കുകൾക്ക് ജന്മം നൽകുന്നുണ്ട്. പുഴ ഒഴുകിത്തുടങ്ങുന്നതിനു മുൻപുള്ള നേർത്ത നീർച്ചാലുകൾ ഭൂമിയോടു ചേർന്ന് നേർത്ത ശബ്ദത്തിൽ മെല്ലെയൊഴുകി വരുന്നത് കാണാൻ കൗതുകം തന്നെയാണ്. കണ്ണാടി പോലെ തിളങ്ങി ഒഴുകി ഒഴുകി വലുതായി, ഒഴുക്കുകൾ കനത്ത് പുഴയായി പിന്നീട് കടലിൽ ചെന്ന് ചേരുന്നതും ഏറെ യാത്രകൾക്ക് ശേഷമാണ്. ആ യാത്രകൾക്കിടയിൽ അത് കടന്നുപോകുന്ന കാട്ടിലും നാട്ടിലും അത് ആർദ്രതയുടെ മായാത്ത അടയാളങ്ങൾ ഉണ്ടാക്കുന്നുണ്ട്. മണ്ണും മനുഷ്യനും നിലനിൽക്കുന്നത് ഈ ആർദ്രതയാലാണ്. അതുകൊണ്ടു തന്നെ ഈ പ്രദേശങ്ങളിലൂടെ ഉള്ള യാത്രകൾ നമ്മുടെ മനസ്സ് ആർദ്രമാക്കാതിരിക്കില്ല.
ഭവാനി ഒഴുകിവരുന്ന കാടുകളിലാണ് കേരളത്തിലെ അതീവ ദുർബല വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള കുറുമ്പ ആദിവാസി വിഭാഗത്തിലുള്ള ആളുകൾ താമസിച്ചു വരുന്നത്. കുറുമ്പ രാജാവായ ബുദ്ദ മൂപ്പൻ ഉള്ള കാലം മുതൽ അവിടങ്ങളിലൂടെ നടന്നു പോയിട്ടുണ്ട്. അട്ടപ്പാടിയിലെ മറ്റിടങ്ങളിലെപ്പോലെ ആദിവാസികൾക്ക് ഇവിടെ ഭൂമിയൊന്നും നഷ്ടപ്പെട്ടിട്ടില്ല. മദ്യത്തിന്റെ പിടിയിൽ അമർന്നു പോയിട്ടുമില്ല. തങ്ങളുടേതായ സാംസ്‌കാരിക ഭൂമികയിൽ അവർ ജീവിച്ചു വരുന്നു. അവരുടെ പാരമ്പര്യ വിളകൾ കൃഷി ചെയ്തു വരുന്നുണ്ട്. ചുറ്റുമുള്ള കാടുകൾക്കിടയിൽ അവർ അവരുടേതായ രീതിയിൽ കൃഷി ചെയ്തു ജീവിച്ചുവരുന്നു. ഇടയ്ക്കിടക്ക് അവർ അവരുടെ കൃഷി ഭൂമി മാറ്റിക്കൊണ്ടിരിക്കും. പിന്നീട് നാലഞ്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും പഴയ കൃഷിയിടങ്ങളിലെക്ക് വരും. വലിയ കുന്നിന്റെ ചരിവുകളിൽ അവരുടെ നിറഞ്ഞ കൃഷിയിടങ്ങൾ കാണാം. റാഗിയും തുവരയും ഇഞ്ചിയുമെല്ലാം ഒരുമിച്ച് വളർന്നു നിൽക്കുന്ന കൃഷിയിടങ്ങൾ. ഇടക്ക് മുളയും പുല്ലം കൊണ്ട് നിർമിച്ച കുഞ്ഞു കാവൽ മാടങ്ങളും. കാവൽ മാടങ്ങളിൽ അമ്മയും അച്ഛനും കുഞ്ഞുമക്കളും എല്ലാം കാണും. കൃഷി അവർക്കൊരു തൊഴിലല്ല, അതൊരു ജീവിതമാണ്. ഈ കാഴ്ച സൈലന്റ്‌വാലിയുടെ പരിസരങ്ങളിലെ കുറുമ്പ ആദിവാസി വിഭാഗത്തിന്റെ ഇടയിൽ കാണാനാവുന്ന പ്രത്യേകതയാണ്. അട്ടപ്പാടിയിലെ മറ്റു ആദിവാസി വിഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി പാരമ്പര്യങ്ങളിൽ നിന്ന് തന്നെ തങ്ങളുടെ ജീവിതത്തിനു കരുത്ത് നൽകി വരികയാണിവർ. വർഷത്തിൽ എല്ലാ കാലത്തും മഴയുണ്ടായിരുന്നു എന്ന് പറയുന്ന ഇവിടെ എന്തായാലും മഴക്കാലത്ത് നല്ല മഴയാണ്. മഴയായാൽ പിന്നെ വാഹനങ്ങൾ അങ്ങോട്ട് കടന്നു പോകാൻ കഴിയില്ല. നടന്നുള്ള പോക്ക് തന്നെ പ്രയാസമാണ്. ആനവായ് ഊരു വരെത്തന്നെ പോയെങ്കിലായി. അവിടെ നിന്ന് പിന്നെ കടുക് മണ്ണ്, തുടുക്കി, മേലെ തുടുക്കി, ഗലസി എന്നിങ്ങനെ പിന്നെയും ഊരുകൾ ഉണ്ട്. എല്ലാം സംരക്ഷിത വനപ്രദേശങ്ങളിൽ തന്നെ. അവർക്ക് മഴക്കാലത്ത് പുറംലോകവുമായി ബന്ധപ്പെടുക എന്നത് ക്ലേശകരമായ കാര്യമാണ്. ആനവായിൽ നിന്ന് മുന്നോട്ടുള്ള പോക്ക് ഭവാനിയുടെ ഒഴുക്കിനെതിരെ അതിനു സമാന്തരമായിട്ട് തന്നെയാണ് . മഴക്കാലത്ത് തുടുക്കിയിലേക്ക് നടന്നു പോകുമ്പോൾ ചില മാറ്റങ്ങൾ കണ്ടു. വഴിനീളെ മുളംകൂട്ടങ്ങൾ പൂത്തു നശിച്ചു പോയിരിക്കുന്നു. പുതുതായി നാട്ടുചെടിക്കൂട്ടങ്ങൾ കാട്ടിലേക്ക് കയറിവന്നിരിക്കുന്നു. കാട് മഴയിൽ കുതിർന്നു കനത്തു നിൽക്കുമ്പോഴും വഴികൾ കൃത്യമായിക്കാണുന്ന തരത്തിൽ അധികം ചെടികൾ വളരാതെ വൃത്തിയായി തന്നെയിരിക്കുന്നു. ആളുകൾ ഇപ്പോഴും വഴിനടക്കുന്നുണ്ടെന്നു തോന്നി. മഴക്കാലവും നീണ്ടനടപ്പും വലിയ പരിമിതി ആവുന്നുണ്ടാവില്ല എന്ന് തോന്നി. ഞങ്ങൾ ആനവായിൽ നിന്ന് ഒൻപതു മണിയോടെ യാത്ര തുടങ്ങി. യാത്ര തുടങ്ങും മുൻപ് ആനവായിലെ എപ്പോഴത്തെയും സുഹൃത്ത് മല്ലി മൂപ്പത്തിയെ കണ്ടു. അവരുടെ ചായക്കട ഇപ്പോഴുമുണ്ട്. ഊഷ്മളമായ ക്ഷണം ചായ കുടിക്കാൻ. പക്ഷേ ഞങ്ങൾക്ക് കുറെ ഏറെ നടന്നു പോകേണ്ടതുണ്ടായതുകൊണ്ട് ആ ക്ഷണം ഞങ്ങൾ സ്വീകരിച്ചെങ്കിലും മടങ്ങി വരുമ്പോഴാകാം എന്ന് മാറ്റിവെച്ചു.
ആനവായിൽ നിന്ന് യാത്ര തുടങ്ങുമ്പോഴേ അട്ടകൾ ഞങ്ങളെ പിടിക്കൂടിക്കഴിഞ്ഞു. കടുകുമണ്ണ് വരെ കയറ്റവും ഇറക്കവുമായി നടപ്പ്. കടുകുമണ്ണ് ഊരെത്തുമ്പോഴേക്കും പുഴയുടെ ആരവം. ഭവാനിപ്പുഴ ഞങ്ങളെ ആർത്തുവിളിച്ചു സ്വീകരിക്കുകയായിരിക്കുന്നു. വല്ലാത്ത ഒരനുഭവം. ഒഴുക്കിന്റെ ആരവം. കാടിന്റെ നിശ്ശബ്ദത. കടുംപച്ചപ്പ്. ഇടയ്ക്ക് നശിച്ചുപോയ മുളംകൂട്ടങ്ങൾ ചുവട്ടിൽ മുളങ്കതിരുകൾ വിരിച്ച പരവതാനികൾ. ഒന്നും മിണ്ടാനേ തോന്നുന്നില്ല. കടലിലേക്ക് കുതിക്കുന്ന ഭവാനിയുടെ ആരവം ഉള്ളിലേക്ക് കടന്നു കയറുന്നു. ഒപ്പം കാടിന്റെ കനത്ത നിശ്ശബ്ദതയും. കാട്ടിലെ എല്ലാ മരങ്ങളും മഴയാൽ തങ്ങളുടെ പച്ചച്ചന്തം പുറത്തുകാട്ടി ഉണർന്നിരിക്കുകയാണ്. ഇളംവെയിൽ പച്ചത്തലപ്പുകളെ തൊടുന്നുണ്ട്. വഴിയിൽ വീണുകിടന്ന നിഴലുകൾ. പല കായ്ക്കളും പഴങ്ങളും വീണുകിടന്നു. ഇടയ്ക്കിടക്ക് അട്ടകൾ ഞങ്ങളുടെ നടപ്പിന്റെ വേഗത കുറച്ചു. ഓടിപ്പോകുന്ന ഭവാനിയുടെ ആരവത്തിൽ അതെല്ലാം അപ്രസക്തമായി. നീലഗിരിയിൽ നിന്ന് ഉത്ഭവിക്കുന്ന ഭവാനി കേരളത്തിലേക്ക് കടന്നിട്ട് അധികമായില്ല. വെള്ളച്ചില്ലുകൾ പാറക്കെട്ടുകളിൽ തട്ടി പൊട്ടിച്ചിരിച്ചു. ഇടയ്ക്കിടക്ക് കെട്ടിക്കിടക്കുന്ന ആഴമുള്ളിടങ്ങൾ. ഞങ്ങൾ ഭവാനിയോടി മറയുന്ന ഒരിടത്തു അൽപ സമയം ഇരുന്നു. അവിടെ അതിരപ്പിള്ളിയെ ഓർമിപ്പിക്കുന്ന വലിയ വെള്ളച്ചാട്ടം. വെള്ളിനിറത്തിൽ വെള്ളം തട്ടി തെറിച്ചുകൊണ്ടിരുന്നു. തീരെ നേർത്ത പുഴത്തുള്ളികൾ ഞങ്ങളുടെ ദേഹത്തേക്ക് വന്നുകൊണ്ടിരുന്നു. നേർത്ത നനവിൽ ചെറിയ തണുപ്പ്. അധികം ഒഴുകിക്കഴിഞ്ഞിട്ടില്ലാത്ത പുഴ. പുഴക്കുട്ടി! എന്തൊരുത്സാഹം. ഇനിയുമെത്രയോ ഒഴുകാനുണ്ടെന്ന മടിയില്ല. ഈ പ്രദേശത്തെയും ജനങ്ങളെയും കടന്നു മറ്റെങ്ങോ പോവുകയാണല്ലോ എന്ന മടുപ്പില്ല. എത്ര മഴയാലാണ് തങ്ങൾ പിറന്നതെന്നു പറയുന്ന ഒഴുക്കുകൾ.
ഭവാനിയുടെ ആരവത്തിന്റെ ആക്കം കൂടി. ഞങ്ങൾക്കേറെ ഇനിയും നടക്കാനുണ്ടല്ലോ എന്ന ഓർമയിൽ ഒഴുക്കിനരികെ നിന്ന് ഇത്തിരി മാത്രം അകലെയുള്ള വഴിയിലേക്ക് കയറി നടത്തം തുടർന്നു. തുടുക്കിയിലെത്തുമ്പോൾ രണ്ടര മണി ആയിട്ടുണ്ട്. തുടുക്കി ഊര് ആകെ മാറിയിട്ടുണ്ട്. സമീപത്തെല്ലാം നിറയെ കുരുമുളക് തോട്ടങ്ങൾ, വാഴകൾ അങ്ങനെ.
പാരമ്പര്യ കൃഷികൾ കാര്യമായിട്ടില്ല. അത് അന്വേഷിച്ചപ്പോൾ പറഞ്ഞത് കാട്ടാനകൾ നശിപ്പിക്കുന്നത് കാരണം റാഗി കൃഷി ചെയ്യാൻ പറ്റുന്നില്ല എന്നാണ്. വീടുകൾ എല്ലാം നല്ല വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. നിറയെ ചക്കകളുള്ള പ്ലാവുകൾ. നിറയെ പാലപ്പൂച്ചെടികൾ. കടും നിറത്തിലുള്ള റോസുകൾ. അങ്ങനെ നല്ല അന്തരീക്ഷം. ഒരു മൊബൈലും റേഞ്ചില്ലാത്ത സ്ഥലമാണ് തുടുക്കി. സമയത്ത് അഡ്മിഷന് അപേക്ഷിക്കാൻ കഴിയാതിരുന്ന കുറെ കുട്ടികളെ കണ്ടെത്തി അവരുടെ വിവരങ്ങൾ ശേഖരിച്ചു. രണ്ടു ദിവസം മുൻപ് പ്രസവിച്ച ശേഷം കുഞ്ഞിനേയും കൊണ്ട് ദുർഘട വഴികൾ താണ്ടി ഊരിലേക്ക് വന്ന ഒരു യുവതിയെക്കണ്ടിരുന്നു. ഒരു ചോദ്യവും ചോദിക്കാൻ ആവില്ലായിരുന്നു അവരോട്. കുഞ്ഞും അമ്മയും സുഖമായിരിക്കുന്നതിൽ ആശ്വാസം തോന്നി. ഞങ്ങൾ തിരിച്ചു നടക്കുമ്പോഴും ഭവാനി അതേ വേഗതയിൽ ഒഴുകുന്നുണ്ടായിരുന്നു. അപ്പോൾ വെയിൽ ആ ഒഴുക്കിൽ വേറൊരു നിറം ചാലിക്കുന്നുണ്ടായിരുന്നു. ദൂരെ നീലഗിരി മലനിരകൾ. ഇടയ്ക്കിടക്ക് പുൽമേടുകളും ചോലക്കാടുകളും. അവയിലും വെയിൽ ചായം പൂശുന്നുണ്ടായിരുന്നു. വഴി ഒഴുക്കിൽനിന്നകലെ യാകുമ്പോൾ കടുംപച്ചയിൽ കാടുകൾ ഒഴുക്കിനെ സസ്‌നേഹം പരിചരിക്കുന്ന പോലെ. എന്തൊരാർദ്രമായ കാഴ്ച. മഴ പറഞ്ഞുവെച്ച പോലെ വന്ന വെയിൽ പുഴയിലും കാട്ടിലും നിറഞ്ഞുനിന്നു. തിരിച്ചു ആറു മണിയോടെ ആനവായിലെത്തുമ്പോൾ മല്ലി മൂപ്പത്തിയുടെ ചുടുകട്ടൻ ചായ. കരുതിവെച്ചിരുന്ന പലഹാരം, നിറഞ്ഞ ചിരി. ഏറെക്കാലം കാണാതിരുന്നതിന്റെ പരിഭവം. അട്ട കടിച്ച മുറിവുകളിൽ നിന്നൊഴുകി വരുന്ന ചോരപ്പാടുകൾ കണ്ടു നേരത്തെ പുകയില പുരട്ടാത്തതിനെപ്പറ്റിയുള്ള ദേഷ്യപ്പെടൽ. ഇടയ്ക്കിടക്ക് ഇനിയും വന്നിരിക്കണമെന്ന ശാസന. തങ്ങളുടെ ഊരിൽനിന്നു പഠന തുടർച്ചക്കായി വിഷമമനുഭവിക്കുന്ന മുഴുവൻ കുട്ടികളെപ്പറ്റിയുമുള്ള വിവരങ്ങൾ എല്ലാമായി ഞങ്ങളിറങ്ങി. മല്ലി മൂപ്പത്തിയുടെ പ്രൗഢി മുൻപും ഞാൻ അറിഞ്ഞിട്ടുള്ളതാണ്. വിവേകപൂർണമായ തീരുമാനങ്ങൾ എല്ലാവരെയും പരിഗണിച്ചെടുക്കുന്ന ആളാണ് ആനവായ് മൂപ്പന്റെ ഭാര്യ.
കുറുമ്പ ബുദ്ദമൂപ്പന്റെ മകൻ കാക്കിമൂപ്പന്റെ ഭാര്യ. വൈദ്യമറിയാം. പുറത്തുള്ളവരോട് ഇടപഴകി ശീലമുണ്ട്. ഞങ്ങൾ താഴെ ആനവായ് ഊരിലെത്തിയപ്പോഴാണ് അവിടത്തെ യുവാക്കളുടെ സംഘത്തെ കാണുന്നത്. ഫുട്‌ബോൾ ടീമുണ്ട്. നന്നായി കളിക്കുന്നവരാണ്. കോളേജിലും മറ്റും പഠിക്കുന്നവരും പഠനം നിർത്തിയവരുമുണ്ട്. അവരെയെല്ലാം കാണാൻ വീണ്ടുമൊരിക്കൽ വരാമെന്നു കരുതി ഞങ്ങൾ ഭവാനിയുടെ സ്‌നേഹ സ്പർശമേറ്റ് മലയിറങ്ങി.






