യു.എ.ഇയില്‍ മൂന്നു ദിവസത്തെ ദുഃഖാചരണം

ദുബായ്- ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്യാണത്തില്‍ അനുശോചിച്ച് യു.എ.ഇയും. യുഎഇയില്‍ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. മസ്‌കത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് സുല്‍ത്താന്‍ ഖാബൂസ് നിര്യാതനായത്. അറബ് ലോകത്ത് ഏറ്റവുമധികം നാള്‍ ഭരണാധികാരിയായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.

സുല്‍ത്താന്റെ മരണത്തില്‍ യു.എ.ഇ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. 'വിശ്വസ്തത, സ്‌നേഹം, അറിവ് എന്നിവയുടെ സുല്‍ത്താന്‍' എന്നാണ് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അദ്ദേഹത്തെ വിശേഷിപ്പിച്ചത്. 'യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സഈദ് അല്‍ നഹ്‌യാനും അനുശോചനം രേഖപ്പെടുത്തി. സ്വന്തം രാജ്യത്തെ ജനങ്ങളുടെ വളര്‍ച്ചക്കും അറബ് മേഖലക്കും വേണ്ടി സുല്‍ത്താന്‍ ഖാബൂസ് ചെയ്ത പ്രവര്‍ത്തനങ്ങളെ ശൈഖ് ഖലീഫ ബിന്‍ സയീദ് അല്‍ നഹ്‌യാന്‍ അനുസ്മരിച്ചു.'ഒമാന്‍ രാജകുടുംബത്തോടും അവിടെയുള്ള ജനങ്ങളോളും ആത്മാര്‍ഥമായ അനുശോചനം രേഖപ്പെടുത്തുന്നു. ഒമാനിലെ ജനങ്ങള്‍ക്കും ഭരണനേതൃത്വത്തിനും അറബ് സഖ്യവുമായി ചേര്‍ന്ന് ശക്തമായി മുന്നോട്ടുവരാന്‍ സാധിക്കുമെന്ന കാര്യത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Latest News