Sorry, you need to enable JavaScript to visit this website.

ഇന്ത്യയുടെ പ്രിയ ചങ്ങാതി

മസ്‌കത്ത്- ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസിന്റെ നിര്യാണത്തില്‍ ഇന്ത്യയുടെ അനുശോചനം. ഇന്ത്യയുടെ ആത്മാര്‍ഥ സുഹൃത്തിനെ നഷ്ടമായെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോഡിയും അനുശോചിച്ചു. ഇന്ത്യയുമായി മികച്ച സൗഹൃദം കാത്തുസൂക്ഷിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം.
പുനെയില്‍ പഠിച്ചിട്ടുള്ള സുല്‍ത്താന്‍ ഖാബൂസിന് ഇന്ത്യയോടും ഇന്ത്യക്കാരോടും വലിയ സ്‌നേഹമായിരുന്നു. സുല്‍ത്താന്റെ പിതാവ് സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂര്‍ അജ്മറിലെ മയോ കോളജിലെ പൂര്‍വ വിദ്യാര്‍ഥിയായിരുന്നു. പിന്നീട് മകനെയും അദ്ദേഹം പൂനെയില്‍ അയച്ച് പഠിപ്പിച്ചു. അവിടെ ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മയുടെ വിദ്യാര്‍ഥിയായിരുന്നു സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദ്.
620,650 ഇന്ത്യന്‍ പ്രവാസികളാണ് നിലവില്‍ ഒമാനില്‍ കഴിയുന്നത്. ഇന്ത്യയില്‍ നിന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഒമാനിലേക്ക് കുടിയറിപ്പാര്‍ത്ത ഒരു സമൂഹവും ഇവിടെയുണ്ട്. രാജ്യത്തെ പൗരന്‍മാരാണ് ഇവര്‍. ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിച്ച് ഒമാന്റെ മക്കളായി വളരാന്‍ അവര്‍ക്ക് സുല്‍ത്താന്‍ ആശീര്‍വാദം നല്‍കി. രാജ്യത്തെ ഏറ്റവും വലിയ വ്യവസായ സമൂഹമായും ഇവര്‍ വളര്‍ന്നു. ആറ് ലക്ഷത്തില്‍ പരം ഇന്ത്യക്കാര്‍ രാജ്യത്ത് കഴിയുമ്പോള്‍ വ്യവസായ, വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ വലിയ സാന്നിധ്യമായി ഇന്ത്യക്കാര്‍ മാറിക്കഴിഞ്ഞു.
ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധത്തിന് നിരവധി സഹസ്രാബ്ദങ്ങളുടെ ചരിത്രമുണ്ട്. ഇരു രാഷ്ട്രങ്ങളിലെയും പ്രദേശങ്ങള്‍ക്കിടയില്‍ നൂറ്റാണ്ടുകളായി വ്യാപാരം തുടരുന്നു. ഒമാനിലെ പുരാവസ്തു ഖനനത്തില്‍ മൂന്നാം നൂറ്റാണ്ടിലെ ക്ലാസിക്കല്‍ യുഗത്തില്‍ ഇന്തോ-ഒമാന്‍ വ്യാപാരം നടന്നിരുന്നതായി ചരിത്ര തെളിവുകള്‍ കണ്ടെത്തിയിരുന്നു. മലബാറിലും പിന്നീട് ഗുജറാത്ത് തീരത്തും ഒമാന്‍ സംഘത്തിന്റെ വ്യപാര സന്ദര്‍ശനങ്ങള്‍ നടന്നു. ദക്ഷിണേന്ത്യയിലെ രാജാവായിരുന്ന ടിപ്പു സുല്‍ത്താന്‍ തന്റെ ഭരണകാലത്ത് ഒമാനിലേക്ക് ഒരു നയതന്ത്ര പ്രതിനിധിയെ അയച്ചതായും ചില രേഖകള്‍ പറയുന്നു.
ഇന്ത്യ-ഒമാന്‍ നയതന്ത്ര ബന്ധത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കുന്നത് 1955ലാണ്. ഈ വര്‍ഷം ഫെബ്രുവരിയില്‍ മസ്‌കത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആരംഭിച്ചു. 1960 ല്‍ കോണ്‍സുലേറ്റ് ജനറലായും പിന്നീട് 1971 ല്‍ എംബസിയായും ഉയര്‍ത്തി. ആദ്യ ഇന്ത്യന്‍ അംബാസഡര്‍ 1973ലാണ് ചുമതലയേല്‍ക്കുന്നത്. ഇതിനിടെ 1972 ല്‍ ഒമാന്‍ ദല്‍ഹിയില്‍ എംബസി പ്രവര്‍ത്തനം ആരംഭിച്ചു. 1976 ല്‍ മുംബൈയില്‍ ഒരു കോണ്‍സുലേറ്റ് ജനറലും സ്ഥാപിച്ചു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിന്റെ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണയ്ക്കുന്ന രാഷ്ട്രമാണ് ഒമാന്‍.
ഒമാനി വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി ഇന്ത്യയെയാണ് വലിയ തോതില്‍ ആശ്രയിക്കുന്നത്. ചികിത്സ ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ക്ക് ഒമാനില്‍ വിമാനം കയറുന്നത് ഇന്ത്യയിലേക്കാണ്.

 

Latest News