Sorry, you need to enable JavaScript to visit this website.

യു.എ.ഇയില്‍ കനത്ത മഴ, പലേടത്തും വെള്ളപ്പൊക്കം

ദുബായ്- കനത്ത മഴയില്‍ യു.എ.ഇ. ദുബായില്‍ രണ്ടര മണിക്കൂറില്‍ പെയ്തത് 150 മില്ലിമീറ്റര്‍ മഴ.
അസാധാരണമായ കനത്ത മഴ നഗരത്തെ വെള്ളത്തിലാക്കി.  എമിറേറ്റിലെ പല പ്രദേശങ്ങളിലും ഗതാഗതം വഴിതിരിച്ചുവിട്ടു. മഴ ഇന്നും തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ  പ്രവചനം അനുസരിച്ച് വടക്കന്‍, കിഴക്കന്‍ തീരപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരും.  
അബുദാബിയുടെ കിഴക്കന്‍ ഭാഗങ്ങള്‍, ദുബായ്, ഷാര്‍ജ, അജ്മാന്‍, റാസ് അല്‍ ഖൈമ, ഫുജൈറ, ജയ്‌സ് പര്‍വതങ്ങള്‍, ഉമ്മുല്‍ ഖുവൈന്‍ രാജ്യത്തിന്റെ വടക്കുകിഴക്കന്‍ പ്രദേശങ്ങളിലെ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ മഴ പെയ്യും.
വ്യാഴാഴ്ച മുതല്‍ പടിഞ്ഞാറന്‍ മേഖലയില്‍ നിന്നും ചെങ്കടലില്‍ നിന്നും യുഎഇയിലേക്ക് തണുത്ത വായു ഇറങ്ങുന്നു.  മുകളിലെ വായുവിനും ഉപരിതലത്തിനുമിടയില്‍ താഴ്ന്ന മര്‍ദ്ദമുണ്ട്. തണുത്ത വായുശകലങ്ങളും ന്യൂനമര്‍ദവും മേഘങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്നു. ശനിയാഴ്ച വൈകുന്നേരം വരെ സ്ഥിതി അതേപടി തുടരും, തുടര്‍ന്ന് ശാന്തമാകും-ദേശീയ കാലാവസ്ഥാ കേന്ദ്രം പറഞ്ഞു.
നിര്‍ത്താതെയുള്ള മഴ ഫുജൈറയിലെ വാദികളില്‍ വെള്ളപ്പൊക്കത്തിന് കാരണമായി. ഇതിന്റെ വീഡിയോകള്‍ എന്‍.സി.എം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു.
പൊടിയും മണല്‍ക്കാററും  വീശുമെന്ന് എന്‍സിഎം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്, ഇത് കാഴ്ചക്കുറവുണ്ടാക്കിയേക്കും. അതിവേഗത്തില്‍ വീശിയടിക്കുന്ന കാറ്റ് തുറന്ന പ്രദേശങ്ങളില്‍ പൊടിപടലമുണ്ടാക്കും.
വ്യാഴാഴ്ച വൈകുന്നേരം മഴ പെയ്യാന്‍ തുടങ്ങിയതു മുതല്‍ രാജ്യത്തുടനീളം താപനിലയില്‍ ഇടിവുണ്ടായതായി എന്‍.സി.എം പറയുന്നു. രാജ്യത്തെ പരമാവധി താപനില  20-23 , തീരപ്രദേശങ്ങളില്‍ 19-22 ഡിഗ്രി സെല്‍ഷ്യസ്  ആയിരിക്കും. 11-15 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയുള്ള പര്‍വതപ്രദേശങ്ങളില്‍ അന്തരീക്ഷം ഏറെ തണുത്തതായിരിക്കും.

 

Latest News