Sorry, you need to enable JavaScript to visit this website.

ആഫ്രിക്കയുടെ പൊൻമാൻ

ലിയണൽ മെസ്സിയെയും എഡൻ ഹസാഡിനെയും പോലുള്ള കളിക്കാർ ലോകത്തിലെ മികച്ച കളിക്കാരിലൊരാളായി മാനെക്ക് വോട്ട് നൽകി. ക്ലബ് ലോകകപ്പിലെയും യുവേഫ ചാമ്പ്യൻസ് ലീഗിലെയും കിരീടനേട്ടം ഇരുപത്തേഴുകാരന്റെ കഴിവിന് അടിവരയായി. പ്രീമിയർ ലീഗിൽ ഗോൾഡൻ ബൂട്ടിന് അർഹനായി.

നിഴലിലായിരുന്നു സാദിയൊ മാനെ. ലിവർപൂൾ ടീമിലായാലും സെനഗൽ ടീമിലായാലും. മാനെയുടെ ഗോളുകൾ പലപ്പോഴും കൂടുതൽ പ്രശസ്തരായ കളിക്കാരുടെ ഒളിമിന്നലിൽ മങ്ങിപ്പോവാറാണ് പതിവ്. ഒടുവിൽ മാനെയെ തേടി അംഗീകാരമെത്തുക തന്നെ ചെയ്തു. ആഫ്രിക്കൻ ഫുട്‌ബോളർ ഓഫ് ദ ഇയർ പദവിക്ക് അർഹനായിരിക്കുകയാണ് ഈ മിതഭാഷിയായ കളിക്കാരൻ. 
ലിവർപൂൾ നിരയിൽ മിന്നുന്ന ഫോമിലായിരുന്നു മാനെ. ലിയണൽ മെസ്സിയെയും എഡൻ ഹസാഡിനെയും പോലുള്ള കളിക്കാർ ലോകത്തിലെ മികച്ച കളിക്കാരിലൊരാളായി മാനെക്ക് വോട്ട് നൽകിയിരുന്നു. ക്ലബ് ലോകകപ്പിലെയും യുവേഫ ചാമ്പ്യൻസ് ലീഗിലെയും കിരീടനേട്ടം ഇരുപത്തേഴുകാരന്റെ കഴിവിന് അടിവരയായി. പ്രീമിയർ ലീഗിൽ ഗോൾഡൻ ബൂട്ടിന് അർഹനായി. 
തെക്കൻ സെനഗലിലെ ബംബാലി തെരുവിൽ നിന്ന് ലിവർപൂളിന്റെ സ്വപ്‌നസിംഹാസനത്തിലേക്കുള്ള മാനെയുടെ കുതിപ്പ് അമ്പരപ്പിക്കുന്നതാണ്. 2002 ൽ പത്താം വയസ്സിൽ സെനഗൽ ലോകകപ്പിലെ അരങ്ങേറ്റത്തിൽ ചരിത്രം സൃഷ്ടിക്കുന്നതു കണ്ടപ്പോഴാണ് ഫുട്‌ബോളാണ് തന്റെ വഴിയെന്ന് മാനെ തീരുമാനിച്ചത്. മാനെയുടെ മനസ്സിലും തലയിലും ഫുട്‌ബോൾ മാത്രമേയുള്ളൂ എന്നു തിരിച്ചറിഞ്ഞപ്പോഴാണ് കുടുംബം തലസ്ഥാന നഗരിയായ ദാകാറിലേക്ക് പോവാനും ഫുട്‌ബോളിന്റെ വഴി തേടാനും മാനെക്ക് അനുവാദം നൽകിയത്. വെറും പത്തു വർഷത്തിനു ശേഷം 2012 ലെ ഒളിംപിക്‌സിൽ മാനെ സെനഗലിന്റെ കുപ്പായമിട്ടു. 2018 ലെ ലോകകപ്പിൽ ദേശീയ ടീമിന്റെ നായകനായി. 2019 ലെ ആഫ്രിക്കൻ നാഷൻസ് കപ്പിലും ടീമിനെ നയിച്ചു. പക്ഷെ കേൾക്കുന്നതു പോലെ സുഗമമായിരുന്നില്ല ഈ യാത്ര. 
പതിനാറാം വയസ്സിൽ മാനെക്ക് ആദ്യം അവസരം കിട്ടിയപ്പോൾ കിറ്റില്ലാത്തതിന്റെ പേരിൽ പുറത്താക്കപ്പെടേണ്ടതായിരുന്നു. ഒരു ഫുട്‌ബോളറുടെ വേഷത്തിലല്ല മാനെ മത്സരത്തിന് പോയത്. ഷോട്‌സ് ഉണ്ടായിരുന്നില്ല, ബൂട്ടുകൾ പിന്നിപ്പോയിരുന്നു. പക്ഷെ മാനെയുടെ പ്രതിഭ ശ്രദ്ധിക്കപ്പെടുക തന്നെ ചെയ്തു. അങ്ങനെയാണ് ഫ്രഞ്ച് രണ്ടാം ഡിവിഷൻ ടീം മെറ്റ്‌സിലെത്തിയത്. 
ഓസ്ട്രിയയിലെ റെഡ് ബുൾ സാൽസ്ബർഗ് അവിടെ നിന്ന് മാനെയെ റാഞ്ചി. യൂർഗൻ ക്ലോപ് പരിശീലിപ്പിക്കുന്ന ബൊറൂഷ്യ ഡോർട്മുണ്ടിൽ മാനെക്ക് ട്രയൽസുണ്ടായിരുന്നു. എന്നാൽ ആദ്യ അവസരത്തിൽ മാനെയുടെ മികവ് മനസ്സിലാക്കുന്നതിൽ ക്ലോപ് പരാജയപ്പെട്ടു. പകരം മാനെ ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ സതാംപ്റ്റനിൽ ചേർന്നു. 2015-16 സീസണിൽ 15 ഗോളടിക്കുകയും ഒമ്പത് ഗോളിന് വഴിയൊരുക്കുകയും ചെയ്തു. 
പ്രീമിയർ ലീഗിലെ ഏറ്റവും വേഗമേറിയ ഹാട്രിക്കിന് ഉടമയായി. ഏതാനും വർഷത്തിനു ശേഷം ക്ലോപ് പഴയ തെറ്റ് തിരുത്തി. അങ്ങനെയാണ് സെനഗൽ താരം ലിവർപൂളിലെത്തുന്നത്. അതിനു ശേഷം ഇരുവരും തിരിഞ്ഞുനോക്കിയിട്ടില്ല. ക്ലോപ് ആദ്യം ടീമിലുൾപെടുത്തിയ പ്രമുഖ താരമായിരുന്നു മാനെ. 
മനെയെ പോലൊരു കളിക്കാരൻ മികച്ച താരങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്തായിപ്പോയത് നാണക്കേടാണെന്ന് ലിയണൽ മെസ്സി പറയുന്നു. ഇഷ്ടപ്പെടുന്ന കളിക്കാരനായതിനാലാണ് മാനെയെ തെരഞ്ഞെടുത്തതെന്ന് ഫിഫ വോട്ടിംഗിലെ തന്റെ കളിക്കാരനെക്കുറിച്ച് മെസ്സി വിശദീകരിച്ചു. 2018-19 സീസണിനു ശേഷം ക്ലബ്ബിനും രാജ്യത്തിനുമായി മാനെ 64 ഗോളടിച്ചു. ഈ സീസണിൽ ശരാശരി 88 മിനിറ്റിൽ ഒരു ഗോൾ സ്‌കോർ ചെയ്തു. കഴിഞ്ഞ സീസണിൽ 22 ഗോളുമായി പ്രീമയിർ ലീഗ് ഗോൾഡൻ ബൂട്ട് പങ്കുവെച്ചു.
 

Latest News