Sorry, you need to enable JavaScript to visit this website.

സ്വിംഗിന്റെ സുൽത്താൻ: കഴിഞ്ഞ ദിവസം വിരമിച്ച ഇർഫാൻ പഠാൻ കടന്നു വന്ന വഴിയിലേക്ക് തിരിഞ്ഞുനോക്കുന്നു...

2003 ൽ അഡ്‌ലയ്ഡ് ഓവലിൽ ഓസ്‌ട്രേലിയക്കെതിരെ പത്തൊമ്പതാം വയസ്സിലായിരുന്നു ഇർഫാന്റെ അരങ്ങേറ്റം. എക്‌സ്പ്രസ് പെയ്‌സ് ഇല്ലെങ്കിലും ബാറ്റ്‌സ്മാന്മാരെ മുൾമുനയിൽ നിർത്താൻ ഇർഫാന് സാധിച്ചു. 2006 ലെ പാക്കിസ്ഥാൻ പര്യടനത്തിൽ ഇർഫാൻ ടെസ്റ്റിൽ ഹാട്രിക് നേടുന്ന പ്രഥമ ഇന്ത്യൻ പെയ്‌സ്ബൗളറായി. കറാച്ചി ടെസ്റ്റിന്റെ ആദ്യ ഓവറിൽ സൽമാൻ ബട്ടിനെയും യൂനിസ് ഖാനെയും മുഹമ്മദ് യൂസുഫിനെയും തുടർച്ചയായ പന്തുകളിൽ ഇർഫാൻ പുറത്താക്കി. 2007 ൽ ബംഗളൂരു ടെസ്റ്റിൽ പാക്കിസ്ഥാനെതിരെ ഇർഫാൻ കന്നി ടെസ്റ്റ് സെഞ്ചുറി പൂർത്തിയാക്കി.

അധികം പെയ്‌സൊന്നുമില്ലാത്ത ഇർഫാൻ പഠാൻ ഇന്ത്യൻ ക്രിക്കറ്റിലേക്ക് പൊട്ടിവീണപ്പോൾ അധികകാലം ഉണ്ടാവുമെന്ന് ആരും പ്രതീക്ഷിച്ചില്ല. പക്ഷെ വർഷങ്ങളോളം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നെടുന്തൂണാവാനും ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക് നേടിയ അപൂർവം ഇന്ത്യൻ പെയ്‌സ്ബൗളർമാരിലൊരാളാവാനും ഇർഫാന് സാധിച്ചു. 
എല്ലാ രൂപത്തിലുമുള്ള ക്രിക്കറ്റിലും ഇന്ത്യൻ കുപ്പായമിടാൻ സാധിച്ചത് അഭിമാനകരമായ നേട്ടമായി ഇർഫാൻ കരുതുന്നു. 2012 ലാണ് മുപ്പത്തഞ്ചുകാരൻ അവസാനം ഇന്ത്യക്കു കളിച്ചത്. 173 രാജ്യാന്തര മത്സരങ്ങളിൽ 2821 റൺസും 301 വിക്കറ്റും ബറോഡ താരം സ്വന്തമാക്കി. 
എപ്പോഴും കൂടുതൽ നന്നാവണമെന്നാണ് ചിന്തിച്ചതെന്ന് ഇർഫാൻ പറഞ്ഞു. എന്നാൽ എല്ലാ കളിയിലും തിളങ്ങാനാവില്ലെന്ന് ബോധ്യപ്പെട്ടു. പലപ്പോവും നല്ല ദിനങ്ങളെക്കാൾ മോശം ദിനങ്ങളായിരിക്കും കൂടുതലെന്ന് പല മുൻ കളിക്കാരും ഓർമിപ്പിച്ചു. പക്ഷെ ക്രിക്കറ്റ് എനിക്ക് സംതൃപ്തി തന്ന യാത്രയായിരുന്നു -ഓൾറൗണ്ടർ പറഞ്ഞു. 
2003 ൽ അഡ്‌ലയ്ഡ് ഓവലിൽ ഓസ്‌ട്രേലിയക്കെതിരെ പത്തൊമ്പതാം വയസ്സിലായിരുന്നു ഇർഫാന്റെ അരങ്ങേറ്റം. എക്‌സ്പ്രസ് പെയ്‌സ് ഇല്ലെങ്കിലും ബാറ്റ്‌സ്മാന്മാരെ മുൾമുനയിൽ നിർത്താൻ ഇർഫാന് സാധിച്ചു. ഇരുവശങ്ങളിലേക്കും ഇർഫാൻ പന്ത് സ്വിംഗ് ചെയ്യിച്ചു. വൈകാതെ കപിൽദേവുമായും വസീം അക്രമുമായും ഇടങ്കൈയൻ ഉപമിക്കപ്പെട്ടു.  
2006 ലെ പാക്കിസ്ഥാൻ പര്യടനത്തിൽ ഇർഫാൻ ടെസ്റ്റിൽ ഹാട്രിക് നേടുന്ന പ്രഥമ ഇന്ത്യൻ പെയ്‌സ്ബൗളറായി. ഇന്ത്യൻ ബൗളർമാരിൽ സ്പിന്നർ ഹർഭജൻ സിംഗ് മാത്രമേ അതിനു മുമ്പ് ടെസ്റ്റിൽ ഹാട്രിക് നേടിയിരുന്നുള്ളൂ. കറാച്ചി ടെസ്റ്റിന്റെ ആദ്യ ഓവറിൽ സൽമാൻ ബട്ടിനെയും യൂനിസ് ഖാനെയും മുഹമ്മദ് യൂസുഫിനെയും തുടർച്ചയായ പന്തുകളിൽ ഇർഫാൻ പുറത്താക്കി. 
2007 ൽ ഇന്ത്യ ട്വന്റി20 ലോകകപ്പ് നേടിയത് ഇർഫാന്റെ കൂടി മികവിലായിരുന്നു. പാക്കിസ്ഥാനെതിരായ ഫൈനലിൽ ഇർഫാൻ മാൻ ഓഫ് ദ മാച്ചായി. വെറും 16 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് സ്വന്തമാക്കി. ട്വന്റി20 ലോകകപ്പ് നേടിയതും ഫൈനലിൽ മാൻ ഓഫ് ദ മാച്ചായതുമാണ് കരിയറിലെ ഏറ്റവും അവിസ്മരണീയ മുഹൂർത്തങ്ങളെന്ന് ഇർഫാൻ പറയുന്നു. 
രഞ്ജി ട്രോഫിയിൽ ബറോഡക്കു വേണ്ടി ഒരു വർഷം തികയും മുമ്പാണ് ഇർഫാൻ ഇന്ത്യൻ ടീമിലെത്തിയത്. സൗരവ് ഗാംഗുലിക്കും രാഹുൽ ദ്രാവിഡിനും കീഴിലായിരുന്നു പ്രധാനമായും ഇർഫാൻ കളിച്ചത്. ഇരുവരും സമാനതകളില്ലാത്ത നായകന്മാരായിരുന്നുവെന്ന് ഇർഫാൻ പറയുന്നു. 'പ്രയാസകരമായ ഘട്ടത്തിലാണ് സൗരവ് ഇന്ത്യൻ ക്രിക്കറ്റിന്റെ നായക പദവി ഏറ്റെടുത്തതെന്ന് ഏവർക്കുമറിയാം. ടീമിനെ അദ്ദേഹം നയിച്ച രീതി അത്യുജ്വലമായിരുന്നു. മറ്റൊരു ടീമിനെക്കാളും ചെറുതല്ല ഇന്ത്യൻ ടീമെന്ന വികാരമാണ് സൗരവ് ഞങ്ങളിൽ വളർത്തിയെടുത്തത്. ജൂനിയർ കളിക്കാരെയും സീനിയർ കളിക്കാരെയും കൈകാര്യം ചെയ്യുന്നതിൽ ദ്രാവിഡ് പ്രകടിപ്പിച്ച പാടവം മഹനീയമായിരുന്നു. യുവ കളിക്കാർക്ക് മാർഗദർശിയായി ക്യാപ്റ്റൻ. എനിക്ക് ധാരാളം അവസരങ്ങൾ തന്നു. ബാറ്റിംഗിൽ ടോപ് ഓർഡറിൽ കൊണ്ടുവന്നു. പുതിയ പന്തുമായി ബൗൾ ചെയ്യാൻ അവസരം നൽകി' -ഇർഫാൻ പറഞ്ഞു.
2007 ൽ ബംഗളൂരു ടെസ്റ്റിൽ പാക്കിസ്ഥാനെതിരെ ഇർഫാൻ കന്നി ടെസ്റ്റ് സെഞ്ചുറി പൂർത്തിയാക്കി. 2008 ലെ പെർത്ത് ടെസ്റ്റിൽ ഇർഫാൻ ഓൾറൗണ്ട് പ്രകടനത്തിലൂടെ ഇന്ത്യയുടെ പ്രതീക്ഷ കാത്തു. വൺഡൗണായി വന്ന് 46 റൺസ് നേടി. അഞ്ചു വിക്കറ്റുമെടുത്തു. ഓസ്‌ട്രേലിയൻ മണ്ണിൽ ഇന്ത്യയുടെ ഏറ്റവും ശ്രദ്ധേയമായ വിജയങ്ങളിലൊന്നിൽ മാൻ ഓഫ് ദ മാച്ചായി. 
പരിക്കുകളാണ് ഇർഫാന്റെ കരിയറിൽ വില്ലനായത്. അതോടെ പെയ്‌സ് കുറഞ്ഞു. 2013 ൽ ചാമ്പ്യൻസ് ട്രോഫി നേടിയ ടീമിൽ അംഗമായിരുന്നുവെങ്കിലും അവസരം കിട്ടിയിരുന്നില്ല. 
സചിൻ ടെണ്ടുൽക്കറാണ് തനിക്ക് ബാറ്റിംഗിൽ സ്ഥാനക്കയറ്റം നൽകാൻ നിർദേശിച്ചതെന്ന് ഇർഫാൻ വെളിപ്പെടുത്തി. പലരും ഗ്രെഗ് ചാപ്പലിന്റെ ആശയമായാണ് അത് സ്വീകരിച്ചത്. ബാറ്റിംഗ് എപ്പോഴും ഞാൻ ആസ്വദിച്ചിരുന്നു. ഇന്റർനാഷനൽ ക്രിക്കറ്റിലെത്തിയപ്പോൾ ബാറ്റിംഗിൽ മികവു കാണിച്ചു തുടങ്ങിയതല്ല. ബറോഡ അണ്ടർ-16 ടീമിൽ മൂന്നാം നമ്പർ ബാറ്റ്‌സ്മാനായിരുന്നു. രഞ്ജി ട്രോഫിയിലും അങ്ങനെ തന്നെ. ബാറ്റിംഗല്ല എന്റെ ബൗളിംഗിനെ തടസ്സപ്പെടുത്തിയത്. സ്ഥാനം മാറി മാറി ബാറ്റ് ചെയ്യിച്ച ഗ്രെഗ് ചാപ്പലാണ് ഇർഫാന്റെ കരിയർ നശിപ്പിച്ചതെന്ന് ആരോപണമുണ്ട്. എന്നാൽ ഇർഫാൻ അത് അംഗീകരിക്കുന്നില്ല. ടീം മാനേജ്‌മെന്റ് തെറ്റായി കൈകാര്യം ചെയ്തതും കാരണമാവാമെങ്കിലും തന്റെ പെയ്‌സോ സ്വിംഗോ കുറഞ്ഞിട്ടില്ലെന്നും ടീം തനിക്ക് തന്ന ചുമതല റൺ നിയന്ത്രിക്കലായിരുന്നുവെന്നും ഓൾറൗണ്ടർ ചൂണ്ടിക്കാട്ടി. 
കപിൽദേവിനും മനോജ് പ്രഭാകറിനും ശേഷം ഇന്ത്യക്കു കിട്ടിയ ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടറായിരുന്നു ഇർഫാൻ. ഹാർദിക് പാണ്ഡ്യയും ശിവം ദൂബെയും തമ്മിൽ ഭാവിയിൽ ഈ സ്ഥാനത്തിനായി ശക്തമായ മത്സരമുണ്ടാവുമെന്ന് ഇർഫാൻ കരുതുന്നു. ഇടങ്കൈയനാണെന്നത് ദൂബെക്ക് ഗുണം ചെയ്യുമെന്നാണ് ഇർഫാന്റെ നിലപാട്.
 

Latest News