മസ്‌കത്ത്- ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദ് അന്തരിച്ചു. 79 വയസായിരുന്നു. ഏറെ നാളായി അസുഖബാധിതനായിരുന്നു. ദീവാൻ ഓഫ് റോയൽ കോട്ടാണ് വാർത്ത പുറത്തുവിട്ടത്. 1940 നവംബർ പതിനെട്ടിന് സലാലയിലായിരുന്നു ഖാബൂസിന്റെ ജനനം. സുൽത്താൻ സഈദ് ബിൻ തൈമൂറിന്റെയും ഷെയ്ഖ മസൂനയുടെ ഏകമകനാണ്. ഇംഗ്ലണ്ടിൽ പഠനം പൂർത്തിയാക്കിയ ഖാബൂസ് 1970 ജൂലൈ 23-നാണ് ഒമാന്റെ ഭരണം ഏറ്റെടുത്തത്.

ഒമാനിൽ മൂന്നു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക താഴ്ത്തിക്കെട്ടും. ഖാബൂസ് അവിവാഹിതനാണ്. കിരീടാവകാശിയെ നേരത്തെ പ്രഖ്യാപിച്ചിരുന്നില്ല. പുതിയ ഭരണാധികാരിയെ കണ്ടെത്താൻ തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്. മൂന്നു ദിവസത്തിനകം ഇക്കാര്യത്തിലും തീരുമാനമാകും. പുതിയ ഭരണാധികാരിയെ രാജകുടുംബം തെരഞ്ഞെടുക്കും.






