ദുബായ് മാളിലെ കോഫി ഷോപ്പില്‍ ശൈഖ് മുഹമ്മദ് അല്‍ നഹ്‌യാന്‍, വിസ്മയത്തോടെ ജനങ്ങള്‍

ദുബായ്- അബുദാബി കിരീടാവകാശിയും യു.എ.ഇ ആംഡ് ഫോഴ്‌സ് ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനെ ദുബായിലെ മാളില്‍ കണ്ടത് സന്ദര്‍ശകരില്‍ വിസ്മയം പടര്‍ത്തി. ദുബായ് മാളിലെ ഫാഷന്‍ അവന്യൂവിന് സമീപത്താണ് അബുദാബി കിരീടാവകാശിയെ കണ്ടത്. ഇതിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു.
ഇമാര്‍ പ്രോപ്പര്‍ട്ടീസിന്റെ ചെയര്‍മാന്‍ മുഹമ്മദ് അലബാറും അദ്ദേഹത്തിനൊപ്പം ചേര്‍ന്നു. ഇരുവരും മാളിനകത്തുള്ള കോഫീ ഷോപ്പില്‍ ഇരിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.
യു.എന്‍ ജനറല്‍ അസംബ്ലി പ്രസിഡന്റ് തിജാനി മുഹമ്മദ് ബാന്ധെയുമായും അദ്ദേഹം മാളില്‍ കൂടിക്കാഴ്ച നടത്തി. ഞാന്‍ യു.എന്‍ ജനറല്‍ അസംബ്ലി പ്രസിഡന്റ് തിജാനി മുഹമ്മദ് ബാന്ധെയുമായി കൂടിക്കാഴ്ച നടത്തി. യുഎഇയും യുഎന്നും തമ്മിലുള്ള മാനുഷികവും വികസനപരവുമായ സഹകരണത്തെ കുറിച്ച് ചര്‍ച്ച ചെയ്തു. കൂടാതെ, സുസ്ഥിര വികസനത്തെകുറിച്ചും പരിസ്ഥിതി വിഷയങ്ങളെക്കുറിച്ചും സംസാരിച്ചു-ശൈഖ് നഹ്‌യാന്‍ പിന്നീട് ട്വിറ്ററില്‍ കുറിച്ചു.
സന്ദര്‍ശനത്തെ കുറിച്ച് വലിയ ചര്‍ച്ചയാണ് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത്. പ്രിയപ്പെട്ട ഭരണാധികാരി സാധാരണ ജനങ്ങളെപ്പോലെ മാളുകളിലും മറ്റും പ്രത്യക്ഷപ്പെടുന്നത് ആളുകള്‍ വലിയ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് കാണുന്നത്.

 

Latest News