കുവൈത്തില്‍ മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍ അടപ്പിച്ചു

കുവൈത്ത് സിറ്റി - കഴിഞ്ഞ മാസം കുവൈത്തില്‍ നിയമലംഘനങ്ങള്‍ക്ക് പത്തു മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍ വാണിജ്യ, വ്യവസായ മന്ത്രാലയം അടപ്പിച്ചു. നാലു ജ്വല്ലറികളും ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയും കഴിഞ്ഞ മാസം മന്ത്രാലയം അടപ്പിച്ചു. വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിനു കീഴിലെ പണം വെളിപ്പിക്കല്‍, ഭീകരതക്കുള്ള ഫണ്ടിംഗ് വിരുദ്ധ വിഭാഗമാണ് സ്ഥാപനങ്ങള്‍ അടപ്പിച്ചത്. കഴിഞ്ഞ മാസം കുവൈത്തില്‍ ആകെ 128 കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ പണം വെളിപ്പിക്കല്‍, ഭീകരതക്കുള്ള ഫണ്ടിംഗ് വിരുദ്ധ വിഭാഗം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു.
പതിനാലു റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്കും ഒമ്പതു ജ്വല്ലറി കമ്പനികള്‍ക്കും ഒരു ഇന്‍ഷുറന്‍സ് കമ്പനിക്കും ഒരു മണി എക്‌സ്‌ചേഞ്ച് കമ്പനിക്കും വാണിംഗ് നോട്ടീസ് നല്‍കി. നിയമ വ്യവസ്ഥകള്‍ പാലിച്ച് പദവി ശരിയാക്കുന്നതിന് 49 റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്കും 23 ജ്വല്ലറി കമ്പനികള്‍ക്കും രണ്ടു മണി എക്‌സ്‌ചേഞ്ചുകള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കി. പത്തൊമ്പതു റിയല്‍ എസ്റ്റേറ്റ് കമ്പനികളും മൂന്നു ഇന്‍ഷുറന്‍സ് കമ്പനികളും സ്ഥാപിക്കുന്നതിനുള്ള അപേക്ഷകളില്‍ വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ നടപടികള്‍ സ്വീകരിക്കുന്നതിനു മുമ്പായി പണം വെളിപ്പിക്കല്‍, ഭീകരതക്കുള്ള ഫണ്ടിംഗ് വിരുദ്ധ വിഭാഗത്തില്‍ നിന്നുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായും അധികൃതര്‍ അറിയിച്ചു.

 

Latest News