കുവൈത്ത് സിറ്റി - സൗന്ദര്യ മത്സരം സംഘടിപ്പിച്ച കുവൈത്തി യുവാവിനെ കുവൈത്ത് കോടതി രണ്ടു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. ഏറ്റവും ഭംഗിയുള്ള കാലുകളുള്ള യുവതികളെ കണ്ടെത്തുന്നതിനാണ് യുവാവ് മത്സരം സംഘടിപ്പിച്ചത്. ഇത് പൊതുസമൂഹത്തിന്റെ കടുത്ത രോഷത്തിന് ഇടയാക്കിയിരുന്നു. വിജയിക്ക് സ്വര്‍ണ കൊലുസാണ് സമ്മാനമായി വാഗ്ദാനം ചെയ്തിരുന്നത്.
സമൂഹത്തിന്റെ പാരമ്പര്യങ്ങള്‍ക്കും ആചാരങ്ങള്‍ക്കും വിരുദ്ധമായി മത്സര വിവരം ട്വിറ്ററിലൂടെ പരസ്യപ്പെടുത്തിയ യുവാവിനെ എത്രയും വേഗം അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്ന് സമൂഹത്തിലെ നാനാതുറകളില്‍ പെട്ടവര്‍ ആവശ്യപ്പെട്ടിരുന്നു. യുവാവിന്റെ ഭാഗത്തു നിന്നുണ്ടായത് പൊതുസംസ്‌കാരത്തിന് നിരക്കാത്ത കുറ്റകൃത്യമാണെന്നും സാങ്കേതിവിദ്യാ ദുരുപയോഗമാണെന്നും പബ്ലിക് പ്രോസിക്യൂഷനെ സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്‌മെന്റ് അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മത്സരാര്‍ഥികളില്‍ നിന്ന് 1,500 ഫോട്ടോകള്‍ ലഭിച്ചതായും വിജയിക്ക് 250 കുവൈത്തി ദീനാറിലേറെ വിലയുള്ള സ്വര്‍ണ കൊലുസ് സമ്മാനിച്ചതായും യുവാവ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.






