സ്‌കൂളുകളില്‍ യോഗ പഠനം നിര്‍ബന്ധമാക്കണമെന്ന ഹര്‍ജി സുപ്രിം കോടതി തള്ളി 

ന്യുദല്‍ഹി- രാജ്യത്ത് സ്‌കൂളുകളില്‍ ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളില്‍ യോഗ പഠനം നിര്‍ബന്ധ വിഷയമാക്കണമെന്നാവശ്യപ്പെട്ട സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാരിനാണ് തീരുമാനമെടുക്കാനുള്ള അവകാശമെന്നു വ്യക്തമാക്കിയാണ് ജസ്റ്റിസ് എം സി ലകൂറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഹര്‍ജിക്കാരന്റെ ആവശ്യം നിരസിച്ചത്. ദേശീയ യോഗ നയം രൂപീകരിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. 'സ്‌കൂളുകളില്‍ എന്തു പഠിപ്പിക്കണമെന്ന് തീരുമാനിക്കാന്‍ കോടതിക്കാവില്ല. അത് കോടതിയുടെ കാര്യവുമല്ല എന്നിരിക്കെ ഇങ്ങനെ ഒരു നിര്‍ദേശം നല്‍കാന്‍ കോടതിക്ക് എങ്ങനെ കഴിയും?' ബെഞ്ച് ചോദിച്ചു. 

ദല്‍ഹി ബിജെപി വക്താവും അഭിഭാഷകനുമായ അശ്വിനി കൂമാര്‍ ഉപാധ്യയ, ജെ സി സേഠ് എന്നിവരാണ് യോഗ പഠന വിഷയമാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. എന്‍.സി.ഇ.ആര്‍.ടി, എന്‍.സി.ടി.ഇ, സി.ബി.എസ്.ഇ പാഠപുസ്തകങ്ങളില്‍ യോഗം പാഠം ഉള്‍പ്പെടുത്താന്‍ മാനവ വിഭവ ശേഷി മന്ത്രാലയത്തോട് നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. 

Latest News