ഡി.എസ്.എഫില്‍ പാടാന്‍ സോനു നിഗം വരുന്നു

ദുബായ്- ദുബായ് ഷോപ്പിംഗ് മേളയില്‍ സംഗീതവിരുന്നൊരുക്കാന്‍ ബോളിവുഡ് ഗായകന്‍ സോനു നിഗം വരുന്നു. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ വെള്ളി വൈകിട്ട് സോനു നിഗം അരങ്ങിലെത്തും. 95 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക്. ഈജിപ്യന്‍ ഗായകന്‍ മുഹമ്മദ് റമദാന്‍, മൊറോക്കന്‍ ഗായകന്‍ സാദ് ലംജാറദ് എന്നിവരുടെ സംഗീതപരിപാടിയും അരങ്ങേറും.
24 ന് ദുബായ് ബ്ലൂവാട്ടേഴ്‌സിലെ സീസേഴ്‌സ് പാലസില്‍ ദല്‍ഹിയില്‍നിന്നുള്ള ഗായകനും ഗാനരചയിതാവുമായ പ്രതീക് കുഹാദ് ഹിന്ദി, ഇംഗ്ലിഷ് ഗാനങ്ങള്‍ ആലപിക്കും. ഇദ്ദേഹത്തിന്റെ 'ടോക്കന്‍സ് ആന്‍ഡ് ചാംസ്' എന്ന ആല്‍ബം രാജ്യാന്തര അവാര്‍ഡുകളടക്കം നേടിയിട്ടുണ്ട്.
24 ന് ഈജിപ്ഷ്യന്‍ ഗായകന്‍ അമര്‍ ദിയബ് ദുബായ് മീഡിയ സിറ്റി ആംഫി തിയറ്ററില്‍ സംഗീതനിശയൊരുക്കും.  27ന് അമേരിക്കന്‍ പിയാനോ വിദഗ്ധന്‍ സാമുവല്‍ ഗാസ്പര്യനും അരങ്ങിലെത്തും.

 

Latest News