സംഭാവന നല്‍കാത്തതില്‍ ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിനെതിരെ കേസെടുത്തു; അറസ്റ്റ് ഉടന്‍

കൊല്ലം- ആവശ്യപ്പെട്ട തുക സംഭാവന നല്‍കാത്തിനു വ്യാപാരിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിനെതിരെ പൊലീസ് കേസെടുത്തു. ഉടന്‍ അറസ്റ്റ് ചെയ്യും. കൊല്ലം ജില്ല ബിജെപി കമ്മിറ്റി അംഗം ബി സുഭാഷിനെതിരെയാണ് കേസ്. 5,000 രൂപ പിരിവ് ചോദിച്ചപ്പോള്‍ 3,000 രൂപ നല്‍കാമെന്ന് പറഞ്ഞ ചവറയിലെ വ്യാപാരി മനോജിനെയാണ് സുഭാഷ് ഭീഷണിപ്പെടുത്തിയത്. ഇതിന്റെ ശബ്ദരേഖ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു. ഇതോടെ വെട്ടിലായ ബിജെപി സുഭാഷിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് മുഖം രക്ഷിക്കാന്‍ ശ്രമിച്ചിരുന്നു. 

മനോജ് നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ജൂലൈ 28-നാണ് ഭീഷണിപ്പെടുത്തിയതെന്ന് മനോജ് പറഞ്ഞു. പലതവണ ബിജെപിക്ക് സംഭവാന നല്‍കിയിട്ടുള്ള തന്നില്‍ നിന്ന് ഇത്തരത്തില്‍ ഭീഷണിപ്പെടുത്തി പരിവ് വാങ്ങാന്‍ ശ്രമിക്കുന്നത് ആദ്യമായാണെന്നും മനോജ് പറയുന്നു. 5000 രൂപ ആവശ്യപ്പെട്ടിട്ട് എന്തു കൊണ്ടു നല്‍കിയില്ല എന്നു ചോദിച്ചായിരുന്നു ഭീഷണി. പണം നല്‍കിയില്ലെങ്കില്‍ കാണിച്ചു തരാമെന്ന ഭീഷണിയും ഉള്‍പ്പെടുന്ന ശബ്ദരേഖ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനു കൈമാറിയിരുന്നു.

Latest News