മുംബൈ- മലേഷ്യയില്‍നിന്ന് സംസ്‌കരിച്ച പാമോയിലും പാമോലീനും ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തി. കശ്മീരില്‍ ഇന്ത്യ കൈക്കൊണ്ട നടപടികളേയും പൗരത്വ നിയമ ഭേദഗതിയേയും വിമര്‍ശിച്ചതിനുള്ള മലേഷ്യക്കുള്ള ശിക്ഷയാണിതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
മലേഷ്യയില്‍നിന്ന് ഇന്ത്യയിലേക്ക് ഇനി ക്രൂഡ് പാമോയില്‍ മാത്രമേ ഇറക്കുമതി ചെയ്യാനാകൂ. മലേഷ്യയില്‍നിന്നാണ് ഇന്ത്യയിലേക്ക് പ്രധാനമായും റിഫൈന്‍ഡ് പാമോയിലും പാമോലീനും ഇറക്കുമതി ചെയ്യുന്നത്. പുതിയ തീരുമാനം ഏറ്റവും കൂടുതല്‍ ക്രൂഡ് പാമോയില്‍ കയറ്റി അയക്കുന്ന ഇന്തോനേഷ്യക്ക് സഹായകമാകും.
നരേന്ദ്ര മോഡിയുടെ ഹിന്ദു ദേശീയ സര്‍ക്കാര്‍ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദിന് തിരിച്ചടി നല്‍കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍, വ്യവസായ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.