മഹാരാഷ്ട്ര ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ്: ആർ.എസ്.എസ് ആസ്ഥാനത്ത് കാലിടറി ബി.ജെ.പി

മുംബൈ- മഹാരാഷ്ട്ര ജില്ലാ പഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആർ.എസ്.എസിന്റെ ആസ്ഥാനവും മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെയും പ്രവർത്തനമണ്ഡലവുമായ നാഗ്പുരിൽ ബി.ജെ.പിക്ക് കനത്ത തോൽവി. നാഗ്പുർ ജില്ലാ പരിഷത്തിലെ 58 സീറ്റിൽ 15 സീറ്റിൽ മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാനായത്. മുപ്പത് സീറ്റുകളാണ് ഇവിടെ കോൺഗ്രസ് നേടിയത്. ജില്ലാ പഞ്ചായത്തിന്റെ ഭരണം കോൺഗ്രസ് സ്വന്തമാക്കി. ഗഡ്കരിയുടെ പട്ടണമായ ഡാപേവാഡയിൽ പോലും ബി.ജെ.പിക്ക് വിജയിക്കാനായില്ല. കോൺഗ്രസിന്റെ മാരുതി സോംകുവാർ കോൺഗ്രസിന്റെ മഹേന്ദ്ര ഡോംഗ്രയോട് തോറ്റു. കോൺഗ്രസ് സ്ഥാനാർഥി 9,444 വോട്ടുകൾ നേടിയപ്പോൾ ബി.ജെ.പിക്ക് നേടാനായത് 5,501 വോട്ടുകൾ മാത്രമാണ്. അതേസമയം, ഡുലേ ജില്ലാ പഞ്ചായത്തിന്റെ ഭരണം ബി.ജെ.പിക്ക് ലഭിച്ചു. നാഗ്പുർ, അകോല, വാഷിം, ഡുലെ, നന്ദുർബർ, പൽഗാർ എന്നീ ജില്ലാ പഞ്ചായത്തുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 
ബി.ജെ.പിക്ക് 664 സീറ്റുകളിൽ 194 സീറ്റുകളാണ് നേടാനായത്. കോൺഗ്രസ് 73 ജില്ലാ പഞ്ചായത്ത് സീറ്റുകളും 145 പഞ്ചായത്ത് സമിതി സീറ്റുകളും നേടി. എൻ.സി.പി 46 ജില്ലാ പഞ്ചായത്ത് സീറ്റുകളും 80 പഞ്ചായത്ത് സമിതി സീറ്റുകളും സ്വന്തമാക്കി. ശിവസേനക്ക് 49 ജില്ലാ പഞ്ചായത്ത് സീറ്റുകളും 117 പഞ്ചായത്ത് സമിതി സീറ്റുകളും നേടി. ഡുലെ ജില്ലാ പഞ്ചായത്തിൽ ഇതാദ്യമായാണ് ബി.ജെ.പി ഭൂരിപക്ഷം സ്വന്തമാക്കുന്നത്. 56 അംഗ ജില്ലാ പഞ്ചായത്ത് സീറ്റിൽ 39 സീറ്റുകളും ബി.ജെ.പിക്കാണ്. ശിവസേന നാലും കോൺഗ്രസ് ഏഴും എൻ.സി.പി മൂന്നും സ്വതന്ത്രർ മൂന്നും സീറ്റ് നേടി. 

Latest News