Sorry, you need to enable JavaScript to visit this website.

സൗദിയിലേക്ക് വെറുതെ വന്നതല്ല -സിദാന്‍

ജിദ്ദ - സൗദി അറേബ്യയിലേക്ക് വെറുതെ വന്നതല്ലെന്നും കപ്പടിക്കാന്‍ തന്നെയാണെന്നും റയല്‍ മഡ്രീഡ് കോച്ച് സിനദിന്‍ സിദാന്‍. കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ ബുധനാഴ്ച ആരംഭിക്കുന്ന സ്പാനിഷ് സൂപ്പര്‍ കപ്പ് മിനി ടൂര്‍ണമെന്റിന് മുന്നോടിയായുള്ള പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സിദാന്‍. ടൂര്‍ണമെന്റിലെ നാലു ടീമുകളും ഒന്നിനൊന്ന് ശക്തമാണെന്നും ആര് കിരീടം നേടുമെന്ന് പ്രവചിക്കാനാവില്ലെന്നും സിദാന്‍ പറഞ്ഞു. ഞങ്ങള്‍ എല്ലാ ശ്രമവും നടത്തും. ഇപ്പോള്‍ വലന്‍സിയക്കെതിരായ മത്സരത്തില്‍ മാത്രമാണ് ശ്രദ്ധ -സിദാന്‍ പറഞ്ഞു. കരീം ബെന്‍സീമയുടെ അഭാവത്തില്‍ ലൂക്ക ജോവിച്ചാണ് റയലിന്റെ ആക്രമണം നയിക്കുക. 
ഇതാദ്യമായി ടൂര്‍ണമെന്റ് രൂപത്തില്‍ സംഘടിപ്പിക്കുന്ന സ്പാനിഷ് സൂപ്പര്‍ കപ്പില്‍ നാല് പ്രമുഖ ടീമുകളാണ് അണിനിരക്കുന്നത്. സിനദിന്‍ സിദാന്‍ പരിശീലിപ്പിക്കുന്ന റയല്‍ മഡ്രീഡ് ആദ്യ സെമി ഫൈനലില്‍ ബുധനാഴ്ച വലന്‍സിയയുമായി ഏറ്റുമുട്ടും. ബാഴ്‌സലോണയും അത്‌ലറ്റിക്കൊ മഡ്രീഡും തമ്മിലാണ് വ്യാഴാഴ്ചയിലെ രണ്ടാം സെമി. ഞായറാഴ്ച ഫൈനല്‍ അരങ്ങേറും. 
ടൂര്‍ണമെന്റ് വീക്ഷിക്കാന്‍ സ്‌പെയിനില്‍ നിന്ന് അധികം പേരൊന്നും ഉണ്ടാവില്ലെന്നാണ് സൂചന. വലന്‍സിയയും അത്‌ലറ്റിക്കോയും നൂറില്‍ താഴെ ടിക്കറ്റ് മാത്രമാണ് വിറ്റഴിച്ചത്. ജിദ്ദയിലേക്കുള്ള പത്ത് മണിക്കൂര്‍ യാത്രക്കും താമസത്തിനുമായി ആയിരം യൂറോയെങ്കിലും ചെലവാകും. എങ്കിലും സൗദിയിലെ ഫുട്‌ബോള്‍ പ്രേമികള്‍ സ്റ്റേഡിയം നിറയും. 62,000 പേര്‍ക്കിരിക്കാവുന്നതാണ് കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയം. ബാഴ്‌സലോണ-അത്‌ലറ്റിക്കൊ മത്സരത്തിന്റെ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. റയല്‍-വലന്‍സിയ മത്സരത്തിന്റെ പതിനായിരത്തോളം ടിക്കറ്റുകള്‍ തിങ്കളാഴ്ച രാത്രി ലഭ്യമായിരുന്നു. ഫൈനലിന്റെ മുപ്പത്തഞ്ചായിരത്തോളം ടിക്കറ്റുകള്‍ വില്‍പനയുടെ ആദ്യ ദിനം തന്നെ വിറ്റഴിഞ്ഞിരുന്നു. സെമി ഫൈനല്‍ ടിക്കറ്റുകള്‍ക്ക് 75 റിയാല്‍ മുതലും ഫൈനലിന്റെ ടിക്കറ്റിന് 150 റിയാല്‍ മുതലുമാണ് നിരക്ക്. 
സ്പാനിഷ് ഫുട്‌ബോളിലെ ഈ സീസണിലെ ആദ്യ ട്രോഫിയാണ് ജിദ്ദയില്‍ നിര്‍ണയിക്കപ്പെടുക. എഡന്‍ ഹസാഡ്, ഗാരെത് ബെയ്ല്‍, കരീം ബെന്‍സീമ എന്നീ മുന്‍നിര കളിക്കാരില്ലാതെയാണ് റയല്‍ എത്തിയത്. ഗോളി മാര്‍ക്ക് ആന്ദ്രെ ടെര്‍സ്‌റ്റേഗനെ ബാഴ്‌സലോണ പുറത്തുനിര്‍ത്തിയിരിക്കുകയാണ്. ലിയണല്‍ മെസ്സിയെ ബാഴ്‌സലോണ പൂര്‍ണമായി ഉപയോഗിക്കുമോയെന്നും കണ്ടറിയണം.  
ബാഴ്‌സലോണയാണ് ഏറ്റവുമധികം തവണ സ്പാനിഷ് സൂപ്പര്‍ കപ്പ് നേടിയ ടീം -13. റയല്‍ പത്തു തവണ ചാമ്പ്യന്മാരായിട്ടുണ്ട്. 

Latest News