മുംബൈ- ജെ.എൻ.യുവിൽ വിദ്യാർഥികൾക്ക് നേരെ പോലീസിന്റെ സഹായത്തോടെ എ.ബി.വി.പി നടത്തിയ ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് മുംബൈയിൽ പ്രതീകാത്മാക ഗേറ്റ് വേ ഓഫ് ഇന്ത്യ പിടിച്ചെടുക്കൽ സമരം നടത്തിയ വിദ്യാർത്ഥികളെ പോലീസ് നീക്കി. മുംബൈയിലെ ഗേറ്റ് വേക്ക് മുന്നിൽ സമരം നടത്തിയ വിദ്യാർഥികളെ പോലീസ് രണ്ടു കിലോമീറ്റർ അകലെയുള്ള ആസാദ് മൈതാനത്തിലേക്കാണ് മാറ്റിയത്. ചിലരെ ബലം പ്രയോഗിച്ച് മാറ്റിയപ്പോൾ മറ്റു ചിലർ സ്വയം സന്നദ്ധരായി ഇവിടെനിന്ന് ആസാദ് മൈതാനിയിലേക്ക് മാറി. ഞായറാഴ്ച രാത്രി മുതൽ തുടങ്ങിയ സമരം ഇതോടെ അവസാനിപ്പിക്കുന്നതായും സമരം വിജയിച്ചതായും വിദ്യാർഥികൾ പറഞ്ഞു. സമരത്തിന്റെ ലക്ഷ്യം ജനങ്ങളിൽ എത്തിയതായും ടി.ഐ.എസ്.എസ് വിദ്യാർഥി കപിൽ അഗർവാൾ പറഞ്ഞു. ഗേറ്റ് വേയിലെ സമരം മുംബൈയിലെ ജനജീവിതത്തെ ബാധിച്ചതോടെയാണ് സമരക്കാരെ ഇവിടെ നിന്ന് നീക്കിയത്. ഇവിടെ ടോയ്‌ലറ്റ് അടക്കമുള്ള സൗകര്യങ്ങളില്ലെന്നും ജനക്കൂട്ടത്തെ നിയന്ത്രിക്കാനാകാത്തതാണ് സമരസ്ഥലം മാറ്റാൻ കാരണമെന്നും പോലീസ് വ്യക്തമാക്കി. രണ്ടുമൂന്നു വട്ടം ഇവിടെ നിന്ന് മാറാൻ വിദ്യാർഥികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവർ അതിന് തയ്യാറായില്ല. തുടർന്നാണ് ബലം പ്രയോഗിക്കേണ്ടി വന്നത്. വിനോദ സഞ്ചാരികൾക്കും മറ്റും സമരം ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ടായിരുന്നു. തുടർന്നാണ് സമരസ്ഥലം മാറ്റാൻ ആവശ്യപ്പെട്ടത്. എന്നാൽ ചിലർ ഇതിന് തയ്യാറായില്ല. ബലം പ്രയോഗിച്ച് ചിലരെ മാറ്റേണ്ടി വന്നുവെന്ന് മുംബൈ ഡപ്യൂട്ടി പോലീസ് കമ്മീഷണർ സംഗ്രംസിംഗ് നിഷാന്ദർ പറഞ്ഞു.






