Sorry, you need to enable JavaScript to visit this website.

സുരക്ഷാ ഭദ്രതക്ക് അറബ്-ആഫ്രിക്കൻ കൂട്ടായ്മ, ഖത്തറും സഹകരിക്കും

ചെങ്കടൽ, ഏദൻ ഉൾക്കടൽ തീരത്തെ അറബ്, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിദേശ മന്ത്രിമാരും സൽമാൻ രാജാവും ചർച്ച നടത്തുന്നു. 

റിയാദ് - ചെങ്കടൽ, ഏദൻ ഉൾക്കടൽ തീരത്തെ അറബ്, ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള വിദേശ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്ത വിദേശ മന്ത്രിമാർ സൽമാൻ രാജാവിനെ സന്ദർശിച്ചു. മേഖലയിൽ സമാധാനവും സുരക്ഷാ ഭദ്രതയും ശക്തമാക്കുന്നതിന് രാജ്യങ്ങൾ തമ്മിൽ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് കൂടിക്കാഴ്ചക്കിടെ രാജാവും വിദേശ മന്ത്രിമാരും വിശകലനം ചെയ്തു. പുതിയ കൂട്ടായ്മയാ രൂപീകരണ ചാർട്ടറിൽ രാജാവ് ഒപ്പുവെക്കുകയും ചെയ്തു. 
സൗദി അറേബ്യ, ഈജിപ്ത്, സുഡാൻ, ജിബൂത്തി, യെമൻ, സോമാലിയ, ജോർദാൻ, എരിത്രിയ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട പുതിയ കൂട്ടായ്മ മേഖലാ രാജ്യങ്ങളിൽ സുരക്ഷാ ഭദ്രതയുണ്ടാക്കുന്നതിന് പ്രവർത്തിക്കുകയും വികസനത്തിന് പിന്തുണ നൽകുകയും ചെയ്യും. 
മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ജലപാതകളാണ് ചെങ്കടലും ഏദൻ ഉൾക്കടലും. കടൽ കൊള്ള, കള്ളക്കടത്ത്, മനുഷ്യക്കടത്ത്, പരിസ്ഥിതി മലിനീകരണം എന്നിവയിൽ നിന്ന് ഈ ജലപാതകൾക്ക് സംരക്ഷണം നൽകേണ്ടത് പ്രധാനമാണ്. മേഖലാ രാജ്യങ്ങൾക്കിടയിൽ എമ്പാടും നിക്ഷേപ, വാണിജ്യ അവസരങ്ങളുമുണ്ട്. ചെങ്കടലുമായി ബന്ധപ്പെട്ട സുരക്ഷാ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും സാമ്പത്തിക, വികസന, നിക്ഷേപ, പരിസ്ഥിതി, സൈനിക തലങ്ങളിൽ പ്രധാന പങ്കു വഹിക്കുന്നതിനും പുതിയ കൂട്ടായ്മക്ക് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 


ഏദൻ ഉൾക്കടലിലും ഹുർമുസ് കടലിടുക്കിലും ചെങ്കടലിലും സമീപ പ്രദേശങ്ങളിലും അടുത്ത കാലത്ത് എണ്ണ ടാങ്കറുകളും വാണിജ്യ കപ്പലുകളും ലക്ഷ്യമിട്ട് നിരവധി തവണ ആക്രമണങ്ങളുണ്ടായിട്ടുണ്ട്. ഏതാനും കപ്പലുകൾ ഇറാൻ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. സോമാലിയൻ കടൽ കൊള്ളക്കാർ അടക്കമുള്ളവർ മോചന ദ്രവ്യത്തിനു വേണ്ടി കപ്പലുകൾ തട്ടിയെടുക്കുന്ന സംഭവങ്ങളുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് കപ്പൽ ഗതാഗത സുരക്ഷ കൂടി മുൻനിർത്തി മേഖലയിലെ അറബ്, ആഫ്രിക്കൻ രാജ്യങ്ങളെ ഉൾപ്പെടുത്തി പുതിയ കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്. 
എണ്ണ ടാങ്കറുകൾക്കു നേരെ ആവർത്തിച്ച് ആക്രമണങ്ങളുണ്ടാവുകയും ഗൾഫിൽ നിന്നുള്ള എണ്ണ നീക്കം തടസ്സപ്പെട്ടേക്കുമെന്ന ഭീതി വർധിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ മേഖലയിൽ സമുദ്ര ഗതാഗത സുരക്ഷ ഉറപ്പു വരുത്തുന്നതിന് അമേരിക്ക മുൻകൈയെടുത്ത് അടുത്തിടെ അന്താരാഷ്ട്ര സഖ്യം സ്ഥാപിച്ചിട്ടുണ്ട്. ഇന്റർനാഷണൽ മാരിറ്റൈം സെക്യൂരിറ്റി കൺസ്ട്രക്ട് എന്ന പേരിൽ ബഹ്‌റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സഖ്യത്തിൽ അമേരിക്കക്കു പുറമെ, ഓസ്‌ട്രേലിയ, ബഹ്‌റൈൻ, ബ്രിട്ടൻ, സൗദി അറേബ്യ, യു.എ.ഇ, അൽബേനിയ എന്നീ രാജ്യങ്ങൾ അംഗങ്ങളാണ്. ഈ സഖ്യത്തിൽ ചേരുന്നതിന് കുവൈത്തും ഖത്തറും തീരുമാനിച്ചിട്ടുമുണ്ട്. 

 

Latest News