Sorry, you need to enable JavaScript to visit this website.

ഗുവാഹതിയിലെ നാണക്കേട്, ബി.സി.സി.ഐ റിപ്പോര്‍ട്ട് തേടി

ഗുവാഹതി - ഇന്ത്യ-ശ്രീലങ്ക ആദ്യ ട്വന്റി20 ഉപേക്ഷിക്കേണ്ടി വന്നതുമായി ബന്ധപ്പെട്ട നാണക്കേടിന്റെ സംഭവങ്ങളില്‍ ബി.സി.സി.ഐക്ക് രോഷം. ഗുവാഹതിയിലെ ബര്‍സപാര സ്റ്റേഡിയത്തില്‍ ഒരുക്കിയ സജ്ജീകരണങ്ങള്‍ ലോകത്തിലെ ഏറ്റവും സമ്പന്നമായ കായിക ഭരണ സമിതികളിലൊന്നായ ബി.സി.സി.ഐയെ പരിഹാസ്യമാക്കി. ഗ്രൗണ്ട് മൂടിയിട്ട കവറിലൂടെ വെള്ളം ഗ്രൗണ്ടിലേക്ക് ചോര്‍ന്നൊലിച്ചതാണ് ഞായറാഴ്ചത്തെ മത്സരം അസാധ്യമാക്കിയത്. ഹെയര്‍ ഡ്രൈയറും ഇസ്തിരിപ്പെട്ടിയുമൊക്കെ ഉപയോഗിച്ച് ഗ്രൗണ്ട് ഉണക്കാന്‍ നടത്തിയ ശ്രമം കൂടുതല്‍ പരിഹാസം ക്ഷണിച്ചുവരുത്തി. ഒരു ഇന്റര്‍നാഷനല്‍ ഗ്രൗണ്ടില്‍ പ്രതീക്ഷിക്കാവുന്നതായിരുന്നില്ല ഇത്. രാത്രി ഒമ്പതരക്കായിരുന്നു അമ്പയര്‍മാര്‍ അവസാനം ഗ്രൗണ്ട് പരിശോധിച്ചത്. അതിന് അര മണിക്കൂര്‍ മുമ്പ് കളിക്കാര്‍ ഗ്രൗണ്ട് വിട്ടിരുന്നു. 9.54 നാണ് കളി ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചത്. കളിക്കാര്‍ ഗ്രൗണ്ട് വിട്ട് ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍.
സംഭവങ്ങള്‍ ബി.സി.സി.ഐയെ ചൊടിപ്പിച്ചിട്ടുണ്ട്. ക്യുറേറ്റര്‍ ആശിഷ് ഭൗമിക്കിന്റെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് ബി.സി.സി.ഐ. സംസ്ഥാന അസോസിയേഷന്‍ ഭാരവാഹികളുടെ പരിചയക്കുറവാണ് ഇത്തരമൊരു നാണക്കേടിന് കാരണമെന്നാണ് ബി.സി.സി.ഐ പറയുന്നത്. 
ചൊവ്വാഴ്ച ഇന്‍ഡോറില്‍ രണ്ടാം മത്സരത്തില്‍ ടീമുകള്‍ കൊമ്പുകോര്‍ക്കുകയാണ്. 
 

Latest News