മലയാളം മിഷന്‍: സമാന്തര പ്രവേശനത്തിന് സംവിധാനം

മനാമ- ലാറ്ററല്‍ എന്‍ട്രി അഥവാ സമാന്തര പ്രവേശനത്തിലുടെ പ്രവാസി കുട്ടികള്‍ക്ക് പ്രായത്തിന്റെയും ഭാഷാശേഷിയുടെയും അടിസ്ഥാനത്തില്‍ ഉയര്‍ന്ന കോഴ്‌സിലേക്ക് നേരിട്ട് പ്രവേശനം നേടാന്‍ സംവിധാനമൊരുങ്ങുന്നു. നിലവില്‍ മലയാളം മിഷന്റെ പഠന കേന്ദ്രങ്ങളില്‍ പഠിതാക്കളല്ലാത്ത കുട്ടികള്‍ക്കും സമാന്തര പ്രവേശനത്തിന് അവസരം ലഭിക്കും.
ലോകമെമ്പാടും മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിനായി കേരള സര്‍ക്കാര്‍ ആരംഭിച്ച സംരംഭമായ മലയാളം മിഷന്റെ പാഠ്യപദ്ധതിയനുസരിച്ച് നിലവില്‍ നാല് കോഴ്‌സുകളാണ് നടന്നു വരുന്നത്. പ്രാഥമിക കോഴ്‌സായ കണിക്കൊന്ന, (ആറ് വയസ്സ് പൂര്‍ത്തിയായ ആര്‍ക്കും ഈ സര്‍ട്ടിഫിക്കറ്റ് കോഴ്‌സില്‍ ചേരാം) തുടര്‍ന്ന് ഡിപ്ലോമ കോഴ്‌സായ സൂര്യകാന്തി (രണ്ട് വര്‍ഷം), ഹയര്‍ ഡിപ്ലോമ കോഴ്‌സായ ആമ്പല്‍ (3 വര്‍ഷം) സീനിയര്‍ ഹയര്‍ ഡിപ്ലോമ കോഴ്‌സായ നീലക്കുറിഞ്ഞി (3 വര്‍ഷം) എന്നിങ്ങനെ അനുക്രമമായി പഠിക്കുന്ന രീതിയിലാണ് കോഴ്‌സുകള്‍.
ഈ കോഴ്‌സുകള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ പത്താം ക്ലാസ്സിന് തുല്യമായ നിലവാരത്തിലേക്ക് വിദ്യാര്‍ഥികള്‍ക്ക് എത്തിച്ചേരാന്‍ കഴിയുന്ന രീതിയിലുളളതാണ് പാഠ്യപദ്ധതി. മലയാളം മിഷന്റെ പുതിയ വിജ്ഞാപനമനുസരിച്ച് ഇനി മുതല്‍ എട്ട് വയസ്സ് പൂര്‍ത്തിയായ കുട്ടിക്ക് ഡിപ്ലോമ കോഴ്‌സിലേക്കും പത്ത് വയസ്സായ കുട്ടിക്ക് ഹയര്‍ ഡിപ്ലോമ കോഴ്‌സിലേക്കും നേരിട്ട് പ്രവേശനം ലഭിക്കും. അനിവാര്യമായ സാഹചര്യത്തില്‍ സീനിയര്‍ ഹയര്‍ ഡിപ്ലോമ കോഴ്‌സിലേക്കും പതിമൂന്ന് വയസ്സ് തികഞ്ഞ കുട്ടികള്‍ക്ക് നേരിട്ട് പ്രവേശനം അനുവദിക്കും.
മലയാളം മിഷന്റെ മുന്നോട്ടുള്ള പ്രയാണത്തിലെ ഏറ്റവും നിര്‍ണായക തീരുമാനമാണ് സമാന്തര പ്രവേശനമെന്നും അത് പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ ജനുവരി 15 ന് മുമ്പായി മലയാളം മിഷന്റെ ഏതെങ്കിലുമൊരു പഠന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്നും മലയാളം മിഷന്‍ പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും സെക്രട്ടറി ബിജു.എം.സതീഷും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ 38044694, 36045 442 (രജിത അനി, ജോയിന്റ് സെക്രട്ടറി, മലയാളം മിഷന്‍ ബഹ്‌റൈന്‍ ചാപ്റ്റര്‍)

 

Latest News