ജിദ്ദ- നാട്ടിലേക്കുള്ള മടക്കയാത്രയിൽ ഉംറ തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. സ്വകാര്യ ഉംറ ഗ്രൂപ്പിൽ എത്തിയ കോഴിക്കോട് അരീക്കാട് നൂനിന്റകത്ത് അബ്ദുൽ ഖാദർ ആണ് ഉംറ തീർഥാടനവും മദീന സിയാറയും കഴിഞ്ഞ് മദീനയിൽനിന്ന് ജിദ്ദ വിമാനത്താവളത്തിലേക്കുള്ള മാർഗമധ്യേ മരിച്ചത്. ഹിജ്റ റോഡിൽ വാദി സിതാര എന്നിടത്ത് സുബ്ഹി നമസ്കാരത്തിന് ബസ് നിർത്തിയ വേളയിലാണ് മരണം സംഭവിച്ചത്. വുളുവെടുക്കാൻ പുറത്തിറങ്ങിയതിനിടെ, കുഴഞ്ഞു വീഴുകയായിരുന്നു. വൈകാതെ മരണം സംഭവിക്കുകയും ചെയ്തു. സൗദി റെഡ് ക്രസന്റ് ആംബുലൻസ് എത്തി മൃതദേഹം ഖുലൈസ് ആശുപത്രിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് ഇവിടെ തന്നെ ഖബറടക്കും. ഭാര്യയോടൊപ്പം ഉംറക്കെത്തിയ അബ്ദുൽ ഖാദർ, ഗ്രൂപ്പിനൊപ്പം ഞായറാഴ്ച ഉച്ചക്ക് രണ്ടരക്കുള്ള വിമാനത്തിലാണ് നാട്ടിലേക്ക് മടങ്ങേണ്ടിയിരുന്നത്.






