പെരുമ്പാവൂരിന്റെ തെരുവോരങ്ങള്‍ കീഴടക്കി പെണ്‍ പ്രതിഷേധം

കൊച്ചി- പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ കുന്നത്തുനാട് താലൂക്ക് വുമണ്‍സ് ഫോറം സംഘടിപ്പിച്ച പ്രതിഷേധ റാലിയിലേക്ക് ഒഴുകി എത്തിയത് പതിനായിരങ്ങള്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തില്‍ തങ്ങളുടെ ഉയിര് നല്‍കാന്‍ തയാറാണന്ന മുദ്രാവാക്യം മുഴക്കിയാണ് നാടിന്റെ നാനാഭാഗത്ത് നിന്ന് പതിനായിരക്കണക്കിന് യുവതികളും വിദ്യാര്‍ഥിനികളും കൈക്കുഞ്ഞുങ്ങളുമായി വീട്ടമ്മമാരും ഒഴുകി എത്തിയത്. പെരുമ്പാവൂര്‍ ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തില്‍ ആസാദീ മുദ്രാവാക്യങ്ങളാണ് മുഴങ്ങിക്കേട്ടത്.
ആര്‍.എസ്.എസിന്റെ കുടില തന്ത്രങ്ങളില്‍പെട്ട് ഈ നാട് അശാന്തിയിലേക്ക് തള്ളിവിടാന്‍ മതേതര വിശ്വാസികള്‍ അനുവദിക്കുകയില്ലെന്നും സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. എന്‍.ആര്‍.സിയും എന്‍.പി.ആറും ഇരട്ടക്കുട്ടികളാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി. നാടിന്റെ മതേതരത്വവും അഖണ്ഡതയും സംരക്ഷിക്കാന്‍ സമര രംഗത്തിറങ്ങാന്‍ സമ്മേളനം വനിതകളോട് ആഹ്വാനം ചെയ്തു.
പൊതു സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍പേഴ്‌സണ്‍ ആയിഷ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. റൈഹാനത്ത് ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തി. ജനറല്‍ കണ്‍വീനര്‍ ഷാജിത നൗഷാദ്, വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് സ്വാതി റെജികുമാര്‍, രമണി കോതമംഗലം, റഫീഖ ജലീല്‍, പത്മിനി രാജു, അഡ്വ.സാജിത സിദ്ധീഖ്, വഹീദ അഷറഫ്, ശ്യാമള സുരേഷ്, സനിത നവാസ്, സുബൈദ മുഹമ്മദ്, റമീന ജബ്ബാര്‍, ബുഷ്‌റ മുഹമ്മദലി എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് ആയിഷ ടീച്ചര്‍, ഷാജിദ നൗഷാദ്, നൂര്‍ജഹാന്‍ സക്കീര്‍, സനൂജ, സഹിദ, ശ്യാമള സുരേഷ്, സാഹിദ അലി എന്നിവര്‍ നേതൃത്വം നല്‍കി. പെരുമ്പാവൂരിന്റെ ചരിത്രത്തില്‍ പുതിയ ചരിത്രം എഴുതിച്ചേര്‍ത്താണ് പ്രകടനം സമാപിച്ചത്.

 

 

Latest News