അങ്ങനെ ഒരിക്കൽ കൂടി മഹേന്ദ്ര ധോണി ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നു. ഇന്ത്യയുടെ ഏകദിന, ട്വന്റി ടീമുകളുടെ നായക പദവി സ്വയം ഒഴിഞ്ഞുകൊണ്ട്. ക്യാപ്റ്റൻ കൂൾ എന്ന തന്റെ എന്തുകൊണ്ടും ഉചിതമായ വിശേഷണം ഒരിക്കൽ കൂടി അന്വർഥമാക്കിക്കൊണ്ട്...
ഉചിതമായ സമയത്ത് കൈക്കൊണ്ട യുക്തമായ തീരുമാനമാണിതെന്ന കാര്യത്തിൽ സംശയമില്ല. ഇന്ത്യൻ ക്രിക്കറ്റിനെ കൈപിടിച്ച് മുന്നോട്ട് നയിക്കാൻ പ്രഗൽഭനും ഊർജസ്വലനുമായ വിരാട് കോഹ്‌ലി കഴിവ് തെളിയിച്ച് നിൽക്കുമ്പോൾ വഴിമുടക്കാൻ താനില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു ബി.സി.സി.ഐക്ക് നൽകിയ കത്തിലൂടെ ധോണി. ആരും അങ്ങോട്ട് ആവശ്യപ്പെട്ടിട്ടായിരുന്നില്ല ഈ തീരുമാനം. രാജ്യത്തിന് മൂന്ന് രണ്ട് ലോകകപ്പുകളും ഒരു ചാമ്പ്യൻസ് ട്രോഫിയും നേടിത്തന്ന ധോണിക്ക് ആ മികവിൽ മാത്രം ചോദ്യം ചെയ്യപ്പെടാതെ ഇനിയും വർഷങ്ങൾ ക്യാപ്റ്റൻ സ്ഥാനത്ത് തുടരാം. എന്നാൽ സ്വന്തം നേട്ടത്തേക്കാൾ ഇന്ത്യൻ ക്രിക്കറ്റിനാണ് താൻ പ്രാധാന്യം നൽകുന്നതെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു ക്യാപ്റ്റൻ കൂൾ.
ക്യാപ്റ്റൻ പദവി എന്നത് ഒരു റിലേ ഓട്ടമാണെങ്കിൽ, ഏറ്റവും മികച്ച റിലേ ഓട്ടക്കാരനായിരിക്കും ധോണി. തന്റെ ലാപ്പിൽ ഏറ്റവും വേഗത്തിലോടി മികച്ച ലീഡോടെ ബാറ്റൺ അടുത്ത ഓട്ടക്കാരന് കൈമാറുകയാണല്ലോ നല്ലൊരു റിലേ താരം ചെയ്യേണ്ടത്. അതു തന്നെയാണ് ധോണി ചെയ്തിരിക്കുന്നതും. ബാറ്റൺ തന്റെ കൈവശമുണ്ടായിരുന്നപ്പോൾ ടീമിനെ പരമാവധി ഉയരങ്ങളിലെത്തിച്ച ശേഷം, അടുത്ത ഓട്ടക്കാരന് കൈമാറുന്നു. രണ്ട് വർഷം മുമ്പ് ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിച്ചതും ഇതു പോലൊരു നീക്കമായിരുന്നു.
ഇന്ത്യ ഇതുവരെ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് ക്യാപ്റ്റനാണ് ധോണിയെന്നതിന് 35 കാരന്റെ റെക്കോർഡുകൾ തന്നെ ധാരാളം. ട്വന്റി20യിലും ഏകദിനത്തിലും ഇന്ത്യയെ ലോക ചാമ്പ്യന്മാരാക്കി. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ ലോകത്തെ ഒന്നാം റാങ്കുകാരുമാക്കി. തിരിച്ചടികൾ പലതും നേരിട്ടു. പക്ഷെ വിജയത്തിൽ അമിതമായി ആഹ്ലാദിക്കാതെയും പരാജയത്തിൽ അതിയായി ദുഃഖിക്കാതെയും ശരിയായ നായകനാവാൻ കഴിഞ്ഞുവെന്നതാണ് ധോണിയുടെ ഏറ്റവും നല്ല നേട്ടം. ഇന്ത്യയുടെ പല മുൻ ക്യാപ്റ്റന്മാർക്കും, അവരുടെ പ്രാഗൽഭ്യം അംഗീകരിക്കുമ്പോൾ തന്നെ, ഇല്ലാതെ പോയിരുന്ന ഗുണമാണിത്.
ഇന്ത്യൻ ക്രിക്കറ്റിന്റെ വളർച്ചക്ക് വിലപ്പെട്ട സംഭാനവകൾ നൽകിയ പല നായകന്മാരും ഉണ്ടായിട്ടുണ്ട് ഇതിനു മുമ്പ്. ലാല അമർനാഥ്, മൻസൂർ അലിഖാൻ പട്ടൗഡി, അജിത് വഡേക്കൽ, സുനിൽ ഗവാസ്‌കർ, കപിൽ ദേവ്, മുഹമ്മദ് അസ്ഹറുദ്ദീൻ, സൗരവ് ഗാംഗുലി, സചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ് തുടങ്ങിയവർ. എന്നാൽ സ്വരം നന്നായിരിക്കുമ്പോൾ, നായക പദവിയിൽനിന്ന് ഒഴിവാക്കിത്തരണമെന്ന് സ്വമേധയാ ആവശ്യപ്പെട്ട ഒരാൾ പോലും അക്കൂട്ടത്തിലില്ല. പലരെയും ബി.സി.സി.ഐ ഒഴിവാക്കുകയായിരുന്നു. ക്യാപ്റ്റൻസിയുടെ ഭാരം താങ്ങാനാവാതെ പ്രകടനം മോശമായതിനാൽ വിട്ടൊഴിയാൻ നിർബന്ധിതരായവരാണ് മറ്റ് ചിലർ. ബലമായി തള്ളി പുറത്താക്കേണ്ടിവന്നവരുമുണ്ട്. അപ്പോഴും തല ഉയർത്തി തന്നെ നിൽക്കുന്നു ധോണി.
2007 ൽ ബി.സി.സി.ഐ അധികൃതർ ഇന്ത്യൻ ടീമിന്റെ നായക സ്ഥാനം വെച്ചുനീട്ടുമ്പോൾ ക്യാപ്റ്റനെന്ന ഒരു പരിചയ സമ്പത്തും അന്ന് 26 കാരനായിരുന്ന ധോണിക്ക് ഉണ്ടായിരുന്നില്ല. ക്രിക്കറ്റിലെ ന്യൂജൻ ഇനമായ ട്വന്റി20 ടീമിന്റെ നായകനായിട്ടായിരുന്നു ഝാർഖണ്ഡുകാരൻ അവരോധിക്കപ്പെട്ടത്. ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയെ നയിക്കുകയായിരുന്നു ദൗത്യം. മാസങ്ങൾക്കു മാത്രം മുമ്പ് വെസ്റ്റിൻഡീസിൽ നടന്ന ഏകദിന ലോകകപ്പിൽ ആദ്യ റൗണ്ടിൽ തന്നെ ഇന്ത്യൻ ടീമിനെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബി.സി.സി.ഐയും സെലക്ടർമാരും ധോണിയെ ചുമതലയേൽപിച്ചത്. ഉത്തരവാദിത്തം ധോണി ഭംഗിയായി നിറവേറ്റി. ലോകകപ്പുമായാണ് ധോണിയും കൂട്ടരും ദക്ഷിണാഫ്രിക്കയിൽനിന്ന് മടങ്ങിയത്. ധോണി എന്ന സൂപ്പർ താരത്തിന്റെ ഉദയവും അവിടെയായിരുന്നു.
ക്ഷമയും പക്വതയും സമചിത്തതയുമുള്ള ഒരു ക്യാപ്റ്റനെ കണ്ടെത്തിയതോടെ ഇന്ത്യൻ ക്രിക്കറ്റിന്റെ ഗ്രാഫ് ഉയരാൻ തുടങ്ങി. രാഹുൽ ദ്രാവിഡും അനിൽ കുംബ്ലെയും വിരമിച്ചപ്പോൾ ഏകദിന, ടെസ്റ്റ് ക്യാപ്റ്റൻ പദവികളും സ്വാഭാവികമായി ധോണിയെ തേടിയെത്തി. വിജയങ്ങൾ ആവർത്തിച്ചു. 2011 ലെ ഇന്ത്യയുടെ ഏകദിന ലോകകപ്പ് വിജയത്തോടെയാണ് ധോണി മികവിന്റെ പാരമ്യത്തിലെത്തുന്നത്. സൂപ്പർ സ്റ്റാർ ഒരു ലെജൻഡ് ആയി മാറുകയായിരുന്നു.
ധോണി ടീമിൽ വരുത്തിയ പരിവർത്തനത്തിന്റെ ഫലമാണ് ഇന്ത്യയുടെ വിജയങ്ങൾക്ക് പ്രധാനമായും കാരണമായതെന്ന് പറയാനാവും. സചിൻ, സൗരവ്, ദ്രാവിഡ്, ലക്ഷ്മൺ, സെവാഗ്, കുംബ്ലെ, ഹർഭജൻ, യുവരാജ്, സഹീർ തുടങ്ങിയ ഇളക്കാൻ പറ്റാത്ത ഒരുപിടി താരങ്ങളായിരുന്നു ധോണി ക്യാപ്റ്റനാവുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിനെ അടക്കിവാണിരുന്നത്. എല്ലാവരും പ്രതിഭകൾ, മികവ് തെളിയിച്ചവർ. പക്ഷെ ആർക്കായാലും നല്ല കാലത്തിന് ഒരു പരിധിയുണ്ടല്ലോ. പലരെയും തന്ത്രപൂർവം ഒഴിവാക്കേണ്ടിവന്നു. 2007 ലെ ഓസ്‌ട്രേലിയൻ പര്യടനം ഒരു ഉദാഹരണം. ടെസ്റ്റ് പരമ്പര തോറ്റ് ഇന്ത്യ നിരാശരായ സമയം. തുടർന്ന് വന്ന ഏകദിന ടീമിൽനിന്ന് സൗരവിനെയും ദ്രാവിഡനെയും ഒഴിവാക്കി. ഇരുവരും ഏകദിനത്തിന് പറ്റിയവരായിരുന്നില്ല അപ്പോൾ. ഏറെ വിമർശനം ക്ഷണിച്ചുവരുത്തിയ തീരുമാനമായിരുന്നു അത്. പക്ഷെ ഓസ്‌ട്രേലിയയെ തോൽപിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. സധൈര്യം ഷോട്ടുകൾ പായിക്കാൻ മടിക്കുന്ന, വേഗത്തിലോടാൻ തയാറല്ലാത്ത ഗാംഗുലിക്കും ദ്രാവിഡിനും പകരം വന്ന യുവതാരങ്ങൾ ഇന്ത്യയുടെ ഫീൽഡിംഗും വളരെ മെച്ചപ്പെടുത്തി. തുടർന്ന് ന്യൂസിലാന്റിലും, ശ്രീലങ്കയിലുമെല്ലാം ഇന്ത്യ ഏകദിന പരമ്പരകൾ വിജയിച്ചു.
2012 ൽ ഇംഗ്ലണ്ടിലും, ഓസ്‌ട്രേലിയയിലും ഇന്ത്യ ടെസ്റ്റ് പരമ്പരകളിൽ സമ്പൂർണ തോൽവി ഏറ്റുവാങ്ങിയത് ധോണിയുടെ ക്യാപ്റ്റൻസിയിലെ കറുത്ത ഏടാണ്. പക്ഷെ ഇവിടെയും ധോണി ഉയിൽത്തെഴുന്നേൽക്കുന്നതു കണ്ടു. ഓസ്‌ട്രേലിയയിലെ ടെസ്റ്റ് പരമ്പരക്കു ശേഷം ഇന്ത്യയുടെ സ്ഥിരം ഓപ്പണർമാരായ സചിനും, സെവാഗിനും ഗൗതം ഗംഭീറിനും ധോണി വിശ്രമം നൽകി. പകരം യുവാക്കളായ രോഹിത് ശർമയെയും ശിഖർ ധവാനെയും കൊണ്ട് ഓപ്പൺ ചെയ്യിച്ചു. ഏറെ കാലത്തിനു ശേഷം ഇന്ത്യക്ക് വിശ്വസിക്കാവുന്ന ഓപ്പണിംഗ് ജോഡിയെ കിട്ടുകയായിരുന്നു.
യുവ താരങ്ങൾക്കും ബൗളർമാർക്കും, പ്രത്യേകിച്ച് സ്പിൻ ബൗളർമാർക്ക്, നൽകിയ പിന്തുണയായിരുന്നു ധോണിയുടെ മറ്റൊരു സംഭാവന. പവർ പ്ലേയിൽ പോലും സ്പിന്നർമാരെക്കൊണ്ട് ബൗൾ ചെയ്യിച്ചു, ന്യൂബോൾ നൽകി. രവിചരൺ അശ്വിൻ ഇന്ന് ലോകത്തെ ഏറ്റവും മികച്ച സ്പിന്നറാണെങ്കിൽ അതിന്റെ ക്രെഡിറ്റ് വലിയൊരു പങ്കും ധോണിക്ക് അവകാശപ്പെട്ടതാണ്. രണ്ട് സ്ഥിരം സ്പിന്നർമാർ, ഒരു പാർട്ട് ടൈം സ്പിന്നർ എന്നതായിരുന്നു ധോണിയുടെ രീതി. ഗംഭീറിനെയും, സെവാഗിനെയും, സുരേഷ് റെയ്‌നയെയുമെല്ലാം ഈ രീതിയിൽ ധോണി ഉപയോഗപ്പെടുത്തി. ഇപ്പോഴും ദുർബലമായ ഇന്ത്യയുടെ പെയ്‌സ് ബൗളിംഗിന്റെ കുറവ് നികത്തുന്നത് സ്പിന്നർമാരാണ്.
അസാധാരണവും പരമ്പരാഗത ശൈലിയിൽനിന്ന് വ്യത്യസ്തവുമായിരുന്നു ധോണിയുടെ പല രീതികളും. 2007 ലോകകപ്പ് ഫൈനലിലെ അവസാന ഓവർ ജോഗീന്ദർ ശർമയെക്കൊണ്ട് എറിയിച്ചത് അത്തരമൊരു നീക്കമാണ്. 2011 ലോകകപ്പിൽ സ്വയം ബാറ്റിംഗ് ഓർഡറിൽ മുന്നോട്ടു വന്നതും മറ്റൊരു നീക്കം. വാസ്തവത്തിൽ അങ്ങനെയൊരു നീക്കമുണ്ടായിരുന്നെങ്കിൽ ഇന്ത്യക്ക് ലോകകപ്പ് നേടാൻ കഴിയുമോ എന്നതു പോലും സംശയം.
എല്ലാറ്റിനുമുപരി അക്ഷരാർഥത്തിൽ മുന്നിൽനിന്ന് നയിച്ചു എന്നതായിരുന്നു ധോണിയുടെ മികവ്. ക്യാപ്റ്റൻസിയുടെ ഭാരം ധോണിയുടെ പ്രകടനത്തെ ബാധിച്ചില്ല. രണ്ട് ലോകകപ്പ് വിജയങ്ങളിലും ബാറ്റിംഗിൽ ധോണിയുടെ സംഭാവന വളരെ വലുതായിരുന്നു. വിക്കറ്റ് കീപ്പിംഗ് എന്ന ഏറെ കായികക്ഷമത വേണ്ട ഉത്തരവാദിത്തം വഹിച്ചുകൊണ്ടായിരുന്നു ധോണി ബാറ്റിംഗിലും മികവ് പുലർത്തിയത്.
ആക്രമണോത്സുക സമീപനമില്ല എന്നതായിരുന്നു ധോണി നേരിട്ട ഏറ്റവും വലിയ വിമർശനം. ശരിയാണ്, എതിരാളികളെ പ്രകോപിപ്പിക്കാൻ ധോണി തയാറല്ലായിരുന്നു. പക്ഷെ തിരിഞ്ഞുനോക്കുമ്പോൾ ധോണി നൽകിയത്ര സംഭാവന മറ്റൊരു ക്യാപ്റ്റനും ഇന്ത്യൻ ക്രിക്കറ്റിന് നൽകിയിട്ടില്ലെന്ന്
ഒരു സംശയവുമില്ലാതെ പറയാം.
വിരാട് കോഹ്‌ലിക്ക് ധോണിയെ മറികടക്കാൻ കഴിയുമോ എന്നു മാത്രമേ ഇനി നോക്കേണ്ടതുള്ളൂ.






