Sorry, you need to enable JavaScript to visit this website.

അജ്ഞാത തീരങ്ങൾ തേടി, ദാകാർ റാലിയെക്കുറിച്ച് അറിയേണ്ടതെല്ലാം

-രണ്ടാഴ്ചയാണ് ഈ വർഷത്തെ ദാകാർ റാലി നീണ്ടു നിൽക്കുക. അതിൽ ഒരു വിശ്രമ ദിനമുണ്ടാവും
-ദാകാർ റാലി ജനുവരി അഞ്ചിനാണ് ആരംഭിക്കുന്നതെങ്കിലും അതിന്റെ പ്രയാസകരമായ ഒരുക്കങ്ങൾ ആഴ്ചകൾക്കു മുമ്പ് ആരംഭിച്ചു. റാലിയിൽ പോരടിക്കുന്ന വാഹനങ്ങളും സംഘാടകരുടെ വാഹനങ്ങളും ഒരു മാസം മുമ്പ് ഫ്രാൻസിൽ നിന്ന് സൗദി അറേബ്യയിലേക്ക് കപ്പൽ മാർഗം എത്തിച്ചു. 
-മത്സരത്തിന് ഒരാഴ്ച മുമ്പ് സംഘാടകരും മത്സരാർഥികളും സൗദി അറേബ്യയിൽ എത്തി. 
-മത്സരത്തിന് രണ്ടു ദിവസം മുമ്പ് സൂക്ഷ്മപരിശോധന ആരംഭിച്ചു. നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും സാങ്കേതിക കാര്യങ്ങളുമാണ് പരിശോധിക്കുന്നത്. അഡ്മിനിസ്‌ട്രേറ്റിവ് കാര്യങ്ങളാണ് നടത്തിപ്പുമായി ബന്ധപ്പെട്ടത്. ഇതിൽ ഡ്രൈവർമാർ ഒരുപാട് രേഖകൾ സമർപ്പിക്കാനുണ്ട്. ലൈസൻസ് മുതൽ വൈദ്യപരിശോധനാ ഫലങ്ങൾ വരെ. ടെക്‌നിക്കൽ കാര്യങ്ങളിൽ വാഹന പരിശോധനയാണ് പ്രധാനം. വാഹനങ്ങളിലെ സുരക്ഷാ സംവിധാനങ്ങളാണ് പ്രധാനമായും പരിശോധിക്കുക. എല്ലാ നട്ടും ബോൾട്ടും സ്ഥാനത്തു തന്നെയാണോയെന്ന് പലതവണ സൂക്ഷ്മനിരീക്ഷണം നടത്തും. 
-സൂക്ഷ്മപരിശോധനക്കു ശേഷമാണ് റെയ്‌സ് ബ്രീഫിംഗ്. തങ്ങൾ കീഴടക്കാൻ പോകുന്ന ഭൂപ്രകൃതിയെക്കുറിച്ചും പൊതുവിൽ മത്സരത്തെക്കുറിച്ചും മത്സരാർഥികളെ പരിചയപ്പെടുത്തുന്ന സെഷനാണ് ഇത്. 
-ഈ പ്രക്രിയകളെല്ലാം പൂർത്തിയാക്കിയെന്ന് ഉറപ്പുവരുത്തിയ ശേഷം പോഡിയം പ്രസന്റേഷനാണ്. മത്സരത്തിന് ഒരു ദിവസം മുമ്പ്. പങ്കെടുക്കുന്ന എല്ലാവരെയും ആരാധകർക്ക് മുന്നിൽ ഒന്നൊന്നായി അവതരിപ്പിക്കും. 
-തുടർന്നുള്ള രണ്ടാഴ്ച മത്സരാർഥികളുടെ ജീവിതത്തിലെ അവിസ്മരണീയ ദിനങ്ങളായിരിക്കും. ദാകാർ റാലി പല ഭൂവിഭാഗങ്ങളിലൂടെ സഞ്ചരിച്ചിട്ടുണ്ടാവാം. പക്ഷെ എപ്പോഴും അതിന്റെ അടിസ്ഥാനം ദുർഘടമായ പ്രകൃതിയെ അതിജീവിക്കാനുള്ള മനുഷ്യന്റെ മനക്കരുത്താണ്. ഭൂമിയിലെ ഏറ്റവും പ്രയാസകരമായ ചില പ്രദേശങ്ങൾ കീഴടക്കാൻ സാങ്കേതികമായ പിന്തുണ മാത്രം പോരാ, ശാരീരികവും മാനസികവുമായ തയാറെടുപ്പുകൾ കൂടി വേണം. മത്സരിക്കുന്നവരിൽ പകുതിയോളം പേർ ഫിനിഷിംഗ് പോയന്റിൽ എത്തും മുമ്പെ വിരമിക്കും. 
-ദാകാർ റാലിയുടെ ലക്ഷ്യം വിജയം മാത്രമല്ല. സാഹസികത കൂടിയാണ്. റാലിയിൽ പങ്കെടുക്കുന്നവരിൽ വലിയൊരു വിഭാഗം പ്രൊഫഷനൽ ഡ്രൈവർമാരല്ല. മത്സരത്തിൽ പങ്കെടുക്കാനുള്ള നിബന്ധന ഇതാണ്. 1) 18 വയസ്സ് പ്രായമാവണം. 


2) എഫ്.ഐ.എ, എഫ്.ഐ.എം ഇന്റർനാഷനൽ ലൈസൻസുകളിലൊന്ന് ഉണ്ടായിരിക്കണം. 
3) കാറുകൾ, ബൈക്കുകൾ, ട്രക്കുകൾ, ക്വാഡുകൾ എന്നിവക്ക് മത്സരത്തിൽ പങ്കെടുക്കാം.
4) മോട്ടോർബൈക്കുകൾക്കും യു.ടി.വി റൈഡേഴ്‌സിനും സെലക്്ഷൻ നിബന്ധനകളുണ്ട്. ക്വാളിഫയിംഗ് റാലി  റൈഡിൽ വിജയിച്ചവരെ മാത്രമേ ഈ വിഭാഗത്തിൽ പങ്കെടുപ്പിക്കൂ. 
-അമച്വറുകളും പ്രൊഫഷനലുകളും മാത്രമല്ല, സെലിബ്രിറ്റികളും പലപ്പോഴും ദാക്കർ റാലിയിൽ പങ്കെടുക്കാറുണ്ട്. 
-പരസ്പരം മത്സരിക്കുന്നവരാണെങ്കിലും ഒരുമിച്ചാണ് യാത്ര പൂർത്തിയാക്കേണ്ടതെന്ന വികാരം ഡ്രൈവർമാരിൽ ഉണ്ടാവണം. ഒരു മത്സരാർഥിക്ക് പ്രശ്‌നം നേരിടുമ്പോൾ മറ്റുള്ളവർ മത്സരം നിർത്തി അയാളെ സഹായിക്കുന്നത് പതിവാണ്. മത്സരത്തിലെ ഓരോ രാത്രിയും സംഘടിപ്പിക്കുന്ന വിനോദ പരിപാടികൾ ഈ വികാരം ഊട്ടിയുറപ്പിക്കും. 
-മത്സരാർഥികൾ രാത്രി തങ്ങുന്ന കേന്ദ്രത്തെ ബിവോക് എന്നാണ് പറയുക. മത്സരത്തെ പിന്തുടരുന്ന ഒരു ഗ്രാമമാണ് ഇത്. മൂവായിരം പേർ വരെ ബിവോക്കിലുണ്ടാവും. മത്സരാർഥികൾ, ടീം സ്റ്റാഫ്, മെക്കാനിക്കുകൾ, റാലി ഒഫിഷ്യലുകൾ, മെഡിക്കൽ സ്റ്റാഫ്, മാധ്യമപ്രവർത്തകർ എന്നിങ്ങനെ. ദാകാർ റാലിയിലെ ഓരോ ദിനവും ആരംഭിക്കുന്നതും അവസാനിക്കുന്നതും ബിവോക്കിലാണ്. 
-മത്സരത്തിൽ രണ്ട് വിഭാഗമുണ്ടാവും. സ്‌പെഷ്യലും ലയസണും. സമയം വെച്ചുള്ള മത്സരമാണ് സ്‌പെഷ്യൽ വിഭാഗത്തിൽ. പലപ്പോഴും റോഡിലായിരിക്കില്ല ഈ മത്സരം. വാഹനം ഇടിച്ചു തകരാതെ ഏറ്റവും വേഗത്തിൽ പ്രയാസകരമായ ഭൂവിഭാഗം കീഴടക്കുന്നതാണ് ഈ മത്സരം. സുരക്ഷാ കാരണങ്ങളാൽ സ്‌പെഷ്യൽ സെക്ഷൻ പലപ്പോഴും ബിവോക് കേന്ദ്രങ്ങളിലാണ് നടത്തുക. പലതരം കടമ്പകൾ കടന്നാണ് മത്സരാർഥികൾ സഞ്ചരിക്കേണ്ടത്. തെറ്റു പറ്റിയാൽ പെനാൽട്ടി പോയന്റ് ലഭിക്കും. അപകടവും സംഭവിക്കും. വേഗം പോലെ പ്രധാനമാണ് ശരിയായ വഴിയിലൂടെയുള്ള സഞ്ചാരവും. സ്‌പെഷ്യൽ സെക്്ഷന് മുമ്പും പിമ്പുമാണ് ലയസൺ സെക്ഷൻ. 
-വഴിയിൽ റോഡ്‌ബ്ലോക്കുകൾ സൃഷ്ടിക്കും. ഓരോ ദിനത്തിന്റെയും അവസാനം അടുത്ത ദിനത്തിലെ യാത്രക്കിടയിലെ റോഡ് ബ്ലോക്കുകളെക്കുറിച്ച വിവരം മത്സരാർഥികൾക്ക് കൈമാറും. ചിലപ്പോൾ മത്സരത്തിന് കാൽ മണിക്കൂർ മുമ്പ് മാത്രമാണ് ഇത് കൈമാറുക. റാലി റൂട്ടും അവസാന നിമിഷം വരെ രഹസ്യമാക്കി വെക്കും. ഓരോ ദിനവും ലഭിക്കുന്ന നിർദേശങ്ങൾ യഥാവിധി അനുസരിച്ചാലേ അന്തിമ ലക്ഷ്യത്തിലെത്താനാവൂ. വേഗത്തിൽ വണ്ടിയോടിക്കുകയെന്നതു പോലെ തന്നെ മാനസികമായ വെല്ലുവിളിയാണ് ഈ നിർദേശങ്ങൾക്കൊക്കെയനുസരിച്ച് ഡ്രൈവ് ചെയ്യുന്നതും. 
-എല്ലാ വാഹനങ്ങൡും ഇനി പറയുന്ന സംവിധാനങ്ങൾ ഉണ്ടായിരിക്കണം


1) റീസെറ്റബ്ൾ ഡിജിറ്റൽ ഓഡോമീറ്ററും സ്പീഡോമീറ്ററും. സഞ്ചരിച്ച ദൂരം വ്യക്തമായി മനസ്സിലാക്കാനാവണം.
2) ദിശ മനസ്സിലാക്കാനുള്ള കോമ്പസ്
3) സെന്റിനൽ എന്ന മുന്നറിയിപ്പ് സംവിധാനം. മറ്റു വാഹനങ്ങളുടെ സാന്നിധ്യം മനസ്സിലാക്കുന്നതിനാണ് ഇത്. 
4) സംഘാടകർ നൽകുന്ന ജി.പി.എസ് സംവിധാനം. മത്സരാർഥികൾക്ക് ലൊക്കേഷൻ മനസ്സിലാക്കാൻ ഇത് സഹായിക്കും. 
5) ഇറിട്രാക്ക് എന്ന സുരക്ഷാ സംവിധാനം. 
-മത്സരാർഥികൾ യാത്രയിൽ പലപ്പോഴും ഒറ്റക്കാണെങ്കിലും അവരുടെ യാത്രയുടെ വിവരങ്ങൾ തൽസമയം പാരിസിലെ ആസ്ഥാനത്ത് എത്തിക്കൊണ്ടിരിക്കും. എന്തെങ്കിലും പ്രയാസങ്ങളുണ്ടായാൽ ഉടൻ ഇടപെടാനാണ് ഇത്. 
-അഞ്ചു വിഭാഗങ്ങളിലായാണ് മത്സരം. ഒന്നു മുതൽ മൂന്ന് വരെ മത്സരാർഥികളുണ്ടാവും. മോട്ടോർസൈക്കിൾ, ട്രക്ക്, കാർ, ട്രക്ക്, ക്വാഡ് എന്നിവയാണ് വിഭാഗങ്ങൾ. സമീപകാലത്ത് എസ്.എസ്.വിയും ഇതിൽ പെടുന്നു. 
-വാഹന നിർമാതാക്കൾ ദാകാർ റാലിയെ പ്രതീക്ഷയോടെ വരവേൽക്കുന്നു. അവരുടെ പുതിയ വാഹനങ്ങളുടെ പരീക്ഷണ വേദിയാണ് ഇത്. അമച്വർ വാഹന നിർമാതാക്കൾ സ്വന്തം ഗരാഷിൽ നിർമിക്കുന്ന വാഹനങ്ങൾ വരെ മത്സരത്തിനുണ്ടാവും. ദാകാർ വെറുമൊരു മത്സരമല്ല. അജ്ഞാത തീരങ്ങളിലേക്കുള്ള സാഹസിക സഞ്ചാരമാണ്.

Latest News