Sorry, you need to enable JavaScript to visit this website.

വരൂ, മരുഭൂമി മുറിച്ചുകടക്കാം...

ഏഷ്യയിൽ ആദ്യമായാണ് ദാകാർ മോട്ടോർ റാലി വിരുന്നെത്തുന്നത്. സൗദി അറേബ്യയുടെ വിശാലമായ മണൽപരപ്പുകൾ ലോകത്തിലെ സാഹസിക കുതുകികൾക്കു മുന്നിൽ അനാവരണം ചെയ്യപ്പെടും. സൗദിയുടെ ടൂറിസം സ്വപ്‌നങ്ങൾക്ക് അത് ചിറകുകൾ നൽകും. ആഫ്രിക്കയിൽ നിന്ന് ലാറ്റിനമേരിക്ക വഴി ഏഷ്യയിെലത്തിയ ദാകാർ റാലിയുടെ സംഭവബഹുലമായ നാൾ വഴികളിലൂടെ....

സാഹസികതയുടെ മറുവാക്കാണ് ദാകാർ മോട്ടോർ റാലി. അറിയപ്പെടാത്ത പ്രദേശങ്ങളിലൂടെ ലക്ഷ്യത്തിലേക്കുള്ള കുതിപ്പാണ് അത്. മത്സരാർഥിയുടെ മനസ്സിൽ ലക്ഷ്യം മാത്രമാണെങ്കിൽ കാണികളുടെ കണ്ണിൽ അവർ കടന്നുപോവുന്ന പ്രതിബന്ധങ്ങളും അതിന്റെ മനോഹാരിതയുമാണ് നിറഞ്ഞുനിൽക്കുക. ഈ വർഷത്തെ ദാകാർ റാലിയുടെ സഞ്ചാര വഴികൾ സൗദിയുടെ വിഭിന്നമായ ഭൂപ്രകൃതിയുടെ മനോഹാരിത ലോകത്തിനു മുന്നിൽ തുറന്നു വെക്കും. ഏറ്റവും ദുർഘടമായ പാതകളിലൂടെയുള്ള മോട്ടോർ സ്‌പോർട്‌സാണ് ദാകാർ റാലി. വെല്ലുവിളികളെ ഏറ്റെടുക്കാനുള്ള മനുഷ്യന്റെ അഭിവാഞ്ഛയുടെ പ്രതീകമാണ് ഈ മത്സരം. യന്ത്രവും മനുഷ്യനും ഒരു വശത്തും പ്രകൃതി മറുവശത്തും നിൽക്കുന്ന പോരാട്ടം. ദുർഘടമായ ഈ വെല്ലുവിളിയിൽ ജയിക്കുന്നതു മാത്രമല്ല, യാത്ര പൂർത്തിയാക്കുന്നതു പോലും വിജയമാണ്.
ദാകാർ റാലി എന്ന സാഹസിക മത്സരം 1978 ലാണ് തുടങ്ങുന്നത്. ആബിദ്ജാൻ-നീസ് റാലിക്കിടെ മോട്ടോർ സൈക്കിൾ റെയ്‌സർ തിയറി സബീനിനെ ലിബിയൻ മരുഭൂമിയിൽ കാണാതായ സംഭവമാണ് ഇത്തരമൊരു മത്സരത്തെക്കുറിച്ച ആശയം ഉടലെടുക്കാൻ കാരണമായത്. മരുഭൂമിയിൽ അദ്ദേഹത്തെ ഏറെ തെരച്ചിലിനുശേഷം കണ്ടുകിട്ടി. പക്ഷെ ഫ്രാൻസിൽ അദ്ദേഹം തിരിച്ചെത്തിയത് താൻ കണ്ട ഭൂപ്രകൃതിയുടെ മനോഹാരിതയിൽ മനം മയങ്ങിയാണ്. സാധ്യമായ എല്ലാവരുമായും ഈ അനുഭവം പങ്കുവെക്കുമെന്ന് സബീൻ തീരുമാനിച്ചു. 
യൂറോപ്പിൽ നിന്നാരംഭിച്ച് അൾജീരിയയിലെ അൾജിയേഴ്‌സ് വഴി നൈജറിലെ അഗദേസും കടന്ന് സെനഗലിലെ ദാകാറിൽ അവസാനിക്കുന്ന റാലി അദ്ദേഹം രൂപകൽപന ചെയ്തു. 'ഇറങ്ങിത്തിരിക്കുന്നവർക്ക് ഒരു വെല്ലുവിളി, അടഞ്ഞിരിക്കുന്നവർക്ക് ഒരു സ്വപ്നം' എന്ന് തന്റെ പദ്ധതിയെ അദ്ദേഹം വിശേഷിപ്പിച്ചു. ഭ്രാന്തമെന്ന് കരുതിയ സബീന്റെ ആശയം വൈകാതെ യാഥാർഥ്യമായി. 1978 ഡിസംബർ 26 ന് 182 വാഹനങ്ങൾ പാരിസിലെ പ്ലാസ് ദു ത്രോകദേരോയിൽ സംഗമിച്ചു. അജ്ഞാത തീരങ്ങളിലൂടെയുള്ള 10,000 കിലോമീറ്റർ യാത്രയുടെ തുടക്കമായിരുന്നു അത്. ദാകാർ റാലി എന്ന ആശയം അവിടെ യാഥാർഥ്യമായി. അതിൽ 74 പേർക്കാണ് ദാകാറിൽ യാത്ര അവസാനിപ്പിക്കാനായത്. അതിൽ ഒരാളായ സിറിൽ നെവ്യൂ ഓണേഴ്‌സ് ലിസ്റ്റിൽ ആദ്യത്തെ വരികൾ ഇങ്ങനെ എഴുതി: ലോകത്തിലെ ഏറ്റവും സാഹസികമായ യാത്ര.  അതിനു ശേഷം ദാകാർ റാലി പലതരം പരിഷ്‌കാരങ്ങളിലൂടെ വളർന്നു. ദാകാർ മത്സരത്തിനിടെയുണ്ടായ സാഹസികതകൾ കായികപ്രേമികളെയും സാധാരണക്കാരെയും ഈ മത്സരത്തിലേക്ക് ആകർഷിച്ചു. കൈകളിലൊന്നുമില്ലാതെ അനന്തമായ ഭൂപ്രകൃതിയുടെ വെല്ലുവിളികളെ അതിജീവിച്ചവർ വീരപുരുഷന്മാരായി. 1986 ൽ സഹാറാ മരുഭൂമിയിലൂടെ സാഹസിക യാത്ര നടത്തവെ തിയറി സബീനിനെ ലോകത്തിന് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. ആ വർഷത്തെ ദാകാർ റാലിക്കിടെ മരുഭൂമിയിൽ കുടുങ്ങിപ്പോയ മത്സരാർഥികളെ തെരയുന്നതിനിടെ സബീൻ സഞ്ചരിച്ച ഹെലിക്കോപ്റ്റർ മണൽക്കാറ്റിൽ പെട്ട് തകർന്നുവീണു. വെറും 37 വയസ്സേ ഉണ്ടായിരുന്നുള്ളൂ ആ സാഹസികന്.  
പക്ഷെ സബീനിന്റെ പെരുമ നിലനിർത്തിയ ദാകാർ റാലി ലോകത്തിലെ ഏറ്റവും വലിയ വാർഷിക റാലിയായി വളർന്നു. തുടക്കത്തിനു ശേഷം ഒരു വർഷം പോലും റാലി മുടങ്ങിയില്ല. 2008 ൽ സുരക്ഷ ഭീഷണി കാരണം മത്സരം റദ്ദാക്കിയതാണ് ഏക അപവാദം. ഈ സാഹസിക യാത്രയുടെ അത്യുജ്വല ചരിത്രത്തിൽ ഓരോ വർഷത്തെ യാത്രയും പുതിയ അധ്യായങ്ങൾ എഴുതിച്ചേർത്തു. ഓരോ വർഷത്തെ റാലിയും ഓരോ വ്യക്തികളെ ഇതിഹാസ താരങ്ങളായി വളർത്തി. അതിൽ ഏറ്റവും പ്രശസ്തനായത് സ്റ്റെഫാൻ പീറ്റർഹാൻസലാണ് -13 തവണയാണ് ഫ്രഞ്ചുകാരൻ റെയ്‌സ് ജയിച്ചത്. മോട്ടോർ സൈക്കിളിലും കാർ വിഭാഗത്തിലും പീറ്റർ ഹാൻസൽ വെന്നിക്കൊടി നാട്ടി. ആരി വതനേൻ കാർ വിഭാഗത്തിൽ 1987 മുതൽ 1991 വരെ തുടർച്ചയായി നാലു തവണ ജേതാവായി. 1998 ൽ ജുട്ട ക്ലെയ്ൻസ്മിറ്റ് ദാകാർ റാലിയുടെ ഒരു സ്റ്റെയ്ജ് ജയിക്കുന്ന ആദ്യ വനിതയായി. 2001 ൽ ജുട്ട സുവർണനേട്ടം കൈവരിച്ചു. മിറ്റ്‌സുബിഷി കാറിൽ അവർ ദാകാർ ഓവറോൾ കിരീടം സ്വന്തമാക്കി. 
കടന്നുവന്ന ഭൂപ്രകൃതി പരിഗണിക്കുമ്പോൾ മൂന്ന് വ്യക്തമായ അധ്യായങ്ങളാണ് ദാകാർ റാലിയുടെ ചരിത്രത്തിൽ. യൂറോപ്പിൽ നിന്ന് ആഫ്രിക്കയിലെ മണലാരണ്യങ്ങളുടെ മനോഹാരിത തേടിയുള്ളതായിരുന്നു പ്രാഥമിക ഘട്ടം. ഇതുവരെ 30 രാജ്യങ്ങൡലൂടെ ദാകാർ റാലി സഞ്ചരിച്ചു. അജ്ഞാത തീരങ്ങൾ തേടിയുള്ള അതിസാഹസികയാത്രയായിരുന്നു എല്ലാം. സാങ്കേതിക വിദ്യ വളർന്നതോടെ ദുർഘട യാത്രയിൽ മനുഷ്യന് ഒരുപാട് സഹായം കിട്ടി. എന്നിട്ടും സുരക്ഷാ ഭീഷണി വർധിക്കുകയാണ് ചെയ്തത്. 2008 ലെ മുപ്പതാം റാലി സുരക്ഷാ ഭീതി കാരണം ഉപേക്ഷിക്കേണ്ടി വന്നു. 
അതോടെ റാലി ലാറ്റിനമേരിക്കയിൽ പുതിയ തീരം തേടി. 2009 ൽ ദാകാർ പുതിയ ഭൂമികയിൽ പുതുചരിത്രം രചിച്ചു. ഒരു പതിറ്റാണ്ടോളം ദാകാർ റാലി ലാറ്റിനമേരിക്കയിൽ പുതിയ ആരാധകരുടെ മനസ്സ് കീഴടക്കിക്കൊണ്ടിരുന്നു. പസഫിക് മുതൽ അറ്റ്‌ലാന്റിക് വരെ ഭൂവിഭാഗങ്ങൾ മത്സരാർഥികൾ കീഴടക്കി. 
അർജന്റീനയും ചിലെയും പെറുവും ബൊളീവിയയും പാരഗ്വായുമൊക്കെ  അവർ കടന്നു. ഓരോ വർഷവും 40 ലക്ഷത്തോളം പേർ റാലി കാണാൻ സംഗമിച്ചു. മരുഭൂമികളും മാസ്മരികമായ മലനിരകളും ഉപ്പുപാടങ്ങളും വെള്ളച്ചാട്ടങ്ങളും കടന്ന് യാത്രികർ മുന്നേറി. 
2020 ദാകാറിന്റെ ചരിത്രത്തിൽ പുതിയ അധ്യായമാണ്. ഏഷ്യയിലേക്ക് ആദ്യമായി വിരുന്നെത്തിയ ദാകാർ റാലിക്ക് സൗദി അറേബ്യയിലെ അനന്തവിശാലമായ മണൽപരപ്പാണ് സ്വാഗതമോതുന്നത്. ദാകാറിന്റെ ആഫ്രിക്കൻ ഉദ്ഭവത്തോട് കിടപിടിക്കുന്നതായിരിക്കും മരുഭൂമി കീഴടക്കിയുള്ള ഇത്തവണത്തെ പോരാട്ടം. 

Latest News