ന്യൂദൽഹി- പൗരത്വ നിയമ ഭേദഗതിക്കെതിരെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവ്ശങ്കർ മേനോൻ. പൗരത്വ നിയമ ഭേദഗതിയും ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയും അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ ഒറ്റപ്പെടുത്തുമെന്ന് ശിവ്ശങ്കർ മേനോൻ മുന്നറിയിപ്പ് നൽകി. പരമ്പരാഗത സഖ്യകക്ഷികൾ പോലും ഇന്ത്യയെ ഒറ്റപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തലസ്ഥാന നഗരിയിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു ശിവ്ശങ്കർ മേനോൻ.
ഇന്ത്യയ്ക്ക് പുറത്തുള്ള ഏതാനും ചിലരും ഏതാനും വലതുപക്ഷ ബ്രിട്ടീഷ് എം.പിമാരും മാത്രമാണ് സർക്കാരിന്റെ നടപടികളെ പിന്തുണച്ചതെന്ന് ശിവ്ശങ്കർ മേനോൻ ചൂണ്ടിക്കാട്ടി. എന്നാൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ വിമർശകരുടെ പട്ടിക വളരെ വലുതാണ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുതൽ ജർമ്മൻ ചാൻസലർ മെർക്കൽ വരെയുള്ളവർ. അഭയാർത്ഥികൾക്ക് വേണ്ടിയുള്ള യു.എൻ ഹൈക്കമ്മീഷണർ മുതൽ നോർവേ രാജാവ് വരെയുള്ളവർ കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ചുവെന്നും ശിവ്ശങ്കർ മേനോൻ ചൂണ്ടിക്കാട്ടി.
പൗരത്വ നിയമ ഭേദഗതിയെയും ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെയും വിമർശിച്ച യു.എസ് കോൺഗ്രസ് അംഗവും ഇന്ത്യൻ വംശജയുമായ പ്രമീള ജയപാലിനൊപ്പം വേദി പങ്കിടാതിരിക്കാൻ വിദേശകാര്യ കമ്മിറ്റിയുടെ യു.എസിലെ യോഗത്തിൽനിന്ന് കേന്ദ്രമന്ത്രി എസ്. ജയ്ശങ്കർ പിൻമാറിയതിനെയും ശിവ്ശങ്കർ മേനോൻ വിമർശിച്ചു. യോഗത്തിൽ പങ്കെടുത്ത് ഇന്ത്യയുടെ വാദങ്ങൾ അവതരിപ്പിക്കുന്നതിന് പകരം യോഗത്തിൽ പങ്കെടുക്കാതിരുന്നത് ശരിയായില്ലെന്നും അദ്ദേഹം വിമർശിച്ചു.
പ്രധാനമന്ത്രി മോഡിയും ഡൊണൾഡ് ട്രംപും യു.എസിൽ ഒരുമിച്ച് പങ്കെടുത്ത പരിപാടിയിൽ അബ്കി ബാർ ട്രംപ് സർക്കാർ എന്ന മുദ്രാവാക്യം വിളിച്ചതിനെതിരെയും ശിവ്ശങ്കർ മേനോൻ വിമർശനം ഉന്നയിച്ചു. ട്രംപ് പക്ഷത്തോട് കൃത്യമായ ആഭിമുഖ്യം പ്രകടിപ്പിച്ചതിലൂടെ ഇന്ത്യ ഇതുവരെ പിന്തുടർന്ന് വന്നിരുന്ന നിഷ്പക്ഷ നിലപാട് തകർന്നുവെന്ന് ശിവ്ശങ്കർ മേനോൻ ചൂണ്ടിക്കാട്ടി. യു.പി.എയോ എൻ.ഡി.എയോ എന്നത് ഇന്ത്യ-യുഎസ് ബന്ധത്തെ ബാധിക്കുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.






