ഇറാഖിൽ നിന്ന് അമേരിക്കക്കാരെ ഒഴിപ്പിക്കുന്നു
റിയാദ്- ഖാസിം സുലൈമാനിയുടെ വധത്തിൽ ഇറാൻ തിരിച്ചടിച്ചേക്കുമെന്ന് ഭയന്ന് ഇറാഖിലുള്ള തങ്ങളുടെ പൗരന്മാരോട് രാജ്യം വിടാൻ അമേരിക്ക ആവശ്യപ്പെട്ടു. ഖാസിം സുലൈമാനിയുടെ വധത്തിന് ഇറാൻ പ്രതികാരം ചെയ്യുമെന്ന് പ്രസിഡന്റ് ഹസൻ റൂഹാനി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇറാഖിലുള്ള തങ്ങളുടെ പൗരന്മാരോട് രാജ്യം വിടാൻ അമേരിക്ക നിർദേശിച്ചത്.
വിദേശത്ത് ഇറാന്റെ സ്വാധീനം ശക്തമാക്കുന്നതിന്റെ ചുമതലയുണ്ടായിരുന്ന ഖാസിം സുലൈമാനി ഇറാൻ പ്രസിഡന്റിനെക്കാൾ പ്രധാനിയാണ്. ഇറാൻ പരമോന്നത ആത്മീയ നേതാവുമായി ഏതു സമയവും നേരിട്ട് ആശയവിനിമയം നടത്തുന്നതിന് പ്രത്യേകാധികാരമുണ്ടായിരുന്ന ഖാസിം സുലൈമാനി ഇറാനിൽ ഏറ്റവുമധികം സ്വാധീനമുള്ള വ്യക്തിയായിരുന്നെന്ന് രാഷ്ട്രീയ നിരീക്ഷകരെ ഉദ്ധരിച്ച് ബ്രിട്ടീഷ് പത്രമായ ഗാർഡിയൻ പറഞ്ഞു. മേഖലാ രാജ്യങ്ങളിൽ ഇറാൻ മിലീഷ്യകളുടെ ശിൽപിയായ ഖാസിം സുലൈമാനിയുടെ കരങ്ങളിൽ ലക്ഷക്കണക്കിന് സിറിയക്കാരുടെ രക്തം പുരണ്ടതായി മറ്റുള്ളവർ കുറ്റപ്പെടുത്തുന്നു. ബെയ്‌റൂത്തിലെയും സിറിയയിലെയും ഇറാഖിലെയും യെമനിലെയും ഇറാൻ ആധിപത്യത്തിന് പിന്നിൽ പ്രവർത്തിച്ചത് ഖാസിം സുലൈമാനിയായിരുന്നു. ഖാസിം സുലൈമാനിയുടെ പിൻഗാമിയായി ഇറാൻ പരമോന്നത ആത്മീയ നേതാവ് അലി ഖാംനഇ ബ്രിഗേഡിയർ ഇസ്മായിൽ ഖാനിയെ നിയമിച്ചിട്ടുണ്ട്. എന്നാൽ ഖാസിം സുലൈമാനിയുടെ വിടവ് നികത്തുന്നതിന് ഇസ്മായിൽ ഖാനിക്ക് കഴിയില്ലെന്ന് നയതന്ത്ര, രാഷ്ട്രീയ വൃത്തങ്ങൾ പറയുന്നു.
ബശാർ അൽഅസദ് ഭരണകൂടത്തെ പിന്തുണക്കുന്നതിന് ഖാസിം സുലൈമാനിയുടെ മേൽനോട്ടത്തിൽ ഖുദ്‌സ് ഫോഴ്‌സ് അംഗങ്ങളെ സിറിയയിൽ വിന്യസിച്ചിട്ടുണ്ട്. സദ്ദാം ഹുസൈനെ പുറത്താക്കുന്നതിനുള്ള 2003 ലെ അമേരിക്കൻ അധിനിവേശത്തിനു ശേഷം ഇറാഖിലും ഖുദ്‌സ് ഫോഴ്‌സ് അംഗങ്ങളെ വിന്യസിച്ചിരുന്നു. സൈനിക തന്ത്രങ്ങൾ മെനയുന്നതിനും ഓപ്പറേഷനുകൾക്ക് മേൽനോട്ടം വഹിക്കുന്നതിനും ഇറാഖിനും ലെബനോനിനും സിറിയക്കുമിടയിൽ ഖാസിം സുലൈമാനി തുടർച്ചയായി മാറിമാറി സഞ്ചരിച്ചു വരികയായിരുന്നു.
ജനറൽ ഖാസിം സുലൈമാനിയുടെ വധത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് തെരുവുകളിൽ ഇറാഖികൾ നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടു.
ഇറാനിൽ ഭരണമാറ്റത്തിനുള്ള ആദ്യ ചുവടുവെപ്പായി ഖാസിം സുലൈമാനിയുടെ വധം മാറണമെന്നാണ് പ്രത്യാശിക്കുന്നതെന്ന് മുൻ അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ പറഞ്ഞു. ഒരു യുദ്ധത്തിലും ഇറാൻ ജയിച്ചിട്ടില്ലെന്ന് ഖാസിം സുലൈമാനിയുടെ വധത്തിനും ഇറാൻ ഭീഷണിക്കും പിന്നാലെ അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു. ഖാസിം സുലൈമാനിക്കൊപ്പമുണ്ടായിരുന്ന നാലു മുതിർന്ന ഇറാൻ സൈനിക ഉദ്യോഗസ്ഥർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അൽഖുദ്‌സ് ഫോഴ്സിന്റെ പുതിയ കമാണ്ടർ ബ്രിഗേഡിയർ ഇസ്മായിൽ ഖാനി പറഞ്ഞു. മേഖലയിൽ സംഘർഷം ലഘൂകരിക്കുന്നതിന് അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
ഖാസിം സുലൈമാനിയുടെ വധത്തിലേക്ക് നയിച്ച ആക്രമണത്തെ ഇറാഖ് പ്രസിഡന്റ് ബർഹം സ്വാലിഹ് അപലപിച്ചു. എല്ലാ കക്ഷികളും ആത്മസംയമനം പാലിക്കണമെന്ന് ഇറാഖ് പ്രസിഡന്റ് ആവശ്യപ്പെട്ടു. ആക്രമണം ബഗ്ദാദ് എയർപോർട്ടിൽ വ്യോമ ഗതാഗതത്തെ ബാധിച്ചിട്ടില്ലെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് വ്യക്തമാക്കി. വിമാന സർവീസുകൾ നീട്ടിവെക്കുകയോ റദ്ദാക്കുകയോ ചെയ്തിട്ടില്ല. എയർപോർട്ട് റോഡുകളും തുറന്നു കിടക്കുകയാണെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് പറഞ്ഞു.
പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഗ്രീസ് സന്ദർശനം വെട്ടിച്ചുരുക്കി ഇസ്രായിൽ പ്രധാനമന്ത്രി ബെൻജമിൻ നെതന്യാഹു ടെൽഅവീവിലേക്ക് മടങ്ങി. ഖാസിം സുലൈമാനിയുടെ വധത്തിൽ പ്രസ്താവനകൾ നടത്തരുതെന്ന് ഇസ്രായിൽ മന്ത്രിമാർക്ക് പ്രധാനമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഹിസ്ബുല്ല അടക്കം മേഖലയിലെ ഇറാന്റെ സഖ്യ ഗ്രൂപ്പുകൾ വഴി ഇറാൻ തിരിച്ചടിച്ചേക്കുമെന്ന് ഭയന്ന് ഇസ്രായിൽ സൈന്യം അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
പോപ്പുലർ മൊബിലൈസേഷൻ ഫോഴ്‌സസ് ഡെപ്യൂട്ടിയായ അബൂ മെഹ്ദി അൽമുഹന്ദിസിന്റെ യഥാർഥ പേര് ജമാൽ ജഅ്ഫർ എന്നാണ്. ഇറാൻ പൗരത്വം ലഭിച്ച ഇറാഖിയായ ഇദ്ദേഹമാണ് ഇറാഖിൽ ഇറാൻ പിന്തുണയോടെ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്‌സസിന്റെ മുഴുവൻ ഓപ്പറേഷനുകൾക്കും നേതൃത്വം നൽകിയിരുന്നത്. അതുകൊണ്ടാണ് എൻജിനീയർ എന്ന പേരിൽ ഇയാൾ അറിയപ്പെട്ടത്.
1981 ൽ ബെയ്‌റൂത്ത് ഇറാഖ് എംബസി സ്‌ഫോടനം അടക്കം ഇറാഖിലും വിദേശത്തും നിരവധി ആക്രമണങ്ങളിലും വധങ്ങളിലും അബൂമെഹ്ദി അൽമുഹന്ദിസിന് പങ്കുണ്ട്. 1983 ൽ ബെയ്‌റൂത്ത് അമേരിക്കൻ എംബസിക്കു നേരെ ആക്രമണം ആസൂത്രണം ചെയ്തതും ഇതേ വർഷം കുവൈത്തിൽ അമേരിക്കൻ സൈനിക താവളത്തിൽ സ്‌ഫോടനം നടത്തിയതും ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിലായിരുന്നു. 1985 ൽ കുവൈത്ത് അമീറിനെ വധിക്കുന്നതിന് ഗൂഢാലോചന നടത്തിയ കേസിലും പ്രതിയാണ്. സദ്ദാം ഭരണ കാലത്ത് വിദേശ മന്ത്രിയായിരുന്ന താരിഖ് അസീസിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിലും പങ്കുണ്ടായിരുന്നു. അബൂ മെഹ്ദി അൽമുഹന്ദിസിനെതിരെ 2009 ൽ അമേരിക്ക ശിക്ഷാ നടപടികൾ പ്രഖ്യാപിച്ചിരുന്നു.