Sorry, you need to enable JavaScript to visit this website.

റംലാബീഗം ജിദ്ദയിലുണ്ട്, കസവണിഞ്ഞ കഥകൾ പകിട്ടാർന്ന പാട്ടുകൾ

ആലപ്പുഴ റംലാബീഗം. മലയാളി മനസ്സുകളിൽ കഥയുടെയും സംഗീതത്തിന്റെയും മഞ്ഞുമഴ പെയ്യിച്ച  സ്വരസൗഭാഗ്യം. പതിനായിരത്തോളം സ്റ്റേജുകൾ, അഞ്ഞൂറിലധികം സി.ഡികൾ, അമ്പതോളം ലോംഗ് പ്ലേ റെക്കോർഡുകൾ.. കഥാപ്രസംഗ കലയിലെ നാദതേജസ്സ്, ചരിത്ര കഥകളുടെ ചിത്രശലഭങ്ങൾ. പ്രണയ കഥകളുടെ രാഗതാളം. കഥയും പാട്ടും ജീവതാളമാക്കിയ ഈ കലാപ്രതിഭയെ ഇന്ന് (വെള്ളി) ജിദ്ദയിലെ സഹൃദയർ ആദരിക്കുന്നു. 

ഇരുലോക ജയമണി നബിയുള്ള.. തിരുമുമ്പെന്നേ..
ഭൂതകാലക്കുളിരിലേക്ക് ഇതൾ വിടർത്തും ഇശൽ വിസ്മയം. കാതോടു കാതോരം, പിന്നെ ഹൃദയ തന്ത്രികളിൽ കാതരമായി കൈവിരൽ മീട്ടി, ലൗഡ് സ്പീക്കറുകളിൽ നിന്ന് സദാ അലയാഴി പോൽ ഒഴുകിയെത്തി... അങ്ങനെയങ്ങനെ പഴയ തലമുറയുടെ ജീവതാളങ്ങളെ തരളിതമാക്കിയ, നാദനീലിമയിൽ തിളക്കമേറ്റിയ നക്ഷത്ര സ്മിതം -അതെ, കഥകളുടെ റാണി, പാട്ടുകളുടെ കൂട്ടുകാരി- ആലപ്പുഴ റംലാ ബീഗം. ആർക്ക് മറക്കാനാവും ഈ ഗായികയെ? 
ഭക്തിയിൽ ചാലിച്ച അവരുടെ വേറിട്ട ശബ്ദം. അനുകരിക്കാനാവാത്ത സ്വരസിദ്ധി. കഥാപ്രസംഗം അവതരിപ്പിക്കുമ്പോൾ വിഷയത്തിന് യോജിച്ച സീക്വൻസുകൾ സൃഷ്ടിക്കുന്നതിൽ അനിതര സാധാരണമായ പാടവം.
.. വമ്പുറ്റ ഹംസ റളിയല്ലാഹ്..
കർബലയിലെ യുദ്ധക്കളം. ഹസൈന്റെയും ഹുസൈന്റെയും രണവീര്യം. സദസ്യരുടെ മുമ്പിൽ വാൾത്തലപ്പുകളുടെ മിന്നൽ പ്രഭ. 
- രണ്ടാളുമൊത്ത് തകൃതി, അങ്കം വിറപ്പിച്ച് തീറ്റിയേ..
കരകവിയും ഭക്തിരസത്തിലേക്ക് സദസ്യരെ ആനയിക്കുന്ന വരികൾ: ബിസ്മില്ലാഹ് എന്ന്, വിശുദ്ധ പൊരുളെന്ന്..
- മണിയറയിലേക്ക് നയിക്കാൻ മണവാളനും കൂട്ടർക്കും വേണ്ടി റംലാ ബീഗം പാടുന്നു: 
മധു നുകരുന്ന മനോഹര രാവ്, മനം കവരുന്ന നിലാവൊളി രാവ്..
ഭർത്താവ് കെ.എ സലാം രചിച്ച് എം.എസ്. ബാബുരാജ് ഈണം നൽകിയ ഈ പാട്ട് റംലാ ബീഗം പാടി. മലബാറിലെ കല്യാണ വീടുകളിൽ ഈ പാട്ട് ഹരമായി, പലർക്കുമിത് ഹൃദിസ്ഥമായി.
പതിനായിരത്തോളം സ്റ്റേജുകൾ, അഞ്ഞൂറിലധികം സി.ഡികൾ, അമ്പതോളം ലോംഗ് പ്ലേ റെക്കോർഡുകൾ.. ഇവയൊക്കെ റംലാ ബീഗത്തിന്റെ കലാജീവിതത്തിന്റെ നീക്കിയിരിപ്പ്. 
യു ട്യൂബിൽ റംലാബീഗത്തിന്റെ ആലാപനം ആസ്വദിക്കാം. പുകൾപെറ്റ പാട്ടുകാരിക്ക് പക്ഷേ, കഥാകഥനവും ഗാനാലാപനവും കൊണ്ടൊന്നും ജീവിത ഭദ്രതയുടെ സ്വരപ്പൊരുത്തം പുനഃസൃഷ്ടിക്കാനായില്ല. അക്കാര്യത്തിൽ പക്ഷേ പരിണത പ്രജ്ഞയായ ഈ കലാകാരിക്ക് നിരാശയൊന്നുമില്ല.
- ജീവിതം തട്ടിമുട്ടിയാണെങ്കിലും ഇത്രത്തോളം എത്തിയില്ലേ? മലയാളികളുള്ള എല്ലായിടങ്ങളിലും എന്നെയും എന്റെ ശബ്ദവും തിരിച്ചറിയപ്പെടുന്നുവെന്നത് അത്ര നിസ്സാരമായ കാര്യമല്ലല്ലോ. എന്നെ സ്‌നേഹിക്കുന്ന ആയിരക്കണക്കിനാളുകളുണ്ട്. എന്റെ കഥാപ്രസംഗത്തിന്റെയും പാട്ടിന്റെയും ആസ്വാദകരിൽ പലരും എന്നെ അഭിനന്ദിക്കുന്നു. അവരുടെ സ്‌നേഹവും പിന്തുണയുമാണെന്റെ കരുത്ത്.

ആലപ്പുഴക്കാരിയെ ഈ നാട്ടിൽ ആടാൻ വിടില്ല എന്ന് ആക്രോശിച്ചുകൊണ്ടാണ് അവർ ഞങ്ങളുടെ നേരെയടുത്തത്. കർബലയിലെ രക്തക്കളമല്ല, റംലാ ബീഗത്തിന്റെ രക്തക്കളമായിരിക്കും ഇവിടെയെന്നായിരുന്നു അവരുടെ ഭീഷണി.

ഉംറ നിർവഹിച്ച ശേഷം കഴിഞ്ഞ ദിവസം ജിദ്ദയിലെത്തിയ അവർ മലയാളം ന്യൂസുമായി തന്റെ ജീവിത വഴികളെക്കുറിച്ച് സംസാരിച്ചു. അക്കാലത്തെ ഗാനമേളാ ട്രൂപ്പിൽ തന്നോടൊപ്പമുണ്ടായിരുന്ന ബീഗം ഖദീജയും മകൾ റസിയാ ബീഗവും ഒപ്പമുണ്ടായിരുന്നു.
*** *** ***
സംഗീതം റംലാ ബീഗത്തിന്റെ ബാല്യവിസ്മയങ്ങളിൽ തന്നെ ശ്രുതി ചേർത്തിരുന്നു. ആലപ്പുഴ ഐഷാബീഗം അക്കാലത്തെ മികച്ച കഥാപ്രസംഗക. എട്ടാം വയസ്സിൽ റംലാ ബീഗം പാട്ടുകാരിയായതിനു പിന്നിൽ പിതാവ് ഹുസൈൻ യൂസുഫ് യമാനിയുടെയും മാതാവ് ഫറോക്കിലെ മറിയം ബീവിയുടെയും അളവറ്റ പ്രോൽസാഹനമായിരുന്നു പ്രധാനം. കുഞ്ഞുന്നാളിലേ ഐഷാ ബീഗത്തോടുള്ള ഇഷ്ടം കൂടിയായതോടെ മികച്ച പാട്ടുകാരിയായി വളരുകയായിരുന്നു, റംലാ  ബീഗം. സംഗീത സാന്ദ്രമായ കുടുംബാന്തരീക്ഷം. മാപ്പിള മഹാകവി മോയിൻകുട്ടി വൈദ്യർ, നല്ലളം ബീരാൻ തുടങ്ങിയവരുടെ പാട്ടുകൾ ഉമ്മ എപ്പോഴും പാടാറുണ്ടായിരുന്നു. മാപ്പിളപ്പാട്ടിന്റെ മന്ദ്രമുഖരിതമായ ലോകത്തേക്ക് റംലാ ബീഗവും കടന്നുവരികയായിരുന്നു. അമ്മാവൻ സത്താർ ഖാൻ അവൾക്കായി സ്വന്തം സംഗീത ട്രൂപ്പ് തന്നെയുണ്ടാക്കി. ആസാദ് മ്യൂസിക് ക്ലബ് എന്ന പേരിൽ പ്രസിദ്ധമായ ഈ സംഘമാണ് റംലാ ബീഗം എന്ന കാഥികയെ കേരളത്തിലെ സംഗീതാസ്വാദകർക്ക് മുമ്പിൽ അവതരിപ്പിച്ചത്. ആസാദ് മ്യൂസിക് ക്ലബിൽ തബല വായിച്ചിരുന്ന അബ്ദുൽ സലാം റംലാ ബീഗത്തിന്റെ വളർച്ചയിൽ മുഖ്യ പങ്കാളിയായി. പ്രശസ്ത കാഥികൻ വി. സാംബശിവന്റെ ട്രൂപ്പിലെയും തബല വാദകനായിരുന്നു ഗാനരചയിതാവ് കൂടിയായ അബ്ദുൽ സലാം എന്ന കെ.എ. സലാം. ഇദ്ദേഹം പിന്നീട് റംലാ ബീഗത്തിന്റെ ജീവിത പങ്കാളിയായി. പാട്ടുകാരിയിൽ നിന്ന് കഥാപ്രസംഗകയിലേക്കുള്ള വളർച്ചക്ക് പിന്നിൽ ഭാവനാശാലിയായ സലാമിന്റെ പങ്ക് മറക്കാനാവില്ല. 32 വർഷം മുമ്പ് മരിച്ചുപോയ പ്രിയതമനെക്കുറിച്ച് സംസാരിക്കേ, റംലാ ബീഗം മിഴി തുടച്ചു.
എം.എ. റസാഖെഴുതിയ ജമീല എന്ന കഥയാണ് ആദ്യമായി കഥാപ്രസംഗമായി അവതരിപ്പിച്ചത്. മുസ്‌ലിം കാഥികയുടെ ഈ രംഗപ്രവേശം സ്വീകാര്യതയോടൊപ്പം എതിർപ്പുകളെയും ക്ഷണിച്ചു വരുത്തി. തുടർന്ന് മോയിൻകുട്ടി വൈദ്യരുടെ ബദറുൽ മുനീർ-ഹുസ്‌നുൽ ജമാൽ അവതരിപ്പിച്ചു. കോഴിക്കോട് പരപ്പിൽ സ്‌കൂളിലായിരുന്നു അരങ്ങേറ്റം. മലബാറിലെ ആദ്യ പ്രോഗ്രാം. സ്ത്രീകൾ ആദ്യം വരാൻ മടിച്ചുവെങ്കിലും മനോഹരമായ പ്രണയ കാവ്യം സ്വതഃസിദ്ധമായ ശൈലിയിൽ ആലപ്പുഴ റംലാ ബീഗം അവതരിപ്പിക്കുന്നത് കാൺകെ, വൻ ജനക്കൂട്ടം. തുടർന്ന് നിരവധി വേദികൾ കിട്ടി. 
*** *** ***
എഴുപത്തിമൂന്നാം വയസ്സിലും മാസ്മരികമായ ആ ശബ്ദത്തിന് ഇടർച്ചയൊന്നും സംഭവിച്ചിട്ടില്ല. സിംഗപ്പൂർ, മലേഷ്യ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലെല്ലാം ഇതിനകം നൂറുകണക്കിന് പ്രോഗ്രാമുകൾ അവതരിപ്പിച്ചു. 
ഇസ്‌ലാമിക ചരിത്ര കഥകളും ബദറുൽ മുനീർ- ഹുസ്‌നുൽ ജമാൽ, ലൈലാ-മജ്‌നു പ്രണയ കഥകളും മാത്രമല്ല, കാളിദാസന്റെ ശാകുന്തളവും കുമാരനാശാന്റെ നളിനിയും കേശവദേവിന്റെ ഓടയിൽ നിന്നുമൊക്കെ റംലാ ബീഗം കഥാപ്രസംഗമാക്കി. മലേഷ്യാ മലയാളി എന്ന പ്രസിദ്ധീകരണത്തിന്റെ ബാനറിൽ മലേഷ്യയിലെ വിവിധ നഗരങ്ങളിലും പിന്നീട് സിംഗപ്പുരിലും ശാകുന്തളം കഥ അവതരിപ്പിച്ച്  കൈയടി നേടി. ഏറെ ആവേശത്തോടെയാണ് അവിടെയുള്ള പ്രവാസികൾ പരിപാടിയെ വരവേറ്റതെന്ന് റംലാ ബീഗം ഓർക്കുന്നു. 
കർബലാ യുദ്ധസ്മരണകൾ പാട്ടിന്റെയും കഥയുടെയും അകമ്പടിയോടെ അവതരിപ്പിക്കുമ്പോൾ യഥാർഥത്തിൽ ഒരു യുദ്ധ പ്രതീതി സൃഷ്ടിക്കാൻ അനുഗൃഹീതയായ ഈ കാഥികക്ക് സാധിക്കുന്നു. ചരിത്രത്തിന്റെ ചോര പുരണ്ട അധ്യായങ്ങളെയാണ് ആയിരക്കണക്കിന് വേദികളിൽ അനാവരണം ചെയ്തത്. കർബലയുടെ കഥകൾ അയവിറക്കവേ, റംലാ ബീഗം പറഞ്ഞു:
ആദ്യമായി ഒരു മുസ്‌ലിം വനിത പൊതുവേദിയിൽ കഥാപ്രസംഗം അവതരിപ്പിച്ചതിനെതിരെ യാഥാസ്ഥിതികർ ശബ്ദമുയർത്തിയ കാലമായിരുന്നു അത്. കണ്ണൂരിലൊരു പ്രോഗ്രാമിന് പോയപ്പോൾ ഒരു വിഭാഗമാളുകൾ ഞങ്ങളെ തടഞ്ഞു.
ആലപ്പുഴക്കാരിയെ ഈ നാട്ടിൽ ആടാൻ വിടില്ല എന്ന് ആക്രോശിച്ചുകൊണ്ടാണ് അവർ ഞങ്ങളുടെ നേരെയടുത്തത്. കർബലയിലെ രക്തക്കളമല്ല, റംലാ ബീഗത്തിന്റെ രക്തക്കളമായിരിക്കും ഇവിടെയെന്നായിരുന്നു അവരുടെ ഭീഷണി. എക്കാലത്തും തന്റെ രക്ഷകനായി നിലയുറപ്പിക്കുന്ന ഭർത്താവ് എതിർപ്പുമായി വന്നവരോട് പറഞ്ഞു: വീട്ടിലെ കഞ്ഞിക്കലത്തിൽ വെള്ളം തിളപ്പിക്കാൻ വെച്ചിട്ടാണ് ഞങ്ങളിങ്ങോട്ട് പുറപ്പെട്ടത്. അവിടെ മടങ്ങിയെത്തുകയാണെങ്കിൽ അതുകൊണ്ട് ചോറ് വെച്ച് കഴിക്കും. ഇല്ലെങ്കിൽ ആ വെള്ളം കൊണ്ട് ഞങ്ങളുടെ മയ്യിത്ത് നാട്ടുകാർ കുളിപ്പിക്കും...
ധീരത കലർന്ന ആ വാക്കുകളും നിലപാടുമാണ് എന്നും തന്റെ ശക്തിയെന്ന് റംലാ ബീഗം പറയുന്നു. എന്തായാലും അന്ന് കണ്ണൂരിൽ കഥ പറഞ്ഞു. പോലീസ് സംരക്ഷണമുണ്ടായിരുന്നു. കർബലയിൽ രക്തസാക്ഷികളായ പ്രവാചക പരമ്പരയിലെ കണ്ണികളുടെ വീരകഥ കേൾക്കാൻ നിരവധിയാളുകൾ തടിച്ചുകൂടി. പിന്നെപ്പിന്നെ എതിർപ്പുകാരും അടുത്ത് കൂടി. അവർക്കും കഥ ബോധിച്ചു. ഒരു പെണ്ണ് കഥാപ്രസംഗം നടത്തുന്നുവെന്ന് പറഞ്ഞ് ആളുകളെ ഇളക്കിവിട്ട പലരും ഞങ്ങളെ അഭിനന്ദിക്കാനെത്തി...അതുപോലെ മറ്റൊരനുഭവവുമുണ്ടായതായി റംലാ ബീഗം ഓർക്കുന്നു. കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിൽ ഒരു റോഡ് നിർമാണവുമായി ബന്ധപ്പെട്ട ഫണ്ട് ശേഖരണത്തിന് എന്റെ കഥാപ്രസംഗം ബുക്ക് ചെയ്തു. നോട്ടീസ് കണ്ടപ്പോഴേ ചിലർ ഭീഷണിയുമായി എത്തി. പരിപാടി അവതരിപ്പിച്ചാൽ കൊടുവള്ളിയിൽ ചോരപ്പുഴയൊഴുകുമെന്നായിരുന്നു താക്കീത്. 
- ഇസ്‌ലാമിനെ താറടിക്കാനോ, കൊടുവള്ളി റോഡിന് ടാർ ഇടാനോ എന്നായിരുന്നു നോട്ടീസ്!
- പക്ഷേ ഞങ്ങൾ പിന്മാറിയില്ല. ജീവിതം തന്നെയായിരുന്നു ഞങ്ങൾക്ക് കഥ പറച്ചിൽ. അത് പറഞ്ഞാണ് പരിപാടി തുടങ്ങിയത്. കഥ നല്ലതല്ലെങ്കിൽ നിർത്താമെന്നും പറഞ്ഞു. പക്ഷേ കഥ പറയലും പാട്ടുപാടലും പുരോഗമിക്കവേ ജനങ്ങൾ ഇരമ്പിയെത്തുകയും എല്ലാവരും ആസ്വദിച്ച് വലിയ കരഘോഷം മുഴക്കുകയും ചെയ്തു. എതിർപ്പിന് പകരം സദസ്യരാകെ ആവേശഭരിതരായി. എതിർപ്പുകൾ കുറഞ്ഞു. മലബാറിലെ നിരവധി വേദികളിൽ റംലാ ബീഗം ഒരു തരംഗമായി മാറി. 
*** *** ***
- ഇപ്പോൾ കഥാപ്രസംഗം കേൾക്കാൻ ആളില്ലാതായി. മൂന്ന് മണിക്കൂറൊന്നും കഥ കേട്ടിരിക്കാൻ ജനങ്ങൾക്ക് ക്ഷമയില്ല. അതുകൊണ്ട് ക്ഷണിക്കപ്പെട്ട വേദികളിൽ മാത്രം പാടാൻ പോകുന്നു. ചില സ്ഥലങ്ങളിൽ പാട്ടിനിടെ, പഴയ ആളുകൾ കഥാപ്രസംഗം അവതരിപ്പിക്കാൻ ആവശ്യപ്പെടാറുണ്ട്. അന്നേരം അവർക്ക് വേണ്ടി ഒരു മണിക്കൂർ കഥ പറയും. വ്യത്യസ്ത പ്രമേയങ്ങളിൽ മുപ്പതോളം കഥകൾ റംലാ ബീഗം ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി, ഫോക് ലോർ അക്കാദമി, മാപ്പിള കലാ അക്കാദമി, കെ.എം.സി.സി എന്നിവയുടെ അവാർഡുകൾക്ക് പുറമെ ഗൾഫിൽ നിന്ന് വേറെയും നിരവധി പുരസ്‌കാരങ്ങൾ റംലാ ബീഗത്തെ തേടിയെത്തി. സീനിയർ ആർട്ടിസ്റ്റ് എന്ന നിലയിൽ കേരള സർക്കാറിന്റെ നാമമാത്ര പെൻഷൻ മാത്രമേ കിട്ടുന്നുള്ളൂ. ഇ.എം.എസ്, സി.എച്ച്. മുഹമ്മദ് കോയ എന്നിവരൊക്കെ തന്റെ കഥാപ്രസംഗം കേട്ട് നേരിൽ അഭിനന്ദിച്ച കാര്യം അഭിമാനത്തോടെയാണ് റംലാ ബീഗം ഓർത്തത്. സി.എച്ചിന്റെ മകൻ എം.കെ. മുനീറിന്റെ പ്രത്യേക താൽപര്യത്തിൽ കലാസ്‌നേഹികളുടെ സഹായത്തോടെ കോഴിക്കോട് വെള്ളിമാടുകുന്നിൽ അനുവദിച്ചു കിട്ടിയ വസതിയിലാണ് റംലാ ബീഗം ഇപ്പോൾ താമസിക്കുന്നത്.  പതിനൊന്ന് വർഷം മുമ്പ് റംലാ ബീഗം ജിദ്ദയിൽ വന്നിരുന്നു. പ്രമുഖ സംഘാടകനും കവിയും ഗാനരചയിതാവും നടനുമായ മുസ്തഫ തോളൂരിന്റെ നേതൃത്വത്തിലായിരുന്നു അന്ന് വന്നതും ഗാനങ്ങളാലപിച്ചതും. ജിദ്ദ സെഞ്ചുറി ഫൈനാർട്‌സിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത കലാ സംഘാടകരും ഗായകരുമായ മുസ്തഫ മലയിൽ, നൂഹ് ബീമാപള്ളി എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ന് രാത്രി ജിദ്ദ റഹേലി അൽഗദീർ ഓഡിറ്റോറിയത്തിൽ റംലാ ബീഗത്തെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചിട്ടുള്ളത്. റംലാ ബീഗത്തോടൊപ്പം അവരുടെ പഴയകാല കൂട്ടുകാരിയും ആകാശവാണി മുൻ ആർട്ടിസ്റ്റുമായ ബീഗം ഖദീജയും ജിദ്ദയിലെ ഗായകരും ഗാനസന്ധ്യയിൽ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് 0530282396, 0545920674 നമ്പറുകളിൽ ബന്ധപ്പെടാം.

ചിത്രം: അജീബ് കൊമാച്ചി
 

Latest News