പ്രതിപക്ഷം ബഹിഷ്‌കരിച്ച ലോക കേരള സഭയ്ക്ക് അഭിനന്ദനം അറിയിച്ച് രാഹുല്‍ഗാന്ധി;പ്രശംസ പുറത്തുവിട്ട് മുഖ്യമന്ത്രിയുടെ ട്വീറ്റ്


ലോകകേരള സഭയ്ക്ക് അഭിനന്ദനം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. മുഖ്യമന്ത്രിക്കാണ് രാഹുല്‍ഗാന്ധി കത്തയച്ച് അഭിനന്ദനവും പ്രശംസയും അറിയിച്ചത്. ലോക കേരളസഭ പ്രവാസികളുടെ ഏറ്റവും വലിയ വേദിയായെന്നും അദേഹം അഭിപ്രായപ്പെട്ടു.ട്വിറ്ററിലും രാഹുല്‍ കത്ത് പങ്കുവെച്ച്. അദേഹത്തിന്റെ കത്തിന് നന്ദി അറിയിച്ച് മുഖ്യമന്ത്രിയും കമന്റ് ചെയ്തു.രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിന്റെ ലോകകേരള സഭയെ ബഹിഷ്‌കരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ രാഹുലിന്റെ പ്രശംസാ കത്ത് മുഖ്യമന്ത്രി ട്വിറ്ററിലൂടെ പങ്കുവെച്ചത് ഇവര്‍ക്ക് തിരിച്ചടിയായി.ലോക കേരള സഭ ആഡംബരമായി മാറിയെന്നും ധൂര്‍ത്തിന്റെ പര്യായമാണെന്നും വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു.

ലോക കേരള സഭ പ്രവാസികള്‍ക്ക് ഒരു പ്രയോജനവും നല്‍കുന്നില്ല. പ്രവാസികളെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് സര്‍ക്കാര്‍ . ലോക കേരള സഭ കാപട്യമായി മാറിയെന്നും അദേഹം വിമര്‍ശിച്ചിരുന്നു. അതേസമയം ലോക കേരളസഭയുടെ രണ്ടാം സമ്മേളനം തിരുവനന്തപുരത്താണ് ആരംഭിച്ചത്. പ്രവാസികളുടെ ആശയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദിയാണ് ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. സമ്മേളനത്തിലെ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ ഒരളവ് വരെ മുന്നേറാന്‍ സാധിച്ചിട്ടുണ്ടെന്നും സഭ വരും വര്‍ഷങ്ങളില്‍ തുടരാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക കേരള സഭ സമ്മേളനം വെള്ളിയാഴ്ചയാണ് സമാപിക്കുക.
 

Latest News