റിപ്പബ്ലിക് പരേഡില്‍ പശ്ചിമബംഗാളിന്റെ 'ടാബ്ലോ പ്രൊപ്പോസല്‍'നിരസിച്ചു; കേന്ദ്രത്തിന്റേത് പ്രതികാര നടപടിയോ?

പൗരത്വഭേദഗതിക്ക് എതിരെ  കടുത്ത വിമര്‍ശനമുന്നയിക്കുന്ന പശ്ചിമബംഗാള്‍ സര്‍ക്കാരിനെതിരെ കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര നടപടി. വരാനിരിക്കുന്ന റിപ്പബ്ലിക് ദിനത്തില്‍ പരേഡിനായി നല്‍കിയ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ നിരസിച്ചിരിക്കുകയാണ് കേന്ദ്രപ്രതിരോധമന്ത്രാലയം. പരിപാടികളുടെ ഭാഗമായി പശ്ചിമബംഗാള്‍ സമര്‍പ്പിച്ച ടാബ്ലോ പ്രൊപ്പോസല്‍ രണ്ട് യോഗങ്ങളില്‍ ചര്‍ച്ചചെയ്തതായും എന്നാല്‍ രണ്ടാമത്തെ യോഗത്തില്‍ പരിഗണിച്ചവയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നുമാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. പരേഡില്‍ പങ്കെടുക്കാനായി 16 സംസ്ഥാനങ്ങളുടെയും ,കേന്ദ്രഭരണ പ്രദേശങ്ങളുടെയും ആറ് മന്ത്രാലയങ്ങള്‍,വിവിധ വകുപ്പുകളുടെയും 22 പ്രൊപ്പോസലുകളാണ് മന്ത്രാലയം ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 32 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും 24 മന്ത്രാലയങ്ങളും വകുപ്പുകളില്‍ നിന്നുമായി 56 പ്രൊപ്പോസലുകളാണ് നിലവില്‍ ലഭിച്ചിരുന്നത്.

ഇതില്‍ ഒഴിവാക്കിയവയുടെ കൂട്ടത്തില്‍ പശ്ചിമബംഗാളിലന്റെ പ്രൊപ്പോസലും ഉണ്ടെന്നാണ് വിവരം.തീം,രൂപകല്‍പ്പന,ആശയങ്ങള്‍,വിഷ്വല്‍ ഇംപാക്ട് എന്നിവയുടെ അടിസ്ഥാനത്തിലും പരേഡിന്റെ ചുരുങ്ങിയ സമയവുമൊക്കെ പരിഗണിച്ചാണ് വിദഗ്ധസമിതി പ്രൊപ്പോസലുകള്‍ പരിശോധിക്കുക.2019ല്‍ ഈ ഷോര്‍ട്ട്‌ലിസ്റ്റില്‍ പശ്ചിമബംഗാള്‍ ഇടംനേടിയിരുന്നു. എന്നാല്‍ ഇത്തവണ പ്രതിരോധമന്ത്രാലയത്തില്‍ നിന്ന്  ബംഗാളിന് അനുമതിയുണ്ടായേക്കില്ലെന്നാണ് കരുതുന്നത്. അതേസമയം ഇതുവരെ ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ബംഗാളിലെ വികസനപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജലസംരക്ഷണം അടക്കമുള്ളവ ഉള്‍പ്പെടുത്തി നിരവധി പ്രൊപ്പോസലുകള്‍ തയ്യാറാക്കി നല്‍കിയിരുന്നുവെന്നും സര്‍ക്കാര്‍ വക്താക്കള്‍ അറിയിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പൗരത്വഭേദഗതിയെ ചൊല്ലി കേന്ദ്രസര്‍ക്കാരുമായി നേരിട്ട് ഏറ്റുമുട്ടുന്ന തരത്തിലേക്കായിരുന്നു കാര്യങ്ങള്‍ പോയത്. യുപിയില്‍ കൊല്ലപ്പെട്ട പ്രക്ഷോഭകര്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചും സംസ്ഥാനത്ത് എന്‍ആര്‍സിയും പൗരത്വഭേദഗതി നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചിരുന്നു. ഇതേതുടര്‍ന്നുള്ള കേന്ദ്രത്തിന്റെ അതൃപ്തിയാണ് റിപ്പബ്ലിക് പരേഡിലെ ടാബ്ലോയില്‍ നിന്ന് ബംഗാളിനെ ഒഴിവാക്കാനുള്ള നീക്കങ്ങളെന്നും വിലയിരുത്തലുകളുണ്ട്.
 

Latest News