അയോധ്യയില്‍ പള്ളി പണിയാന്‍ യുപി സര്‍ക്കാര്‍ അഞ്ചിടങ്ങള്‍ കണ്ടെത്തി; എല്ലാം 'പുണ്യ' സ്ഥലത്തിനു പുറത്ത്

ലഖ്‌നൗ- ഹിന്ദുത്വ തീവ്രവാദികള്‍ തകര്‍ത്ത അയോധ്യയിലെ ബാബരി മസ്ജിദിന് പകരം പള്ളി നിര്‍മിക്കാനായി സുപ്രീം കോടതി ഉത്തരവു പ്രകാരം യു പി സര്‍ക്കാര്‍ അഞ്ച് സ്ഥലങ്ങള്‍ കണ്ടെത്തി. ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് രാമ ക്ഷേത്രം നിര്‍മിക്കുന്നതിന് പകരമായാണ് പള്ളിക്ക് മറ്റൊരിടത്ത് അഞ്ചേക്കര്‍ സ്ഥലം നല്‍കാന്‍ സുപ്രീം കോടതി വിധിച്ചിരുന്നത്. മിര്‍സാപൂര്‍, ശംസുദ്ദീന്‍പൂര്‍, ചാന്ദ്പൂര്‍ എന്നിവിടങ്ങളിലാണ് പുതിയ സ്ഥലം കണ്ടെത്തിയിട്ടുള്ളത്. പഞ്ചകോശി പരികര്‍മ നടക്കുന്ന പുണ്യസ്ഥലമായി പരിഗണിക്കപ്പെടുന്ന അയോധ്യയിലെ തര്‍ക്കഭൂമിയില്‍ നിന്നും 15 കിലോമീറ്റര്‍ ദൂരത്തിനു പുറത്താണ് ഈ ഇടങ്ങള്‍. 

പള്ളിക്കു നല്‍കുന്ന സ്ഥലം പരികര്‍മ നടക്കുന്ന സ്ഥലത്തിനു പുറത്തു മതി എന്ന് സന്യാസിമാരും ഹിന്ദു മത നേതാക്കളും ആവശ്യപ്പെട്ടിരുന്നു. യമുനാ നദിയില്‍ മുങ്ങി നഗരത്തെ പ്രദക്ഷിണം വയ്ക്കുന്ന രണ്ടു ദിവസത്തെ ചടങ്ങാണ് പഞ്ചകോശി പരികര്‍മ. ഈ പരിധിക്കുള്ളില്‍ പള്ളി നിര്‍മിക്കരുതെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരുന്നത്. ഈ ആവശ്യം പരിഗണിച്ചാണ് ഇപ്പോല്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഭൂമി കണ്ടെത്തിയിട്ടുള്ളത്. ക്ഷേത്ര നിര്‍മാണത്തിനായുള്ള ട്രസ്റ്റ് രൂപീകരിച്ച ശേഷം ഈ ഭൂമി സര്‍ക്കാര്‍ സുന്നി വഖഫ് ബോര്‍ഡിനു നല്‍കും. ഇതു സ്വീകരിക്കപ്പെടുമോ എന്ന് ഇപ്പോള്‍ വ്യക്തമല്ല.
 

Latest News