ദമാമിൽ കൊല്ലപ്പെട്ട തീവ്രവാദികൾ കാർ ബോംബ്  സ്‌ഫോടനം പദ്ധതിയിട്ടവർ -രാജ്യരക്ഷാ വിഭാഗം

ദമാമിൽ കൊല്ലപ്പെട്ട തീവ്രവാദികൾ.

റിയാദ്- ദമാമിൽ സുരക്ഷാ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച രണ്ടു പേർ കാർ ബോംബ് സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടവരായിരുന്നുവെന്ന് രാജ്യരക്ഷാ വിഭാഗം വക്താവ് മേജർ ജനറൽ ബസ്സാം അതിയ്യ അറിയിച്ചു. സ്വദേശികളായ അഹ്മദ് അബ്ദുല്ല സഈദ് സുവൈദ്, അബ്ദുല്ല സഈദ് ആൽനമിർ എന്നിവരാണ് കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ സുരക്ഷാ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ മരിച്ചത്. മൂന്നാമതൊരാൾ സേനയുടെ പിടിയിലാവുകയും ചെയ്തു.


ദമാമിലെ കിംഗ് സൗദ് റോഡിൽ ഫോർഡ് കാറിൽ രണ്ടു തീവ്രവാദികളുണ്ടെന്ന വിവരത്തെ തുടർന്നാണ് സുരക്ഷാ സേന ഇവരെ പിടികൂടാൻ ശ്രമിച്ചത്. കീഴടങ്ങാൻ ആവശ്യപ്പെട്ടപ്പോൾ ഇവർ സേനക്ക് നേരെ വെടിയുതിർത്ത് തൊട്ടടുത്ത കെട്ടിടത്തിലേക്ക് മറഞ്ഞു. തുടർന്ന് നടന്ന തെരച്ചിലിനിടയിലുണ്ടായ വെടിവെപ്പിലാണ് ഇവർ മരിച്ചത്. 
ഇതേസമയം, പിടിയിലായ മൂന്നാമന്റെ കാറിൽ നിന്ന് അഞ്ചു കിലോ ആർ.ഡി.എക്‌സും രണ്ട് തോക്കുകളും ഏതാനും തിരകളും പിടികൂടി. ഇയാളുടെ പേര് വിവരം പുറത്തു വിട്ടിട്ടില്ല. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കാൻ ലക്ഷ്യമിട്ട തീവ്രവാദികളുടെ നീക്കം പരാജയപ്പെടുത്തിയതായും ഇതിന് പിന്നിൽ ഒരു രാജ്യം പ്രവർത്തിച്ചതിന് തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Latest News