Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പൗരത്വ പ്രക്ഷോഭം വിപണികളെ  ബാധിച്ചത് കുരുമുളകിന് തിരിച്ചടിയായി

പൗരത്വ പ്രശ്‌നം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പല വിപണികളെയും ബാധിച്ചത് കുരുമുളകിന് തിരിച്ചടിയായി. അന്തർസംസ്ഥാന വ്യാപാരികൾ കുരുമുളക് സംഭരണം കുറച്ചത് വിലയെ ബാധിച്ചു. 
പൗരത്വ പ്രശ്‌നത്തിൽ ഉത്തരേന്ത്യയിൽ ഉടലെടുത്ത സംഘർഷാവസ്ഥ വൻകിട മാർക്കറ്റുകളിലെ വിൽപന കുറച്ചു. ഇത് മൂലം പല സ്റ്റോക്കിസ്റ്റുകളും സംഭരണത്തിൽ കുറവ് വരുത്തി. ഉൽപാദന മേഖലകളിൽ വിൽപന സമ്മർദമില്ലെങ്കിലും വാങ്ങൽ താൽപര്യം കുറവാണ്. കൊച്ചിയിൽ അൺഗാർബിൾഡ് 33,100 രൂപ. രാജ്യാന്തര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 5000 ഡോളറാണ്. വിദേശ ബയ്യർമാർ ന്യൂ ഇയർ ആഘോഷങ്ങൾക്ക് ശേഷമേ രംഗത്ത് തിരിച്ചുവരൂ. 


 ഏലം സീസൺ അവസാന ഘട്ടത്തിലാണ്. ഒട്ടുമിക്ക തോട്ടങ്ങളിലും വിളവെടുപ്പ് പരമാവധി ജനുവരി മധ്യം വരെ മാത്രം തുടരാനാവുമെന്ന അവസ്ഥയിലാണ്. മഴയുടെ അഭാവം മൂലം പല തോട്ടങ്ങളിലും ജലസേചന സൗകര്യം ഒരുക്കിയാണ് ഉൽപാദകൾ പ്രതിസന്ധി മറികടക്കുന്നത്. ഇക്കുറി സീസൺ വൈകി ആരംഭിച്ചതിനാൽ കാർഷിക മേഖലയിൽ കരുതൽ ശേഖരമില്ല. നടപ്പ് സീസണിലെ ഏലക്കയിൽ വലിയൊരു പങ്ക് ഉൽപാദകർ ലേലത്തിന് ഇറക്കി. ഇതിനിടയിൽ ഗ്വാട്ടിമാലയിൽ ഏലം സീസൺ വൈകിയത് രാജ്യാന്തര മാർക്കറ്റിൽ ഇന്ത്യൻ ഏലത്തിന് ഡിമാന്റ് ഉയർത്തി. ആഗോള വിപണിയിലെ സ്ഥിഗതികൾ കണക്കിലെടുത്താൽ കൂടുതൽ വിദേശ ബയ്യർമാർ രംഗത്ത് എത്താം. അറബ് രാജ്യങ്ങൾ ലേല കേന്ദ്രങ്ങളിൽ സജീവമാണ്. വിദേശ ഡിമാന്റിൽ മുൻവാരം നിരക്ക് 3590 ൽ നിന്ന് 5500 വരെ ഉയർന്നു. പല ദിവസങ്ങളിലും ലേലത്തിലും എത്തിയ ചരക്കിൽ വലിയൊരു പങ്ക് വിറ്റഴിഞ്ഞു. അവധി വ്യാപാരത്തിൽ ഏലക്ക വില 3260 രൂപയിൽ നിന്ന് 3555 രൂപയായി. 


ഏഷ്യയിലെ റബർ അവധി വ്യാപാര കേന്ദ്രങ്ങളിൽ നിക്ഷേപകർ ലാഭമെടുപ്പിന് ഉത്സാഹിച്ചു. തായ് മാർക്കറ്റായ ബാങ്കോക്കിൽ റബർ വില 11,456 നിന്ന് 11,296 ലേക്ക് താഴ്ന്നു. റെഡി വിപണിയിൽ വിൽപന സമ്മർദമില്ലെങ്കിലും വർഷാന്ത്യമായതിനാൽ അവധിയിൽ ലാഭമെടുപ്പ് തുടരുന്നു. ടയർ നിർമാതാക്കൾ കൊച്ചി, കോട്ടയം വിപണികളിലുണ്ടെങ്കിലും ആർ.എസ്.എസ് നാലാം ഗ്രേഡ് 13,100 ലും അഞ്ചാം ഗ്രേഡ് 12,700 ലും നിലകൊണ്ടു. 


വെളിച്ചെണ്ണ വില കുറഞ്ഞു. ക്രിസ്മസ് വേളയിൽ ലാഭം കൊയ്യാൻ തമിഴ്‌നാട് ലോബി വെളിച്ചെണ്ണ വില ഉയർത്തിയെങ്കിലും പ്രദേശിക ഡിമാന്റ് മങ്ങിയത് തിരിച്ചടിയായി. വാരാവസാനം അയൽ സംസ്ഥാനങ്ങളിലെ മില്ലുകാർ സ്‌റ്റോക്ക് വിറ്റുമാറാൻ ശ്രമിച്ചതോടെ നിരക്ക് 15,000 ൽ നിന്ന് 14,800 രൂപയായി. കൊപ്രക്ക് 130 രൂപ കുറഞ്ഞ് 9940 രൂപയായി. ഈ വാരം എണ്ണക്ക് മാസാരംഭ ഡിമാന്റ് ഉയരുമെന്ന നിഗമനത്തിലാണ് ഒരു വിഭാഗം മില്ലുകാർ. 


കേരളത്തിൽ സ്വർണ വില പവന് 640 രൂപ ഉയർന്നു. 28,360 രൂപയിൽ വിൽപനക്ക് തുടക്കം കുറിച്ച പവൻ ശനിയാഴ്ച 29,000 രൂപയായി. സെപ്റ്റംബറിൽ രേഖപ്പെടുത്തിയ 29,120 രൂപയാണ് സർവകാല റെക്കോർഡ് വില. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 30  ഡോളർ വർധിച്ച് 1510 ഡോളറായി. 

 

 

Latest News