ദുബായ്- ദുബായ് ത്രിവത്സര ബജറ്റ് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു. 19,600 കോടി ദിര്‍ഹത്തിന്റെ ബജറ്റില്‍ 2020 മുതല്‍ 2022 വരെയുള്ള കര്‍മപരിപാടികള്‍ക്കാണ് തുക വകയിരുത്തിയത്. ഇതാദ്യമായാണ് ഇത്രയും വലിയ ബജറ്റ്.
2020 എക്‌സ്‌പോ നടക്കുന്ന ആദ്യവര്‍ഷത്തില്‍ 6,640 കോടി ദിര്‍ഹത്തിന്റെ പദ്ധതികള്‍ നടപ്പാക്കുമെന്നു ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു.
ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം, കുടുംബക്ഷേമം തുടങ്ങിയ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കും. ലോകത്ത് ഏറ്റവും മികച്ച ജീവിതസൗകര്യങ്ങളുള്ള നഗരമാക്കി ദുബായിയെ മാറ്റും.
ദുബായില്‍ കൂടുതല്‍ നിക്ഷേപാവസരങ്ങള്‍ ഒരുക്കുകയും മികവിന്റെ രാജ്യാന്തര ആസ്ഥാനമാക്കുകയും ചെയ്യും. ശാസ്ത്ര പഠനത്തിനും ഗവേഷണത്തിനും കൂടുതല്‍ സംവിധാനമൊരുക്കും. വിദ്യാഭ്യാസ മേഖലയില്‍ വന്‍ കുതിച്ചുകയറ്റവും ലക്ഷ്യമാണ്.






