സീറ്റ് ബെല്‍റ്റുകളില്‍ ടാഗ് നമ്പറില്ല; ദല്‍ഹിയിലേക്കു പറക്കാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തെ യുഎസില്‍ തടഞ്ഞു

ന്യൂദല്‍ഹി- യുഎസിലെ ഷിക്കാഗോയില്‍ നിന്നും ദല്‍ഹിയിലേക്ക് പറന്നുയരാന്‍ തയാറെടുക്കുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തെ സീറ്റ് ബെല്‍റ്റുകളില്‍ ടാഗ് നമ്പറില്ലാത്തിന്റെ പേരില്‍ അമേരിക്കന്‍ വ്യോമ സുരക്ഷാ ഏജന്‍സി തടഞ്ഞു. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ബോയിങ് 777 വിമാനത്തില്‍ 56 സീറ്റ് ബെല്‍റ്റുകളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ സൂചിപ്പിക്കുന്ന ടെക്‌നിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് നമ്പര്‍ ഇല്ലെന്ന് കണ്ടെത്തിയത്. ഇത് ഗുരുതരമായ സുരക്ഷാ വീഴ്ച അല്ലെങ്കിലും നിറയെ യാത്രക്കാരുണ്ടായിരുന്ന വിമാനത്തെ പറന്നുയരാന്‍ അമേരിക്കന്‍ അധികൃതര്‍ അനുവദിച്ചില്ല.

തൊട്ടടുത്ത ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന എയര്‍ ഇന്ത്യയുടെ മറ്റൊരു ബോയിങ് 777 വിമാനത്തില്‍ നിന്നും ടാഗോടു കൂടിയ സീറ്റു ബെല്‍റ്റുകള്‍ അഴിച്ചെടുത്ത് വിമാന മാര്‍ഗം ഷിക്കാഗോയിലെത്തിച്ച് സീറ്റുകളില്‍ ഘടിപ്പിച്ച ശേഷമാണ് 342 യാത്രക്കാരുണ്ടായിരുന്ന വിമാനത്തെ പറക്കാന്‍ അനുവദിച്ചത്. ഇതുമൂലം എട്ടു മണിക്കൂറാണ് യാത്ര വൈകിയത്. 

44 പാസഞ്ചര്‍ സീറ്റുകളിലും 12 വിമാനജീവനക്കാരുടെ സീറ്റുകളിലുമാണ് ടാഗ് ഇല്ലാതിരുന്നത്. ഇതു ചൂണ്ടിക്കാട്ടി വിമാനത്തെ സര്‍വീസില്‍ നിന്ന് വിലക്കുകയായിരുന്നു. നിസ്സാര കാരണം കൊണ്ട് യാത്ര വൈകിയതില്‍ എയര്‍ ഇന്ത്യ അതൃപ്തി പ്രകടിപ്പിച്ചു. 'സീറ്റു ബെല്‍റ്റുകള്‍ നന്നായി പ്രവര്‍ത്തിക്കുന്നവ തന്നെയായിരുന്നു. എന്നാല്‍ ഉപയോഗം മൂലം ചില സീറ്റു ബെല്‍റ്റുകളിലെ ടാഗ് മാഞ്ഞു പോയിരുന്നു. അപ്രസ്‌കതവും അപ്രായോഗികവുമായ നിയന്ത്രണമാണ് എയര്‍ ഇന്ത്യയ്ക്കുമേല്‍ അമേരിക്കന്‍ സുരക്ഷാ ഏജന്‍സി പ്രയോഗിച്ചത്,' എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു. ഇനി ഇത്തരം സംഭവങ്ങള്‍ ഇല്ലാതിരിക്കാന്‍ നടപടികളെടുക്കുമെന്നും പുതിയ സീറ്റു ബെല്‍റ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞെന്നും കമ്പനി അറിയിച്ചു.  

Latest News